ഇന്ത്യൻ പരിശീലകനായി ഗൗതം ഗംഭീർ ചുമതലയേറ്റതോടെ മൂന്നു ഫോർമാറ്റുകളിലും കാണാൻ സാധിക്കുന്ന പേരാണ് പേസ് ബോളർ ഹർഷിത്ത് റാണയുടേത്. എന്നാൽ ഇന്ത്യൻ ടീമിൽ മികച്ച ഇമ്പാക്ട് ഉണ്ടാകാൻ താരത്തിന് ഇത് വരെയായി സാധിച്ചിട്ടില്ല. എന്നിട്ടും ഗംഭീർ അദ്ദേഹത്തെ എല്ലാ ഫോർമാറ്റുകളിലും ഉൾപെടുത്തുന്നതിൽ വൻ വിമർശനമാണ് ഉയർന്നു വരുന്നത്.
ഇപ്പോഴിതാ ഹർഷിത് റാണയെ എന്തുകൊണ്ടാണ് ഗംഭീർ ഇത്രധികം പിന്തുണയ്ക്കുന്നതെന്ന ചോദ്യത്തിന് മറുപടി നൽകി രംഗത്തെത്തിയിരിക്കുകയാണ് രാജസ്ഥാൻ റോയൽസ് താരം സന്ദീപ് ശർമ. റാണയെ തിരഞ്ഞെടുക്കുന്നത് വികാരത്തിന്റെ അടിസ്ഥാനത്തിലല്ല, മറിച്ച് വ്യക്തമായിട്ടുള്ള ദീർഘകാല പദ്ധതികളുടെ അടിസ്ഥാനത്തിലാണെന്നും ടോക്ക് വിത്ത് മാനവേന്ദ്രയിൽ സന്ദീപ് വിശദീകരിച്ചു.
‘ഒരു കളിക്കാരന്റെ കഴിവിനെയോ പ്രതിഭയെയോ തിരിച്ചറിഞ്ഞാൽ അത് വളർത്തിയെടുക്കാൻ സെലക്ടർമാർ മതിയായ സമയം നൽകും. അതാണ് ഹർഷിത് റാണയുടെ കാര്യത്തിൽ സംഭവിച്ചത്. അദ്ദേഹം മികച്ച വേഗതയിൽ പന്തെറിയുന്നു, നല്ല ഉയരമുണ്ട്, ശക്തമായ ശരീരഘടനയുണ്ട്. കുറച്ച് വർഷങ്ങൾ നൽകിയാൽ അദ്ദേഹത്തിന് വളരെ മികച്ച ഒരു ബോളറായി മാറാൻ കഴിയും’, സന്ദീപ് പറഞ്ഞു.