ഉത്തരകൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ ചൈനയിലെ ബെയ്‌ജിങ്ങിൽ റഷ്യൻ പ്രസിഡന്റ് വ്ളാദിമിർ പുടിനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് പിന്നാലെ നടന്ന വൃത്തിയാക്കലിന്റെ വീഡിയോ വൈറൽ. കിം ഇരുന്ന കസേരയും ഉപയോഗിച്ച ഗ്ലാസും ഉൾപ്പെടെ കിമ്മിൻ്റെ സ്‌പർശനമേറ്റ ഇടങ്ങളെല്ലാം കിമ്മിന്റെ പരിചാരകർ ഉടനടി വൃത്തിയാക്കുന്നതാണ് വീഡിയോയിലുള്ളത്.
കിം ഇരുന്ന കസേരയുടെ പിൻവശവും കൈപ്പിടികളും തുടച്ചു. സമീപത്തുണ്ടായിരുന്ന ചെറിയ മേശ പോലും ഒഴിവാക്കിയില്ല. കിം ഉപയോഗിച്ച ഗ്ലാസ് ഒരു ട്രേയിൽ അപ്പോൾത്തന്നെ അവിടെ നിന്ന് മാറ്റി. തകൃതിയായുള്ള വൃത്തിയാക്കലിന്റെ ദൃശ്യം സാമൂഹിക മാധ്യമങ്ങളിൽ വലിയ രീതിയിൽ പ്രചരിക്കുകയാണ്.
‘ചർച്ചകൾക്ക് പിന്നാലെ ഉത്തര കൊറിയൻ ഭരണാധികാരിയെ അനുഗമിച്ച അദ്ദേഹത്തിന്റെ സുരക്ഷാ ജീവനക്കാർ കിമ്മിൻ്റെ സാന്നിധ്യത്തിൻ്റെ എല്ലാ അടയാളങ്ങളും സൂക്ഷ്‌മമായി നീക്കം ചെയ്തു. അദ്ദേഹം കുടിച്ച ഗ്ലാസ് അവിടെനിന്ന് കൊണ്ടുപോയി. അദ്ദേഹമിരുന്ന കസേരയും അദ്ദേഹം സ്പർശിച്ച മറ്റ് ഫർണിച്ചറും അപ്പോൾ തന്നെ തുടച്ച് വൃത്തിയാക്കി’- റഷ്യൻ മാധ്യമപ്രവർത്തകനായ അലക്‌സാണ്ടർ യുനഷേവ് അദ്ദേഹത്തിന്റെ ചാനലിലൂടെ റിപ്പോർട്ട് ചെയ്തു.
ഡിഎൻഎയുടെ എല്ലാ അടയാളങ്ങളും നീക്കം ചെയ്യാനാണ് ഈ വൃത്തിയാക്കൽ. എന്നാൽ കിം മാത്രമല്ല ഇത്തരത്തിലുള്ള മുൻകരുതൽ സ്വീകരിക്കുന്നത്. ഡിഎൻഎ മോഷണം ഒഴിവാക്കാനുള്ള നടപടികൾ പുടിന്റെ ഭാഗത്തുനിന്നും ഉണ്ടാകാറുണ്ട്. സന്ദർശനത്തിനു പോകുന്ന രാജ്യങ്ങളിൽ നിന്ന് പുട്ടിന്റെ വിസർജ്യവസ്‌തുക്കൾ സുരക്ഷാ ഉദ്യോഗസ്ഥർ പ്രത്യേക ബാഗുകളിൽ ശേഖരിക്കുന്നത് 2017 മുതൽ തുടർന്നുവരുന്നുണ്ട്.