ഇക്കഴിഞ്ഞ തിങ്കളാഴ്ചയാണ് രാജ്യത്തെ നടുക്കി ഡൽഹിയുടെ സെന്ററിൽ ചെങ്കോട്ടയിൽ സ്ഫോടനം ഉണ്ടാകുന്നത്. ചെങ്കോട്ട മെട്രോ സ്റ്റേഷന് സമീപമുള്ള ട്രാഫിക് സിഗ്‌നലിൽ വേഗത കുറച്ച് സഞ്ചരിക്കുകയായിരുന്ന കാറിലാണ് ശക്തമായ സ്ഫോടനമുണ്ടായത്. പിന്നാലെ കൂടുതൽ കാറുകൾ പൊട്ടിത്തെറിച്ചു. ഇതുവരെയും 12 പേരാണ് മരിച്ചത്. നിരവധി പേർ ചികിത്സയിൽ കഴിയുകയാണ്.
ഇതിനിടെ ചെങ്കോട്ടയിലേത് ചാവേർ ആക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പൊലീസ് രംഗത്തെത്തി. ഫരീദാബാദിൽ ഹരിയാണ ജമ്മു കശ്‌മീർ പൊലീസ് സ്ഫോടകവസ്‌തുക്കളുമായി പിടികൂടിയ സംഭവവും ചെങ്കോട്ട സ്ഫോടനവും ബന്ധമുണ്ടെന്ന നിഗമനത്തിലാണ് പൊലീസ്. ഫരീദാബാദിൽനിന്ന് പിടികൂടിയവരുടെ പങ്കാളിയായ ഡോക്ടർ ഉമർ മുഹമ്മദ് നടത്തിയ ചാവേർ സ്ഫോടനമാണ് ചെങ്കോട്ടയിലേതെന്നാണ് സംശയിക്കുന്നത്. എന്നാൽ ഇതുസംബന്ധിച്ച് കൂടുതൽ വ്യക്തത വരേണ്ടതുണ്ട്. സ്ഫോടനത്തിൽ മരിച്ച ഒരാൾ ഡോക്ടർ ഉമർ മുഹമ്മദ് ആണെന്ന നിഗമനത്തിലാണ് പൊലീസ്. ഡിഎൻഎ പരിശോധന ഫലം വന്നാൽ മാത്രമേ ഇതിൽ സ്ഥിരീകരണം ഉണ്ടാകു. സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് അറിയിച്ചു. ചാവേർ ബോംബർ എന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിൻ്റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. ഹരിയാനയിലെ ഫരീദാബാദിൽ നിന്നാണ് വൻ സ്ഫോടക വസ്‌തുക്കളാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്. ജമ്മു കശ്മീർ പൊലീസും ഹരിയാന പൊലീസും ചേർന്നു നടത്തിയ ഓപ്പറേഷനിലായിരുന്നു ഈ സുപ്രധാന കണ്ടെത്തൽ. ഏകദേശം 350 കിലോ സ്ഫോടകവസ്തുക്കൾ, അസോൾട്ട് റൈഫിൾ, 20 ടൈമറുകൾ, ഒരു പിസ്റ്റൾ, മൂന്ന് മാഗസിനുകൾ, ഒരു വാക്കി ടോക്കി സെറ്റ് എന്നിവയാണ് പിടിച്ചെടുത്തത്. പിന്നാലെ ജമ്മു കശ്‌മീരിൽ നിന്നുള്ള രണ്ട് ഡോക്‌ടർമാരെ അറസ്റ്റ് ചെയ്തു. ഡോ ആദിൽ അഹമ്മദ് റാഥർ, ഡോ മുജമ്മിൽ ഷക്കീൽ എന്നിവരാണ് പിടിയിലായത്.
ഇതിന് പിന്നാലെ തിങ്കളാഴ്ച വൈകിട്ട് 6:52-നാണ് ചെങ്കോട്ടയിൽ സ്ഫോടനം ഉണ്ടാകുന്നത്. ഈ രണ്ട് സംഭവങ്ങളും നോക്കുകയാണെങ്കിൽ ഇവ രണ്ടും തമ്മിൽ ബന്ധമുണ്ടെന്ന് തന്നെയാണ് അന്വേഷണ സംഘം സംശയിക്കുന്നത്. സ്ഫോടനത്തിനു പിന്നിലെ ചാവേറെന്നു സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന് വൈറ്റ് കോളർ ടെറർ മൊഡ്യൂളെന്ന പേരിൽ ജമ്മു കശ്‌മീർ, ഹരിയാന പൊലീസ് സംഘം പിടികൂടിയ ഡോ. അദീൽ അഹമ്മദ് റാത്തർ, ഡോ. മുസ്സമ്മിൽ ഷക്കീൽ എന്നിവരുമായി അടുത്ത ബന്ധമുണ്ടെന്നാണ് വിവരം. ഇവരെ പിടികൂടിയ വിവരം അറിഞ്ഞ് ഉമർ ഫരീദാബാദിൽനിന്ന് രക്ഷപ്പെടുകയായിരുന്നുവെന്നും പിന്നാലെ പരിഭ്രാന്തനായ ഉമർ ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനം നടത്തുകയും ചെയ്തുവെന്നുമാണ് പൊലീസ് സംശയിക്കുന്നത്.
ചെങ്കോട്ടയ്ക്കു സമീപം സ്ഫോടനത്തിൽ പൊട്ടിത്തെറിച്ച വെള്ള നിറത്തിലുള്ള ഐ20 കാറിന്റെ ഉടമയാണ് ഉമർ. ഉമറാണ് വാഹനം ഓടിച്ചതെന്നാണ് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നത്. വാഹനം മുന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്കു സമീപമുള്ള പാർക്കിങ് സ്ഥലത്ത് പാർക്ക് ചെയ്തിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാകുന്നത്. വൈകിട്ട് 3:19 ന് എത്തിയ കാർ 6:30 നാണ് ഇവിടെനിന്നു പുറപ്പെട്ടത്. ഉമർ കാറിൽ ഒപ്പം ഉണ്ടായിരുന്നവരുമായി ആക്രമണം ആസൂത്രണം ചെയ്യുകയും കാറിൽ ഒരു ഡിറ്റണേറ്റർ സ്ഥാപിക്കുകയും ചെയ്‌തതായും റിപ്പോർട്ടുകൾ ഉണ്ട്. ഫരീദാബാദിൽ നിന്ന് കണ്ടെത്തിയ അമോണിയം നൈട്രേറ്റ് സ്ഫോടനത്തിൽ ഉപയോഗിച്ചതായും പൊലീസ് വൃത്തങ്ങൾ പറയുന്നു. സംഭവത്തിന് പിന്നാലെ ഫൊറൻസിക് തെളിവുകളും ഇന്റലിജൻസ് വിവരങ്ങളും തീവ്രവാദ ബന്ധമുണ്ടെന്ന് ചൂണ്ടിക്കാണിച്ചതിനെത്തുടർന്ന് ഡൽഹി പൊലീസ് യുഎപിഎ നിയമ പ്രകാരം വിവിധ വകുപ്പുകൾ ചുമത്തി കേസ് റജിസ്‌റ്റർ ചെയ്‌തിട്ടുണ്ട്.