അനാവശ്യ പട്ടികയിൽ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ സഞ്ജു സാംസണിനൊപ്പം ഇടം നേടി പാകിസ്ഥാൻ ഓപ്പണിംഗ് ബാറ്റർ സയിം അയൂബ്. തുടർച്ചയായ മൂന്നാം ഏഷ്യാ കപ്പ് മത്സരത്തിലും സയിം അക്കൗണ്ട് തുറക്കുന്നതിൽ പരാജയപ്പെട്ടു. ബുധനാഴ്ച ദുബായിൽ യുണൈറ്റഡ് അറബ് എമിറേറ്റ്‌സിനെതിരെ രണ്ട് പന്തിൽ താരം ഡക്കായി പുറത്തായി.
യുഎഇക്കെതിരെയുള്ള ഡക്ക് ഈ വർഷം ടി20യിൽ അയൂബിന്റെ അഞ്ചാമത്തെ പൂജ്യം സ്കോറാണ്. ഇതോടെ ഒരു കലണ്ടർ വർഷത്തിൽ അഞ്ച് ഡക്കുകൾ എന്ന സഞ്ജുവിന്റെ റെക്കോർഡിന് ഒപ്പം താരമെത്തി.
ടി20യിൽ ഇന്ത്യയുടെ ഒന്നാം നമ്പർ വിക്കറ്റ് കീപ്പർ ബാറ്ററായ സഞ്ജു 2024 ൽ 13 ടി20 മത്സരങ്ങൾ കളിച്ചു. ഇതിൽ അഞ്ച് തവണ അക്കൗണ്ട് തുറക്കാൻ പോലും അദ്ദേഹത്തിന് കഴിഞ്ഞില്ല.
ഒരു കലണ്ടർ വർഷത്തിൽ ഏറ്റവും കൂടുതൽ ടി20 മത്സരങ്ങളിൽ ഡക്കുകൾ നേടിയതിന്റെ റെക്കോർഡ് സിംബാബ്‌വെയുടെ റിച്ചാർഡ് എൻഗാരവയുടെ പേരിലാണ്. 2024 ൽ, സിംബാബ്‌വെയ്ക്കായി 20 ടി20 മത്സരങ്ങൾ കളിച്ച എൻഗാരവ ആറ് മത്സരങ്ങളിൽ ഒരു റൺ പോലും നേടാതെ പുറത്തായി.