ബിഹാറിൽ ഇന്ത്യാ സഖ്യം അധികാരത്തിലെത്തിയാൽ ഒരു വീട്ടിൽ ഒരാൾക്ക് സർക്കാർ ജോലി നൽകുമെന്ന വമ്പൻ പ്രഖ്യാപനവുമായി ആർജെഡി നേതാവും മുൻ ഉപമുഖ്യമന്ത്രിയുമായ തേജസ്വി യാദവ്. അധികാരമേറ്റു കഴിഞ്ഞാൽ ആദ്യത്തെ മന്ത്രിസഭായോഗത്തിൽ തന്നെ ഈ നിർദേശത്തിൽ ഒപ്പുവയ്ക്കുമെന്നും 20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
‘‘20 വർഷമായി യുവാക്കൾക്കു ജോലി നൽകാൻ എൻഡിഎ സർക്കാരിനു സാധിക്കുന്നില്ല. ഞങ്ങൾ അധികാരത്തിലെത്തിയാൽ എല്ലാ വീടുകളിലും സർക്കാർ ജോലിയുള്ള ഒരാളെങ്കിലും ഉണ്ടായിരിക്കുമെന്ന് ഉറപ്പു നൽകുകയാണ്. സർക്കാർ രൂപീകരിച്ച് 20 ദിവസത്തിനകം ഇതിനായി നിയമമുണ്ടാക്കും. 20 മാസത്തിനുള്ളിൽ സർക്കാർ ജോലിക്കാരില്ലാത്ത ഒരു വീടുപോലും ബിഹാറിൽ ഉണ്ടാകില്ല.’’ – തേജസ്വി വാർത്താസമ്മേളനത്തിൽ പറഞ്ഞു.
‘‘കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിലും ഞാൻ സർക്കാർ ജോലി വാഗ്ദാനം ചെയ്തിരുന്നു. ഞാൻ സർക്കാരിന്റെ ഭാഗമായുണ്ടായിരുന്ന ചെറിയ കാലത്തിൽ അഞ്ചുലക്ഷം പേർക്കാണു തൊഴിൽ നൽകിയത്. എനിക്ക് അഞ്ചുവർഷം സമയം ലഭിച്ചാൽ എന്തൊക്കെ ചെയ്യാൻ സാധിക്കുമെന്ന് നിങ്ങൾ സങ്കൽപ്പിച്ചു നോക്കൂ’’ – തേജസ്വി പറഞ്ഞു.
ബിഹാറിൽ നവംബർ 6നും നവംബർ 11നുമായി രണ്ടുഘട്ടത്തിലാണ് വോട്ടെടുപ്പ്. നവംബർ 14നാണ് ഫലപ്രഖ്യാപനം.