ഐപിഎല്ലില്‍ ഇന്നലെ നടന്ന മത്സരത്തിൽ മുംബൈ ഇന്ത്യൻസിനെ തകർത്ത് രാജസ്ഥാൻ റോയൽസ്. 27 റൺസിന്റെ മിന്നും ജയമാണ് രാജസ്ഥാൻ നേടിയത്. തുടർച്ചയായ മൂന്നാം ജയത്തോടെ രാജസ്ഥാൻ ഇതോടെ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തുകയും ചെയ്തു.
മഴ മൂലം 11 ഓവറാക്കി ചുരുക്കിയ മത്സരത്തിൽ 150 റൺസാണ് രാജസ്‌ഥാൻ അടിച്ചെടുത്തത്. 14 പന്തിൽ അഞ്ച് സിക്‌സറും ഒരു ഫോറുകളും അടക്കം 278 സ്ട്രൈക്ക് റേറ്റിൽ 39 റൺസ് നേടി വൈഭവ് കളം നിറഞ്ഞു. തോൽവിക്ക് പിന്നാലെ എതിർടീം ബാറ്ററായ വൈഭവ് സൂര്യവൻഷിയെ വാനോളം പുകഴ്ത്തി സംസാരിച്ചിരിക്കുകയാണ് മുംബൈ പരിശീലകൻ മഹേല ജയവർധനെ.
‘സൂര്യവൻഷി മികച്ച പ്രതിഭയാണ്. അത് കഴിഞ്ഞ സീസണിലെ അവന്റെ പ്രകടനത്തിലൂടെ തന്നെ ഞങ്ങൾക്കറിയാമായിരുന്നു. അന്ന് ഞങ്ങൾക്ക് അവനെ നിയന്ത്രിക്കാനും കഴിഞ്ഞിരുന്നു. എന്നാൽ ഇത്തവണ അവൻ കൂടുതൽ കറുത്തനായാണ് തിരിച്ചുവന്നിരിക്കുന്നത്. ബുംറയുടെ പന്തിൽ ലെങ്ത് അല്പം മാറിയപ്പോൾ തന്നെ അവൻ അതിനായി തയ്യാറെടുത്തിരുന്നു. ഞങ്ങളുടെ ബൗളർമാരെ അവൻ ശരിക്കും കൈകാര്യം ചെയ്തു.
‘വരും കാലങ്ങളിൽ സൂര്യവൻഷിയുടെ വളർച്ച കാണുന്നത് വലിയൊരു അനുഭവം തന്നെയായിരിക്കും’, മഹേല മത്സരശേഷമുള്ള പത്രസമ്മേളനത്തിൽ വാചാലനായി. വൈഭവിനൊപ്പം യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിംഗും ആർആറിന് മത്സരത്തിൽ നിർണ്ണായകമായി, ആദ്യ മൂന്ന് ഓവറിൽ തന്നെ ജയ്‌സ്വാൾ കളി രാജസ്ഥാന്റെ പക്ഷത്തേക്ക് തിരിച്ചു’ അദ്ദേഹം കൂട്ടിച്ചേർത്തു.