ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്‌കിയൻ രാജിവെയ്ക്കാൻ സന്നദ്ധത അറിയിച്ചതായി റിപ്പോർട്ട്. പരമോന്നത നേതാവിന്റെ ഓഫീസിന് അദ്ദേഹം രാജിക്കത്ത് കൈമാറിയതായാണ് ‘ഇറാൻ ഇന്റർനാഷണലി’ന്റെ റിപോർട്ടുകൾ. എന്നാൽ, ഇറാൻ പ്രസിഡന്റിന്റെ ഓഫീസ് ഇത്തരം റിപ്പോർട്ടുകൾ നിഷേധിച്ചു.
വാർത്ത അടിസ്ഥാനരഹിതവും അസംബന്ധം നിറഞ്ഞതുമാണെന്നും വിദേശമാധ്യമങ്ങൾ തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുകയാണെന്നും പ്രസ്താവനയിൽ പറഞ്ഞു. സുപ്രധാന തീരുമാനങ്ങളെടുക്കുന്നതിൽ നിന്ന് തന്റെ സർക്കാരിനെ ഒഴിവാക്കുന്നതും തീവ്രനിലപാടുള്ള വിഭാഗത്തിന് ഭരണത്തിൽ അമിതമായ സ്വാധീനം കിട്ടുന്നതുമാണ് പ്രസിഡന്റിനെ രാജിക്ക് പ്രേരിപ്പിച്ചതെന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.
പ്രസിഡന്റിനെ ഒഴിവാക്കി ഭരണപരമായ പല തീരുമാനങ്ങളും കൈക്കൊള്ളുന്നതിൽ അദ്ദേഹം കടുത്ത നീരസം പ്രകടിപ്പിച്ചതായാണ് വിവരം. രാജ്യത്തിന്റെ ഭരണകാര്യങ്ങളിൽ സായുധ സേനയായ ഐആർജിസി ഉൾപ്പെടെ അമിതമായി ഇടപെടുന്നതിലും അദ്ദേഹം എതിർപ്പ് പ്രകടിപ്പിച്ചിട്ടുണ്ട്.
ഇത്തരം ഇടപെടലുകൾ കാരണം ഭരണപരമായ ഉത്തരവാദിത്വങ്ങൾ നിറവേറ്റാൻ കഴിയുന്നില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഈ സാഹചര്യങ്ങളെല്ലാം വിശദീകരിച്ചാണ് പ്രസിഡന്റ് രാജിക്കത്ത് നൽകിയതെന്നും എത്രയും പെട്ടെന്ന് സ്ഥാനമൊഴിയാൻ അനുമതി നൽകണമെന്നാണ് കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നതെന്നും റിപ്പോർട്ടുകളിൽ പറയുന്നു.