ഇന്ത്യൻ ക്രിക്കറ്റ് ടീം ക്യാപ്റ്റൻ രോഹിത് ശർമക്കെതിരായ അധിക്ഷേപ പോസ്റ്റ് പിൻവലിച്ച് കോൺഗ്രസ് നേതാവ് ഷമ മുഹമ്മദ്. പരസ്യമായുള്ള അഭിപ്രായ പ്രകടനങ്ങളിൽ ജാഗ്രത പുലർത്തണമെന്ന് പാർട്ടി മുന്നറിയിപ്പ് നൽകിയത്തിന് പിന്നാലെയാണ് ഷമ പോസ്റ്റ് പിൻവലിച്ചതെന്നാണ് വിവരം. ഷമയുടെ പോസ്റ്റ് വലിയ രീതിയിലുള്ള വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു.
കായിക താരത്തിന് ചേരാത്ത തരത്തിൽ തടിയനാണ് രോഹിത് ശർമയെന്നും അദ്ദേഹം ഇന്ത്യ കണ്ട ഏറ്റവും മോശം ക്യാപ്റ്റന്മാരിൽ ഒരാളാണെന്നുമാണ് ഷമ പറഞ്ഞത്. എക്‌സ് പോസ്റ്റിലൂടെയായിരുന്നു കോൺഗ്രസ് നേതാവിന്റെ അധിക്ഷേപ പരാമർശം. ഒരാളുടെ ശരീരഭാഷയെ അധിക്ഷേപിക്കുന്നത് ഏറ്റവും വലിയ കുറ്റമാണെന്ന് സോഷ്യൽ മീഡിയ പ്രതികരിച്ചു. രോഹിത് ശർമ എന്ന വ്യക്തിയെ മാത്രമല്ല, ഏതൊരാളെയും മാനസികമായി ബുദ്ധിമുട്ടിക്കുനന്നതാണ് പരാമർശമെന്നും പ്രതികരണങ്ങൾ ഉണ്ടായി.
ഇതിനിടെ രോഹിത് ശർമയെ ലോകോത്തര കളിക്കാരൻ എന്ന് വിശേഷിപ്പിച്ച എക്‌സ് പോസ്റ്റിനോടും ഷമ സമാനമായി പ്രതികരിച്ചിരുന്നു.
‘രോഹിത് ശർമയുടെ മുൻഗാമികളുമായി താരതമ്യപ്പെടുത്തുമ്പോൾ അദ്ദേഹത്തിൻ്റെ ലോകോത്തര നിലവാരം എന്താണ്? രോഹിത് ഒരു ശരാശരി ക്യാപ്റ്റനും കൂടാതെ ഇന്ത്യയുടെ ക്യാപ്റ്റനാകാൻ ഭാഗ്യം ലഭിച്ച ഒരു ശരാശരി കളിക്കാരനുമാണ്,’ ഷമയുടെ മറുപടി.
വിമർശങ്ങൾ ഉയർന്നതോടെ, ഇന്ത്യൻ ക്രിക്കറ്റ് ക്യാപ്റ്റൻ ഉൾപ്പെടെ ഫിറ്റ് ആവണമെന്നാണ് തൻ്റെ നിലപാടെന്നും രോഹിതിന് കുറച്ച് തടി കൂടുതലാണെന്ന് തോന്നിയെന്നും അത് തുറന്ന് പറഞ്ഞതിനാണ് വിമർശനങ്ങൾ ഉയരുന്നതെന്നും ഷമ പ്രതികരിച്ചിരുന്നു.