യുഎസ്- ഇറാന്‍ സംഘര്‍ഷം വര്‍ധിക്കുന്ന സാഹചര്യത്തില്‍ യുദ്ധ ആശങ്കയ്ക്ക് ഇടനല്‍കി ഇറാനിലുള്ള യുഎസ് പൗരന്മാര്‍ ഉടന്‍ രാജ്യം വിടണമെന്ന് യുഎസ് മുന്നറിയിപ്പ്. യുഎസ് സര്‍ക്കാരിന്റെ സഹായം ആശ്രയിക്കാതെ ഇറാനില്‍ നിന്നു പുറത്തുകടക്കാന്‍ ഒരു പദ്ധതി തയാറാക്കണമെന്നാണു ഇറാനിലെ യുഎസ് വെര്‍ച്വല്‍ എംബസിയുടെ മുന്നറിയിപ്പ്. മുന്നറിയിപ്പില്ലാതെ വിമാന സര്‍വീസുകള്‍ റദ്ദാക്കാനോ തടസപ്പെടാനോ സാധ്യതയുണ്ടെന്നും ഇന്റര്‍നെറ്റ് തടസപ്പെടാന്‍ ഇടയുണ്ടെന്നും അമേരിക്ക പൗരന്മാര്‍ക്ക് മുന്നറിയിപ്പ് നല്‍കി. വിമാന സര്‍വ്വീസുകളിലെ ആശങ്ക നിവാരണത്തിനായി എയര്‍ലൈനുകളുമായി നേരിട്ട് ബന്ധപ്പെടാനും നിര്‍ദേശമുണ്ട്.
നിങ്ങള്‍ക്ക് ഇറാനില്‍ നിന്ന് പുറത്തുപോകാന്‍ കഴിയുന്നില്ലെങ്കില്‍ താമസസ്ഥലത്തോ മറ്റൊരു സുരക്ഷിതമായ കെട്ടിടത്തിനുള്ളിലോ കഴിയണമെന്നും പൗരന്മാരോട് അമേരിക്ക ആവശ്യപ്പെടുന്നു. ഭക്ഷണം, വെള്ളം, മരുന്നുകള്‍, മറ്റ് അത്യാവശ്യ സാധനങ്ങള്‍ എന്നിവ കരുതണമെന്നും തെരുവുകളിലെ പ്രകടനങ്ങള്‍ ഒഴിവാക്കാനും ലോ പ്രൊഫൈല്‍ പാലിക്കാനുമാണ് പൗരന്മാരോട് അമേരിക്ക ആവശ്യപ്പെട്ടിരിക്കുന്നത്. ചുറ്റുപാടുകളെക്കുറിച്ച് ജാഗ്രത പാലിക്കണമെന്ന നിര്‍ദേശവും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഇറാന്‍ നിലപാടുകള്‍ക്ക് പിന്നാലെ യുഎസ് എംബസി നല്‍കിയിട്ടുണ്ട്. സുരക്ഷിതമാണെങ്കില്‍ അര്‍മേനിയയിലേക്കോ തുര്‍ക്കിയിലേക്കോ കരമാര്‍ഗം യാത്ര ചെയ്യുന്ന കാര്യം പരിഗണിക്കണമെന്നും അറിയിപ്പിലുണ്ട്.
ഇറാനെ ആക്രമിക്കാനുള്ള തയാറെടുപ്പിലാണോ അമേരിക്ക എന്ന ചോദ്യമാണ് ഉയരുന്നത്. ഒമാനില്‍ സമാധാന ചര്‍ച്ച നടക്കാനിരിക്കേ, ഇറാനിലുള്ള യുഎസ് പൗരന്മാരോട് എത്രയുംപെട്ടെന്ന് രാജ്യം വിട്ടുപോകാന്‍ യുഎസ് ഡിപ്പാര്‍ട്ട്‌മെന്റ് ഓഫ് സ്റ്റേറ്റ് ആവശ്യപ്പെട്ടതെന്തിനെന്ന ചോദ്യവും ലോകമെമ്പാടും ഉയരുന്നുണ്ട്. ഇറാനിലേക്കുള്ള യാത്ര ഒഴിവാക്കാനും പൗരന്മാരോട് നിര്‍ദേശിച്ചിട്ടുണ്ട്. ഇറാനും അമേരിക്കയും പരസ്പരം അവിശ്വാസം വച്ചുപുലര്‍ത്തുന്നത് സമാധാന ചര്‍ച്ചയെ ബാധിക്കുമെന്ന ആശങ്ക ശക്തമാണ്. ഇറാനുമേല്‍ അമേരിക്ക വൈകാതെ വെനസ്വേലന്‍ മോഡല്‍ ആക്രമണത്തിന് മുതിര്‍ന്നേക്കുമെന്നും വിലയിരുത്തപ്പെടുന്നു. സമ്പൂര്‍ണ യുദ്ധത്തിലേക്ക് കടക്കാതെ, ഇറാനിയന്‍ നേതാക്കളെ മാത്രം ഉന്നമിട്ടുള്ള ആക്രമണമായിരിക്കാം അമേരിക്ക ഉദ്ദേശിക്കുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.
യുഎസിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫ്, പ്രസിഡന്റ് ട്രംപിന്റെ മരുമകന്‍ ജേഡ് കഷ്‌നര്‍ എന്നിവരാണ് ഇറാനിയന്‍ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയുടെ നേതൃത്വത്തിലുള്ള സംഘവുമായി ചര്‍ച്ച നടത്തുക. കഴിഞ്ഞവര്‍ഷം ഇസ്രയേലും അമേരിക്കയും ഇറാനുമേല്‍ ആക്രമണം നടത്തിയശേഷം ഇതാദ്യമായാണ് അമേരിക്കന്‍- ഇറാന്‍ പ്രതിനിധികള്‍ തമ്മില്‍ കൂടിക്കാഴ്ച നടക്കുന്നത്. ചര്‍ച്ചയില്‍ സമവായമായില്ലെങ്കില്‍ ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖമനയി ദുഃഖിക്കേണ്ടിവരുമെന്ന് കഴിഞ്ഞദിവസം ട്രംപ് മുന്നറിയിപ്പ് നല്‍കിയിരുന്നു. ആണവപദ്ധതിക്കായുള്ള യുറേനിയം ശേഖരം നശിപ്പിക്കുക, ബാലിസ്റ്റിക് മിസൈലല്‍ പദ്ധതികള്‍ ഉപേക്ഷിക്കുക, മധ്യേഷ്യയിലെ ഭീകരവാദ സംഘടനകളെ സഹായിക്കുന്നത് അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളാണ് അമേരിക്ക ഇറാനുമുന്നില്‍ വച്ചിരിക്കുന്നത്. എന്നാല്‍, അമേരിക്കയുടേത് ഇറാന്റെ പരമാധികാരത്തിനുമേല്‍ കടന്നുകയറാനുള്ള ശ്രമമാണെന്നാണ് ഇറാനിയന്‍ ഭരണകൂടം പ്രതികരിച്ചത്. അമേരിക്ക ആക്രമിച്ചാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും മധ്യേഷ്യയാകെ യുദ്ധകലുഷിതമാകുമെന്നും ഇറാന്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
സമാധാന ചര്‍ച്ച ആദ്യം നടക്കേണ്ടിയിരുന്നത് തുര്‍ക്കിയിലായിരുന്നു. ടര്‍ക്കിഷ് സര്‍ക്കാര്‍ മധ്യസ്ഥത വഹിക്കാമെന്നും തീരുമാനിച്ചിരുന്നു. എന്നാല്‍, അതുവേണ്ടെന്നും ചര്‍ച്ച ഒമാനില്‍ മതിയെന്നും ഇറാന്‍ ആവശ്യപ്പെടുകയായിരുന്നു. തുര്‍ക്കിയിലെ ചര്‍ച്ചയില്‍ സൗദി അറേബ്യ, ഖത്തര്‍, ഈജിപ്റ്റ് എന്നിവയുടെ പ്രതിനിധികളും സംബന്ധിക്കാന്‍ തീരുമാനിച്ചിരുന്നു. ഇതിനെ ഇറാന്‍ എതിര്‍ത്തു. ചര്‍ച്ച ഒമാനില്‍ നടത്താമെന്നും ഇറാന്‍, അമേരിക്ക പ്രതിനിധികള്‍ മാത്രം പങ്കെടുത്താല്‍ മതിയെന്നും ഇറാന്‍ നിലപാട് എടുക്കുകയായിരുന്നു. ചര്‍ച്ചയില്‍ സമവായ സാധ്യത വിരളമായതിനാല്‍ രാജ്യാന്തര ക്രൂഡ് ഓയില്‍ വില വീണ്ടും കൂടിത്തുടങ്ങി. സംഘര്‍ഷമുണ്ടായാല്‍ അതു ഗള്‍ഫ് എണ്ണയുടെ ഉല്‍പാദനത്തെയും വിതരണത്തെയും ബാധിക്കുമെന്ന ആശങ്കയാണ് കാരണം. മധ്യേഷ്യയില്‍ നിന്നുള്ള എണ്ണവിതരണത്തിന്റെ മുഖ്യപങ്കും നടക്കുന്നത് ഇറാന്റെ നിയന്ത്രണത്തിലുള്ള ഹോര്‍മുസ് കടലിടുക്ക് വഴിയാണ്. ഇറാനാകട്ടെ എണ്ണ കയറ്റുമതി രാജ്യങ്ങളുടെ കൂട്ടായ്മയായ ഒപെക്കിലെ അംഗവുമാണ്.