സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറി ദിവസങ്ങൾ മാത്രം പിന്നിടുമ്പോൾ കർണാടകയിൽ ഭരണകക്ഷിയായ കോൺഗ്രസിനുള്ളിൽ പൊട്ടിത്തെറി. അനുവദിച്ച വകുപ്പിൽ അതൃപ്തി പ്രകടമാക്കി മുതിർന്ന കോൺഗ്രസ് നേതാവ് രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവച്ചു. ബംഗളൂരു വികസന വകുപ്പ് നിഷേധിച്ചതിലുള്ള അതൃപ്തിയാണ് രാജിയിലേക്ക് നയിച്ചത്. ക്യാമറയ്ക്ക് മുന്നിൽ വെച്ച് തന്റെ രാജിക്കത്തിൽ ഒപ്പുവെച്ച ശേഷം അദ്ദേഹം മാധ്യമപ്രവർത്തകരെ കണ്ട് നിലപാട് വ്യക്തമാക്കുകയായിരുന്നു.
ബംഗളൂരു വികസന വകുപ്പ് തനിക്ക് നൽകാമെന്ന് കോൺഗ്രസ് നേതൃത്വം രണ്ടുതവണ ഔദ്യോഗികമായി ഉറപ്പുനൽകിയിരുന്നതായും, എന്നാൽ ഇപ്പോൾ അതിൽ നിന്നും അവർ മാറിയതിനാൽ താൻ പൂർണ്ണമായും നിരാശനാണെന്നും അതിനാലാണ് മന്ത്രിസ്ഥാനം രാജിവെയ്ക്കുന്നതെന്നും രാമലിംഗ റെഡ്ഡി മാധ്യമങ്ങളോട് പറഞ്ഞു.
താൻ മുഖ്യമന്ത്രിയാകുമ്പോൾ ഈ വകുപ്പ് പൂർണ്ണമായി വിട്ടൊഴിയാമെന്നും അപ്പോൾ തനിക്ക് അത് ഏറ്റെടുക്കാമെന്നും ഡികെ ശിവകുമാർ തന്റെ വീട്ടിലെത്തി നേരിട്ട് പറഞ്ഞിരുന്നതായി റെഡ്ഡി വെളിപ്പെടുത്തി. സത്യപ്രതിജ്ഞാ ചടങ്ങിന് താൻ ശിവകുമാറുമായി കൂടിക്കാഴ്ച നടത്തിയിരുന്നുവെന്നും, അപ്പോഴും ബംഗളൂരു വകുപ്പ് തനിക്ക് തന്നെ അനുവദിക്കുമെന്നാണ് ഉറപ്പ് നൽകിയിരുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു.
അതേസമയം, താൻ ഇപ്പോഴും കോൺഗ്രസ് പാർട്ടിയിൽ തന്നെയാണെന്നും പാർട്ടിയിൽ നിന്നും രാജിവെച്ചിട്ടില്ലെന്നും അദ്ദേഹം പ്രത്യേകം വ്യക്തമാക്കി. കഴിഞ്ഞ 53 വർഷമായി താൻ കോൺഗ്രസ് പാർട്ടിയിൽ സജീവമായി തുടരുന്നയാളാണെന്നും പാർട്ടിയിൽ നിരവധി ഉത്തരവാദിത്തങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.