റിലയൻസ് ഹോം ഫിനാൻസ് ലിമിറ്റഡുമായി ബന്ധപ്പെട്ടുയർന്ന കള്ളപ്പണം വെളുപ്പിക്കൽ കേസിൽ അനിൽ അംബാനിയുടെ സ്ഥലങ്ങളിൽ ഇഡി റെയ്‌ഡ്. മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ സ്ഥലങ്ങളിലാണ് ഇഡി പരിശോധന നടത്തുന്നത്. രണ്ട് സംസ്ഥാനങ്ങളിലുമായി ഏതാണ്ട് 35 സ്ഥലങ്ങളിലാണ് ഒരേസമയം പരിശോധന നടക്കുന്നത്
50 കമ്പനികൾ, 25 വ്യക്തികളുടെ സ്ഥലങ്ങൾ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിക്കൽ തടയൽ നിയമം വകുപ്പ് പ്രകാരമുള്ള പരിശോധനയാണ് നടക്കുന്നത്. 2017 മുതൽ 2019 വരെ യെസ് ബാങ്കിൽനിന്ന് എടുത്ത 3,000 കോടി രൂപയുടെ വായ്‌പകൾ നിയമവിരുദ്ധമായി വകമാറ്റിയതിലാണ് നിലവിലെ പ്രധാന അന്വേഷണം. മുൻ യെസ് ബാങ്ക് പ്രൊമോട്ടർമാർ ഉൾപ്പെട്ട കൈക്കൂലി ആരോപണവും പരിശോധനയിലുണ്ട്.
വായ്‌പ നിബന്ധനകൾ ലംഘിച്ച്, ഷെൽ കമ്പനികളിലൂടെയും പ്രൊമോട്ടർമാരുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലൂടെയുമാണോ ഫണ്ടുകൾ വകമാറ്റിയതെന്ന് പരിശോധിച്ചുവരികയാണ്. വായ്‌പകൾ അനുവദിക്കുന്നതിന് മുമ്പ് തന്നെ പ്രൊമോട്ടർമാർക്ക് പണം ലഭിച്ചിട്ടുണ്ടോ എന്നും ഇഡി പരിശോധിച്ചുവരികയാണ്. 2017 ഏപ്രിൽ മുതൽ 2019 മാർച്ച് വരെ റിലയൻസ് ഹോം ഫിനാൻസിൻ്റെ കോർപ്പറേറ്റ് ലോൺ വിതരണത്തിൽ ഗണ്യമായ വർദ്ധനവുണ്ടായതും ഏജൻസി അന്വേഷിക്കുന്നുണ്ട്.