എഫ്-35 അഞ്ചാം തലമുറ യുദ്ധവിമാനങ്ങള്‍ വാങ്ങുന്നത് സംബന്ധിച്ച് അമേരിക്കയുമായി ഔദ്യോഗിക ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍. കോണ്‍ഗ്രസ് എംപി ബല്‍വന്ത് ബസ്വന്ത് വാങ്കഡെ ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമുള്ള മറുപടിയിലാണ് വിദേശകാര്യ സഹമന്ത്രി കീര്‍ത്തി വര്‍ദ്ധന്‍ സിംഗ് ‘ഈ വിഷയത്തില്‍ ഇതുവരെ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്ന് ലോക്‌സഭയെ അറിയിച്ചത്. ഈ വര്‍ഷം ഫെബ്രുവരിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാഷിംഗ്ടണ്‍ സന്ദര്‍ശനത്തെത്തുടര്‍ന്ന് ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയില്‍ അത്തരമൊരു സാധ്യതയെക്കുറിച്ച് പരാമര്‍ശിച്ചിട്ടുണ്ടെങ്കിലും ഇതുവരേയും ഔദ്യോഗികമായി ചര്‍ച്ചകള്‍ നടന്നിട്ടില്ലെന്ന് വിശദീകരിക്കുകയായിരുന്നു വിദേശകാര്യ സഹമന്ത്രി.
ഈ വര്‍ഷം ആദ്യം നടന്ന ഉന്നതതല ഉഭയകക്ഷി യോഗത്തില്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നടത്തിയ പ്രഖ്യാപനത്തെത്തുടര്‍ന്ന് എഫ്-35 വിമാനങ്ങള്‍ വില്‍ക്കുന്നതിനുള്ള ഏതെങ്കിലും ഔദ്യോഗിക നിര്‍ദ്ദേശം അമേരിക്ക ഇന്ത്യയ്ക്ക് നല്‍കിയിട്ടുണ്ടോ എന്ന കോണ്‍ഗ്രസ് എംപി വാങ്കഡെയുടെ ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു കീര്‍ത്തി വര്‍ദ്ധന്‍ സിംഗ്. ഇന്ത്യന്‍ കയറ്റുമതിയില്‍ 25 ശതമാനം താരിഫ് വര്‍ദ്ധനവ് വരുത്തുമെന്ന പ്രസിഡന്റ് ട്രംപിന്റെ സമീപകാല പ്രഖ്യാപനത്തിനെതിരെ അടിയന്തര പ്രതികാര നടപടികളിലേക്ക് ഇന്ത്യ കടക്കില്ലെന്ന ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെയാണ് ഇന്ന് ലോക്‌സഭയില്‍ ചോദ്യമുണ്ടായതെന്നതും ശ്രദ്ധേയമാണ്.
പേര് വെളിപ്പെടുത്താത്ത സ്രോതസ്സുകളെ ഉദ്ധരിച്ച് ബ്ലൂംബെര്‍ഗ് ഇന്നലെ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഇന്ത്യയിലെ ബിജെപി സര്‍ക്കാര്‍ ട്രംപ് ഭരണകൂടത്തിന്റെ നിലപാടില്‍ തിരിച്ചടിയ്ക്ക് ഒരുങ്ങില്ലെന്നും പ്രീണനസമീപനമായിരിക്കും സ്വീകരിക്കുകയെന്നും വെളിപ്പെടുത്തിയിരുന്നു. തുടര്‍ന്നാണ് സര്‍ക്കാരിന്റെ വിശദീകരണം. പ്രസിഡന്റ് ട്രംപുമായുള്ള പ്രധാനമന്ത്രി മോദിയുടെ കൂടിക്കാഴ്ചയ്ക്ക് ശേഷം ഫെബ്രുവരി 13-ന് പുറത്തിറക്കിയ ഇന്ത്യ-യുഎസ് സംയുക്ത പ്രസ്താവനയില്‍, എഫ്-35 പോലുള്ള നൂതന സൈനിക പ്ലാറ്റ്ഫോമുകളും അണ്ടര്‍സീ സിസ്റ്റങ്ങളും ഇന്ത്യയ്ക്ക് നല്‍കുന്നതിനായി ആയുധനിയന്ത്രണ നയം വാഷിംഗ്ടണ്‍ അവലോകനം ചെയ്യാന്‍ സാധ്യതയുണ്ടെന്ന് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ യഥാര്‍ത്ഥ ചര്‍ച്ചകളൊന്നും ഇതില്‍ നടന്നിട്ടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ലോക്‌സഭയില്‍ സ്ഥിരീകരിച്ചു.
യു.എസ് പ്രസിഡന്റിന്റെ താരിഫ് പ്രഖ്യാപനം ഇന്ത്യ- യുഎസ് ബന്ധത്തില്‍ ഉലച്ചിലുണ്ടാക്കിയിട്ടുണ്ട്. ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ താരിഫിനെതിരെ പ്രതികാര നടപടിക്ക് ഇന്ത്യ മുതിര്‍ന്നിട്ടില്ല. പകരം വിഷയം നയതന്ത്ര തലത്തില്‍ ചര്‍ച്ചകളിലൂടെ പരിഹരിക്കാനാണ് ശ്രമം. ഇന്ത്യയിലെ കര്‍ഷകര്‍, ചെറുകിട സംരംഭകര്‍ എന്നിവരെ ബാധിക്കുന്ന തരത്തില്‍ അമേരിക്കന്‍ സമ്മര്‍ദ്ദത്തിന് ഇന്ത്യ വഴങ്ങരുതേയെന്ന് പ്രതിപക്ഷം അടക്കം പറയുന്നുണ്ട്.