ഓപ്പറേഷന്‍ സിന്ദൂറിന് പിന്നാലെ പ്രതിരോധ രംഗം കൂടുതല്‍ ശക്തമാക്കാന്‍ ഉപഗ്രഹ വിക്ഷേപണം രംഗം കൂടുതല്‍ കരുത്തുറ്റതാക്കാന്‍ ഇന്ത്യ. അതിര്‍ത്തി സംരക്ഷണം ലക്ഷ്യമിട്ട് 26,968 കോടി രൂപയുടെ സാറ്റ്‌ലൈറ്റ് പദ്ധതിയാണ് രാജ്യം വേഗത്തിലാക്കുന്നത്. പ്രതിരോധ രംഗത്തെ ആവശ്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കി 52 മിലിട്ടറി ഉപഗ്രഹങ്ങളുടെ വിക്ഷേപണം വേഗത്തിലാക്കാന്‍ രാജ്യം നടപടി സ്വീകരിച്ചുവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നു. ശത്രുരാജ്യത്ത് കൂടുതല്‍ ആഴത്തില്‍ നിരന്തര നിരീക്ഷണം നടത്താനാണ് മിലിട്ടറി സാറ്റ്‌ലൈറ്റുകള്‍ കൊണ്ട് ഇന്ത്യ ലക്ഷ്യം വെയ്ക്കുന്നത്. ചൈനയുടെ വര്‍ധിച്ചുവരുന്ന ഭീഷണിയാണ് ശത്രുരാജ്യത്തെ കണിശമായും നിരീക്ഷിക്കാന്‍ ഉപഗ്രഹ സംവിധാനങ്ങള്‍ ശക്തമാക്കുന്നതിന് പിന്നില്‍.
2029ന് മുമ്പ് 52 ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കാനുള്ള നടപടികളാണ് രാജ്യം കൈക്കൊള്ളുന്നത്. 26,968 കോടി രൂപയുടെ സ്പേസ് ബേസ്ഡ് സര്‍വെയിലന്‍സ് (എസ്ബിഎസ്) പ്രോഗ്രാമിന്റെ മൂന്നാം ഘട്ടത്തിന് പ്രധാനമന്ത്രിയുടെ നേതൃത്വത്തിലുള്ള സുരക്ഷാകാര്യ കാബിനറ്റ് കമ്മിറ്റി കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ അനുമതി നല്‍കിയിരുന്നു. ഈ പദ്ധതിയുടെ ഭാഗമാണ് 52 പ്രതിരോധ ഉപഗ്രഹങ്ങള്‍. ഇതില്‍ 21 എണ്ണം ഐഎസ്ആര്‍ഒ തന്നെ നിര്‍മിച്ച് വിക്ഷേപിക്കുന്നവയായിരിക്കും. 31 എണ്ണം മൂന്ന് ഇന്ത്യന്‍ സ്വകാര്യ കമ്പനികള്‍ നിര്‍മിച്ചവയാകും. പ്രതിരോധ മന്ത്രാലയത്തിലെ ഇന്റഗ്രേറ്റഡ് ഡിഫന്‍സ് സ്റ്റാഫിന് (ഐഡിഎസ്) കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡിഫന്‍സ് സ്പേസ് ഏജന്‍സിയാണ് ഇതിന് നേതൃത്വം നല്‍കുന്നത്. എസ്ബിഎസ് 3 പദ്ധതിയിലെ ആദ്യ ഉപഗ്രഹം അടുത്തവര്‍ഷം ഏപ്രിലില്‍ വിക്ഷേപിക്കും. 2029 അവസാനത്തോടെ മുഴുവന്‍ ഉപഗ്രഹങ്ങളും വിക്ഷേപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം.
ചൈന, പാകിസ്ഥാന്‍ അതിര്‍ത്തികളിലും ഇന്ത്യന്‍ മഹാസമുദ്ര മേഖലയിലും, ബഹിരാകാശ നിരീക്ഷണ ശേഷി വര്‍ദ്ധിപ്പിക്കുന്നതിനാണ് 52 പ്രതിരോധ നിരീക്ഷണ ഉപഗ്രഹങ്ങള്‍. ചൈനയുടെയും പാകിസ്ഥാന്റേയും ഭൂപ്രദേശങ്ങളില്‍ വലിയൊരു പങ്കും ഇന്ത്യന്‍ സമുദ്രമേഖലയും നിരീക്ഷണപരിധിയിലാക്കാന്‍ ഇതോടെ ഇന്ത്യയ്ക്കാവും. തുടര്‍ച്ചയായി നിരീക്ഷണം നടത്താനും ഉയര്‍ന്ന ഗുണമേന്മയില്‍ ദൃശ്യങ്ങള്‍ പകര്‍ത്താനും ഈ ഉപഗ്രഹങ്ങളുടെ സഹായത്തോടെ സാധിക്കും. ഈ ഉപഗ്രഹങ്ങള്‍ക്ക് പുറമെ പ്രതിരോധം കണിശമാക്കാന്‍ മൂന്ന് ഹാപ്സ് വിമാനങ്ങള്‍ സ്വന്തമാക്കാനുള്ള ശ്രമങ്ങളിലാണ് ഇന്ത്യന്‍ വ്യോമസേന.
പഹല്‍ഗാം ഭീകരാക്രമണങ്ങള്‍ക്ക് പിന്നാലെ മെയ് ഏഴ് മുതല്‍ പത്ത് വരെ പാകിസ്താനുമായി നടന്ന അതിശക്തമായ പോരാട്ടത്തില്‍ കാര്‍ട്ടോസാറ്റ് പോലുള്ള തദ്ദേശീയ ഉപഗ്രഹങ്ങളും വിദേശ ഉപഗ്രഹങ്ങളും ശത്രുസൈന്യത്തിന്റെ നീക്കങ്ങള്‍ നിരീക്ഷിക്കാന്‍ ഇന്ത്യക്ക് സഹായകമായിരുന്നു. ആക്രമണങ്ങള്‍ നടത്തിയതിന്റെ ആധികാരികത ലോകത്തിന് മുന്നില്‍ ഉറപ്പാക്കാന്‍ ഇന്ത്യയ്ക്ക് സഹായകമായതും ഉപഗ്രഹങ്ങള്‍ ചിത്രങ്ങളാണ്. ഇന്ത്യയുടെ സമീപകാല ഓപ്പറേഷന്‍ സിന്ദൂര്‍ തദ്ദേശീയവും വാണിജ്യപരവുമായ ഉപഗ്രഹ അധിഷ്ഠിത ട്രാക്കിംഗിന്റെ മൂല്യം എടുത്തുകാണിച്ചതാണ്. അതേസമയം ബഹിരാകാശ പ്രതിരോധ സംവിധാനങ്ങളെ തകര്‍ക്കാനുള്ള സാങ്കേതിക വിദ്യകളില്‍ ചൈന വലിയ നിക്ഷേപം നടത്തുന്നത് ഇന്ത്യയ്ക്ക് ഭീഷണിയാണ്. ഉപഗ്രഹങ്ങളെ തകര്‍ക്കുന്നതിനുള്ള മിസൈലുകളും ലേസര്‍ ആയുധങ്ങളും ഉള്‍പ്പടെ ചൈന വികസിപ്പിച്ചുവരികയാണ്. പാകിസ്ഥാനും ചൈനയും തമ്മില്‍ മികച്ച നയതന്ത്രബന്ധമാണെന്നതും പ്രതിരോധ രംഗത്ത് സഹകരിച്ചുവരുന്നതും ഇന്ത്യയ്ക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.