രാഷ്ട്രീയത്തെയല്ല നയങ്ങളെയാണ് ആർഎസ്എസ് പിന്തുണയ്ക്കുന്നതെന്ന് മോഹൻ ഭാഗവത്. ബിജെപിക്കു പകരം കോൺഗ്രസാണ് രാമക്ഷേത്രത്തെ പിന്തുണച്ചിരുന്നതെങ്കിൽ ആർഎസ്എസ് പ്രവർത്തകരുടെ വോട്ട് കോൺഗ്രസിനു ലഭിക്കുമായിരുന്നെന്നും അദ്ദേഹം ബെംഗളൂരുവിൽ സംഘടിപ്പിച്ച പരിപാടിയിൽ പറഞ്ഞു.
‘‘ഞങ്ങൾ ഏതെങ്കിലുമൊരു രാഷ്ട്രീയ പാർട്ടിയെ പിന്തുണയ്ക്കുന്നില്ല. ഞങ്ങൾ തിരഞ്ഞെടുപ്പിൽ പങ്കെടുക്കുന്നുമില്ല. രാഷ്ട്രീയം വിഭജിക്കലിന്റേതാണ്. സംഘപരിവാറിന്റെ ലക്ഷ്യം ഒന്നിപ്പിക്കലാണ്. രാഷ്ട്രീയത്തെയല്ല, നയങ്ങളെയാണ് ഞങ്ങൾ പിന്തുണയ്ക്കുന്നത്.
ഉദാഹരണത്തിന്, രാമക്ഷേത്രം വേണമെന്നത് ഞങ്ങളുടെ ആവശ്യമായിരുന്നു. ബിജെപിയാണ് അതിനൊപ്പം നിന്നത്. രാമക്ഷേത്രം എന്ന ആശയത്തെ കോൺഗ്രസാണ് പിന്തുണച്ചിരുന്നതെങ്കിൽ സ്വയംസേവകരുടെ വോട്ട് കോൺഗ്രസിന് ലഭിച്ചേനെ’’ –അദ്ദേഹം പറഞ്ഞു.
‘‘എല്ലാം ഭാരതത്തിലെ പാർട്ടികളായതിനാൽ എല്ലാ പാർട്ടികളും ഞങ്ങളുടേതാണ്. ഞങ്ങൾക്ക് ഞങ്ങളുടേതായ കാഴ്ചപ്പാടുകളുണ്ട്. ഈ രാജ്യം ഏത് ദിശയിലേക്കാണ് പോകേണ്ടതെന്ന ധാരണയുണ്ട്. ആ ദിശയിലേക്ക് രാജ്യത്തെ നയിക്കാൻ കഴിവുള്ളവരെ ഞങ്ങൾ പിന്തുണയ്ക്കും’’ അദ്ദേഹം കൂട്ടിച്ചേർത്തു.