മധുര വിമാനത്താവളം തകര്‍ത്ത സംഭവത്തില്‍ നടനും തമിഴക വെട്രി കഴകം (ടിവികെ) നേതാവുമായ വിജയ്യുടെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കെതിരെ കേസെടുത്ത് തമിഴ്‌നാട് പൊലീസ്.
വിജയിയുടെ റോഡ് ഷോയ്ക്കിടെയാണ് പ്രവര്‍ത്തകര്‍ മധുര വിമാനത്താവളത്തില്‍ നാശനഷ്ടങ്ങളുണ്ടാക്കിയത്. വിജയ് സിനിമയുടെ ഷൂട്ടിങ്ങിന് എത്തിയപ്പോഴാണ് പ്രവര്‍ത്തകര്‍ കൂട്ടമായി വിമാനത്താവളത്തിലേക്ക് ഇരച്ചുകയറിയത്.
മാധ്യമപ്രവര്‍ത്തകരില്‍ ചിലരെ വിജയ്യുടെ ബൗണ്‍സര്‍മാര്‍ കയ്യേറ്റം ചെയ്തതും തര്‍ക്കത്തിനിടയാക്കി. കേരളത്തില്‍ നിന്നുള്ള യുവാക്കളുടെ സംഘമാണു വിജയ്യുടെ ബൗണ്‍സര്‍മാരായി കൂടെയുണ്ടായിരുന്നത്. ഇവര്‍ക്കെതിരെയും പരാതി ഉയര്‍ന്നിട്ടുണ്ട്.
നടനെ കണ്ട് ആവേശഭരിതരായവര്‍ വിജയ് സഞ്ചരിച്ച വാഹനത്തിനു മുകളില്‍ കയറിയതോടെ വാഹനത്തിന്റെ മുന്‍ഭാഗവും തകര്‍ന്നു. സംഘം കടന്നുപോയത് വിമാനത്താവളത്തിന്റെ മുന്‍ഭാഗത്തെ ഡിവൈഡറിലെ ചെറു ഗേറ്റുകളും മറ്റും തകര്‍ത്താണ്.
പിന്നീട് കൊടൈക്കനാലിലെത്തിയ വിജയ് അവിടെയും റോഡ് ഷോ നടത്തി. ചിത്രീകരണം പൂര്‍ത്തിയാക്കി ഇന്നലെ തിരികെ മധുര വിമാനത്താവളത്തിലെത്തിയപ്പോള്‍ ഇവിടെ വീണ്ടും സംഘര്‍ഷമുണ്ടായി. വിജയ്ക്കു പൊന്നാട അണിയിക്കാനെത്തിയ പ്രവര്‍ത്തകരിലൊരാളുടെ തലയ്ക്കു നേരെ സുരക്ഷാ ഉദ്യോഗസ്ഥര്‍ തോക്കുചൂണ്ടിയ ശേഷം തള്ളി മാറ്റി.
അതേസമയം, വനിതാനേതാക്കളെ പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ആരോപിച്ച് വിജയിയുടെ പാര്‍ട്ടിയില്‍ നിന്നും രാജി തുടങ്ങി. സാമൂഹികമാധ്യമങ്ങളിലുടെ പ്രശസ്തയായ വൈഷ്ണവിയാണ് തമിഴക വെട്രിക്കഴകത്തില്‍നിന്നും രാജിവെച്ചിരിക്കുന്നത്.
കോയമ്പത്തൂര്‍ ജില്ലാഭാരവാഹികള്‍ പാര്‍ട്ടിപരിപാടികളില്‍നിന്ന് ഒഴിവാക്കുന്നതും അപമാനിക്കുന്നതും പതിവായതോടെയാണ് ടിവികെ വിടാന്‍ തീരുമാനിച്ചതെന്ന് വൈഷ്ണവി വ്യക്തമാക്കി.
സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കോയമ്പത്തൂര്‍ സ്വദേശിനിയായ വൈഷ്ണവി, വിജയ് തമിഴക വെട്രിക്കഴകം ആരംഭിച്ചപ്പോള്‍ അതില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയില്‍ തുടക്കകാലത്ത് മികച്ചപിന്തുണ ലഭിച്ചു. എന്നാല്‍ തനിക്ക് കൂടുതല്‍ ശ്രദ്ധലഭിച്ചതോടെ പാര്‍ട്ടിയില്‍ ഒഴിവാക്കല്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഇക്കാര്യം ആരോപിച്ച് സംസ്ഥാനനേതാക്കളെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ തടഞ്ഞുവെന്നും ആരോപിച്ചു. തേനിയില്‍നിന്ന് മറ്റൊരു വനിതാനേതാവും സമാനമായ പരാതി ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ വനിതാനേതാക്കള്‍ വിവേചനം നേരിടുന്നുണ്ട്. ഈവിധത്തില്‍ അവഗണന തുടര്‍ന്നാല്‍ വിജയിയുടെ ടിവികെക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വൈഷ്ണവി വ്യക്തമാക്കി.