'രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ പരസ്യമാക്കരുത്; ചില കാര്യങ്ങള്‍ രഹസ്യമാക്കി തന്നെ വെയ്ക്കണം;'പാര്‍ലമെന്റ് പ്രത്യേക സമ്മേളനം വിളിക്കേണ്ട; രാഹുലിനെ തള്ളി ശരദ് പവാര്‍; ഇന്ത്യ മുന്നണിയില്‍ ഭിന്നത

രാജ്യത്തിന്റെ യുദ്ധരഹസ്യങ്ങള്‍ അടക്കം പരസ്യമായി പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യേണ്ടതില്ലെന്ന് എന്‍സിപി(എസ്പി) അധ്യക്ഷന്‍ ശരദ് പവാര്‍. ഇന്ത്യ മുന്നണി പഹല്‍ഗാം ഭീകരാക്രമണവും ഓപ്പറേഷന്‍ സിന്ദൂറും ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യം തള്ളിയാണ് അദേഹം രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ലമെന്റ് സമ്മേളനവും രേഖകളും പരസ്യമാണ്. അതിനാല്‍ അതു ഒഴിവാക്കി സര്‍ക്കാര്‍ സര്‍വകക്ഷി യോഗം വിളിച്ചാല്‍ മതിയെന്ന് അദേഹം വ്യക്തമാക്കി. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, ലോക്‌സഭ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, ശിവസേന (യുബിടി) എംപി സഞ്ജയ് റാവത്ത്, സിപിഎം ജനറല്‍ സെക്രട്ടറി എംഎ ബേബി എന്നിവരുടെ ആവശ്യം പൂര്‍ണമായും തള്ളിയാണ് പവാര്‍ രംഗത്ത് വന്നിരിക്കുന്നത്.

പാര്‍ലമെന്റില്‍ പ്രത്യേക സമ്മേളനം ചേരുന്നത് താന്‍ എതിര്‍ക്കുന്നില്ല. എന്നിരുന്നാലും, ദേശീയ പ്രാധാന്യമുള്ള ഗൗരവമേറിയ വിഷയങ്ങള്‍ പാര്‍ലമെന്റില്‍ പരസ്യമായി ചര്‍ച്ച ചെയ്യരുത്.

കേന്ദ്ര സര്‍ക്കാര്‍ എല്ലാ മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥരെയും പ്രതിപക്ഷ നേതാക്കളെയും ഉള്‍പ്പെടുത്തി നിലവിലെ സാഹചര്യത്തെക്കുറിച്ച് വിശദീകരിക്കണമെന്നും അദേഹം ആവശ്യപ്പെട്ടു.

നേരത്തെ, പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ആദ്യം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എന്നീ വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണമെന്ന് പ്രതിപക്ഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ആവശ്യപ്പെട്ടിരുന്നു. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും രാജ്യസഭാ പ്രതിപക്ഷ നേതാവും കോണ്‍ഗ്രസ് അധ്യക്ഷനുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുമാണ് ഈ ആവശ്യം ഉന്നയിച്ച് പ്രധാനമന്ത്രിക്ക് കത്തയച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍, പ്രതിപക്ഷത്തിന്റെ ഏകകണ്ഠമായ അഭ്യര്‍ത്ഥന ആവര്‍ത്തിച്ചുകൊണ്ട് പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം ഉടന്‍ വിളിക്കണമെന്ന് രാഹുല്‍ ഗാന്ധി ആവശ്യപ്പെട്ടിരുന്നു. ‘പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, അമേരിക്കന്‍ പ്രസിഡന്റ് ട്രംപ് ആദ്യം പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ എന്നിവയെക്കുറിച്ച് ജനങ്ങള്‍ക്കും അവരുടെ പ്രതിനിധികള്‍ക്കും ചര്‍ച്ച ചെയ്യേണ്ടത് നിര്‍ണായകമാണ്. മുന്നിലുള്ള വെല്ലുവിളികളെ നേരിടാനുള്ള നമ്മുടെ കൂട്ടായ ദൃഢനിശ്ചയം പ്രകടിപ്പിക്കാനുള്ള അവസരം കൂടിയായിരിക്കും ഇത്,’ കത്തില്‍ പറയുന്നു. ഈ ആവശ്യം ഗൗരവത്തോടെയും വേഗത്തിലും പരിഗണിക്കുമെന്ന് വിശ്വസിക്കുന്നതായും കത്തില്‍ കൂട്ടിച്ചേര്‍ത്തു.

