ഇംഗ്ലണ്ടിനെതിരെ എഡ്ജ്ബാസ്റ്റണില്‍ നടന്ന രണ്ടാം ടെസ്റ്റിൽ ഇന്ത്യ തകർപ്പൻ ജയം നേടിയിരുന്നു. 336 റൺസിനാണ് ആതിഥേയരെ ഇന്ത്യ പരാജയപ്പെടുത്തിയത്. ഇന്ത്യ ഉയര്‍ത്തിയ 608 റണ്‍സെന്ന കൂറ്റന്‍ ലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഇംഗ്ലണ്ട് 271 റണ്‍സിന് ഓള്‍ഔട്ടായി. നീണ്ട 58 വർഷത്തെ കാത്തിരിപ്പിന് ശേഷമാണ് ഇന്ത്യ എഡ്ജ്ബാസ്റ്റണില്‍ ഒരു ടെസ്റ്റ് മത്സരം വിജയിക്കുന്നത്.
നിലവിൽ പരമ്പര 1-1 എന്ന നിലയിലാണ് നിൽക്കുന്നത്. ഇന്ന് ലോർഡ്‌സിൽ വെച്ചാണ് മൂന്നാം ടെസ്റ്റ് നടക്കുന്നത്. എന്നാൽ ഇപ്പോഴിതാ ഇന്ത്യൻ നായകൻ ശുഭ്മാന്‍ ഗില്ലിനു മുന്നറിയിപ്പുമായി രംഗത്ത് എത്തിയിരിക്കുകയാണ് മുൻ ഇന്ത്യൻ താരം സൗരവ് ഗാംഗുലി.
സൗരവ് ഗാംഗുലി പറയുന്നത് ഇങ്ങനെ:
” ഗില്ലിന്‍റെ ഇതുവരെയുള്ള ഏറ്റവും മികച്ച പ്രകനമായിരുന്നു ഇംഗ്ലണ്ടിനെതിരായ രണ്ടാം ടെസ്റ്റില്‍ നമ്മള്‍ കണ്ടത്. ആദ്യ രണ്ട് ടെസ്റ്റില്‍ നിന്ന് മാത്രം 146 റണ്‍സ് ശരാശരിയില്‍ 585 റണ്‍സാണ് ഗില്‍ അടിച്ചെടുത്തത്. എന്നാല്‍ മുന്നോട്ടുള്ള പാത ഇതുപോലെ സുഗമമാകണമെന്നില്ല. ഇത് ഗില്ലിന്‍റെ ഹണിമൂൺ കാലഘട്ടം മാത്രമാണ്. വരും മത്സരങ്ങളില്‍ ക്യാപ്റ്റന്‍സിയുടെ സമ്മര്‍ദ്ദം ഗില്ലിന് മനസിലാവും. പ്രത്യേകിച്ച് ഇംഗ്ലണ്ടിനെതിരായ അടുത്ത മൂന്ന് ടെസ്റ്റിലും ഗില്‍ സമ്മര്‍ദ്ദം അനുഭവിക്കും” സൗരവ് ഗാംഗുലി പറഞ്ഞു.