മധ്യപ്രദേശിലെ ജബൽപുരിൽ ഒൻപതുപേരുടെ മരണത്തിനിടയാക്കിയ ക്രൂയിസ് ബോട്ടിന്റെ പൈലറ്റിനെയും മറ്റ് ജീവനക്കാരെയും സർവീസിൽ നിന്ന് പിരിച്ചുവിട്ടു. ജീവനക്കാരുടെ ഭാഗത്ത് നിന്നുണ്ടായ അശ്രദ്ധയാണ് അപകടത്തിന് കാരണമെന്ന് അധികൃതർ പറഞ്ഞു.
ജബൽപൂരിലെ വിനോദസഞ്ചാര കേന്ദ്രമായ ബർഗി ഡാമിൻ്റെ റിസർവോയറിലാണ് കഴിഞ്ഞ ദിവസം അപകടം നടന്നത്. കാണാതായ നാലു പേർക്ക് വേണ്ടിയുള്ള തിരച്ചിൽ ഇപ്പോഴും തുടരുകയാണ്. അതേസമയം സാധാരണ കാലാവസ്ഥയിലാണ് യാത്ര തുടങ്ങിയതെന്നും പെട്ടെന്ന് സാഹചര്യം മാറുകയായിരുന്നുവെന്നും ബോട്ടിൻ്റെ ക്യാപ്റ്റനായിരുന്ന മഹേഷ് പട്ടേൽ പറഞ്ഞു.
ശക്തമായ കാറ്റിൽ ബോട്ട് മറിയുകയായിരുന്നുവെന്നും പെട്ടെന്ന് തന്നെ വെള്ളം കയറി മുങ്ങിയെന്നും മഹേഷ് പട്ടേൽ അവസാന നിമിഷങ്ങൾ ഓർത്തെടുത്തു. സംഭവത്തിൽ അതിയായ ദുഖം രേഖപ്പെടുത്തുകയും മൂന്നു ദിവസമായി ഉണ്ണാനോ ഉറങ്ങാനോ കഴിയുന്നില്ലെന്നും മരണപ്പെട്ട കുട്ടികളുടെ മുഖം മാത്രമാണ് കാണുന്നതെന്നും മഹേഷ് പറഞ്ഞു. വാർത്താ ഏജൻസിയായ എഎൻഐയോടായിരുന്നു പ്രതികരണം.