ബംഗ്ലാദേശിനെതിരായ ടി20 പരമ്പര കൈവിട്ടതിന് പിന്നാലെ അവസാന മത്സരത്തില്‍ നാണംകെട്ട തോല്‍വി വഴങ്ങി ഓസീസ്. പരമ്പരയിലെ അഞ്ചാമത്തെയും അവസാനത്തെയുമായ മത്സരത്തില്‍ വെറും 62 റണ്‍സിന് ഓസീസ് ഓള്‍ഔട്ടായി.
രാജ്യാന്തര ടി20യില്‍ ഓസീസിന്റെ ഏറ്റവും കുറഞ്ഞ സ്‌കോറാണിത്. 2005ല്‍ സതാംപ്ടണില്‍ ഇംഗ്ലണ്ടിനെതിരെ 79 റണ്‍സിന് ഓള്‍ഔട്ടായതായിരുന്നു ഇതിനു മുമ്പ് ടി20യില്‍ ഓസീസിന്റെ ഏറ്റവും കുറഞ്ഞ സ്‌കോര്‍.
ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ 8 വിക്കറ്റ് നഷ്ടത്തില്‍ 122 റണ്‍സ് മാത്രമാണ് നേടിയത്. അനായാസ വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ഓസീസ് 13.4 ഓവറില്‍ 62 ന് എല്ലാവരും പുറത്തായി. 3.4 ഓവറില്‍ 9 റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റെടുത്ത ഷാക്കിബ് അല്‍ ഹസനാണു ഓസീസിനെ തകര്‍ത്തത്.
ഓപ്പണര്‍ മാത്യു വെയ്ഡ് (22), നാലാമനായി ഇറങ്ങിയ ബെന്‍ മക്‌ഡെര്‍മോട്ട് (17) എന്നിവര്‍ മാത്രമാണ് ഓസീസ് നിരയില്‍ രണ്ടക്കം കണ്ടത്. ഓസീസിന് എതിരെ ആദ്യമായാണു ബംഗ്ലാദേശ് ഒരു പരമ്പര നേടുന്നത്.