ഇന്ത്യ- യുഎസ് ബന്ധത്തിൽ മഞ്ഞുരുകുന്നുവെന്ന് സൂചന. മോദി നല്ല നേതാവും സുഹൃത്തുമാണെന്ന ട്രംപിൻറെ പ്രസ്താവനയോട് യോജിപ്പ് പ്രകടമാക്കി പ്രധാനമന്ത്രി നരേന്ദ്ര മോദി രംഗത്തെത്തി. ട്രംപിന്റെ പ്രസ്താവനയെ മോദി സ്വാഗതം ചെയ്തു. ഇന്ത്യ യുഎസ് ബന്ധത്തെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടിനോട് പൂർണ്ണമായും അംഗീകരിക്കുന്നു എന്നും മോദി വ്യക്തമാക്കി. ഡൊണാൾഡ് ട്രംപിനെ ടാഗ് ചെയ്താണ് മോദിയുടെ ട്വീറ്റ്.
ഇന്ത്യ ചൈനീസ് പക്ഷത്തായെന്ന് കരുതുന്നില്ലെന്നും നരേന്ദ്ര മോദി മഹാനായ നേതാവും സുഹൃത്തുമാണ് തനിക്ക് മോദിയുമായി നല്ല ബന്ധമാണ് എന്നുമാണ് ട്രംപ് ഇന്ന് പറഞ്ഞത്. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിലാണ് എതിർപ്പ്. ഇന്ത്യയുമായുള്ള പ്രശ്നം പരിഹരിക്കും എന്നും ട്രംപ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഇന്നലെയാണ് ഇന്ത്യ- യുഎസ് ബന്ധം വഷളാക്കുന്ന പ്രസ്താവനയുമായി ഡോണൾഡ് ട്രംപ് രംഗത്തെത്തിയത്. ഇരുണ്ട ദൂരൂഹ ചൈനീസ് പക്ഷത്തേക്ക് ചേർന്ന ഇന്ത്യയ്ക്കും റഷ്യയ്ക്കും സമൃദ്ധ ഭാവി ആശംസിക്കുന്നു എന്നായിരുന്നു ട്രംപിൻറെ പരിഹാസം. ട്രംപിന്റെ പോസ്റ്റിനോട് പ്രതികരിക്കാത്ത ഇന്ത്യ ട്രംപിൻറെ ഉപദേഷ്ടാവ് പ്രധാനമന്ത്രിക്കെതിരെ നടത്തിയ പ്രസ്താവന തള്ളിക്കളഞ്ഞു.
മോദിയും ഷി ജിൻപിങും പുടിനും ഒന്നിച്ചു നിൽക്കുന്ന ചിത്രം നൽകിക്കൊണ്ടാണ് ട്രംപ് മൂന്ന് രാജ്യങ്ങളെയും പരിഹസിച്ചത്. രണ്ടു രാജ്യങ്ങളും സുതാര്യമല്ലാത്ത ചൈനയുടെ പക്ഷത്തേക്ക് മാറി എന്ന സന്ദേശമാണ് തൻറെ സഖ്യകക്ഷികൾക്ക് ട്രംപ് നൽകിയത്. മൂന്ന് രാജ്യങ്ങൾക്കും ഒന്നിച്ച് നീണ്ട സമൃദ്ധ ഭാവിയുണ്ടാകട്ടെ എന്നും ട്രംപ് പറഞ്ഞു. എന്നാൽ ട്രംപിൻറെ പ്രസ്താവനയോട് തൽക്കാലം പ്രതികരിക്കുന്നില്ലെന്നായിരുന്നു വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ ആവർത്തിച്ചുള്ള ചോദ്യങ്ങൾക്ക് മറുപടിയായി പറഞ്ഞത്.