രാജ്യസഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയും ഈ ആവശ്യത്തിന് പിന്തുണ അറിയിച്ച് പ്രധാനമന്ത്രിക്ക് കത്തെഴുതിയിരുന്നു. ‘ബഹുമാനപ്പെട്ട പ്രധാനമന്ത്രി, പഹല്‍ഗാമിലെ മനുഷ്യത്വരഹിതമായ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍ലമെന്റിന്റെ ഇരുസഭകളുടെയും പ്രത്യേക സമ്മേളനം വിളിക്കണമെന്ന് 2025 ഏപ്രില്‍ 28 ലെ ഞങ്ങളുടെ കത്തുകളിലൂടെ രാജ്യസഭാ പ്രതിപക്ഷ നേതാവെന്ന നിലയില്‍ താങ്കളോട് അഭ്യര്‍ത്ഥിച്ചത് ഓര്‍ക്കുമല്ലോ,’ എന്ന് ഖാര്‍ഗെ കത്തില്‍ ചൂണ്ടിക്കാട്ടി.

‘ഏറ്റവും പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍, പഹല്‍ഗാം ഭീകരാക്രമണം, ഓപ്പറേഷന്‍ സിന്ദൂര്‍, വാഷിംഗ്ടണ്‍ ഡിസിയില്‍ നിന്നും പിന്നീട് ഇന്ത്യ-പാകിസ്ഥാന്‍ സര്‍ക്കാരുകളില്‍ നിന്നും ഉണ്ടായ വെടിനിര്‍ത്തല്‍ പ്രഖ്യാപനങ്ങള്‍ എന്നിവ ചര്‍ച്ച ചെയ്യുന്നതിനായി പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന എല്ലാ പ്രതിപക്ഷ പാര്‍ട്ടികളുടെയും ഏകകണ്ഠമായ അഭ്യര്‍ത്ഥന ലോക്‌സഭാ പ്രതിപക്ഷ നേതാവ് ഇതിനകം തന്നെ താങ്കള്‍ക്ക് വീണ്ടും കത്തെഴുതി അറിയിച്ചിട്ടുണ്ട്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ഈ അഭ്യര്‍ത്ഥനയെ ഞാന്‍ പിന്തുണയ്ക്കുന്നു. താങ്കള്‍ ഇത് അംഗീകരിക്കുമെന്ന് വിശ്വസിക്കുന്നു,’ ഖാര്‍ഗെ കത്തില്‍ വ്യക്തമാക്കി. എന്നാല്‍, ഇവരുടെ എല്ലാ ആവശ്യങ്ങളും തള്ളിയാണ് ഇപ്പോള്‍ എന്‍സിപി അധ്യക്ഷന്‍ നിലപാട് പ്രഖ്യാപിച്ചിരിക്കുന്നത്.

Latest Stories

'സൗജന്യ ചികിത്സ പദ്ധതി അട്ടിമറിക്കരുത്, എൽ ഡി എഫ് സർക്കാർ വകയിരുത്തിയതിനേക്കാൾ കുറവാണ് യു ഡി എഫ് സർക്കാരിന്റെ ബജറ്റ് വിഹിതം'; വിമർശിച്ച് വീണ ജോർജ്

'കേസ് കൈകാര്യം ചെയ്യാൻ അന്വേഷണ ഉദ്യോഗസ്ഥന് സമയമില്ല, കോടതിയെ കളിയാക്കരുത്'; വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ വിമർശിച്ച് ഹൈക്കോടതി

പേരിലെ 'കേരള' ഒഴിവാക്കണം'; 'കേരളാ സ്റ്റോറി 2' നിർമാതാവിന് നോട്ടീസയച്ച് ഹൈക്കോടതി

'സിനിമയെ വ്യവസായമായി പ്രഖ്യാപിക്കുന്നു, ബഹുമാനപ്പെട്ട മുഖ്യമന്ത്രിയ്ക്ക് നന്ദി'; രമേശ് പിഷാരടി എംഎൽഎ

'മെഡിസെപ്പ് തകർത്തത് എൽഡിഎഫ് സർക്കാർ, ഒരു രൂപ പോലും നികുതി കൂട്ടാതെ പരിധിക്കുള്ളിൽ നിന്ന് അവതരിപ്പിച്ച ബജറ്റ്'; പുതുയുഗ കേരളം സൃഷ്‌ടിക്കുമെന്ന് മുഖ്യമന്ത്രി

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്