പശ്ചിമ ബംഗാളില്‍ സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രാജ്യത്തിന്റെ മറ്റിടങ്ങളിലും സമരം വ്യാപിക്കുന്നു. എയിംസിലെ റസിഡന്റ് ഡോക്ടര്‍മാര്‍ ഇന്നു മുതല്‍ പണിമുടക്ക് ആരംഭിച്ചു. ഇവരെ കൂടാതെ പട്നയിലേയും റായ്പൂരിലേയും രാജസ്ഥാനിലേയും പഞ്ചാബിലേയും വിവിധ ആശുപത്രിയിലെ ഡോക്ടര്‍മാരും രംഗത്തെത്തിയിട്ടുണ്ട്.
ഡോക്ടര്‍മാര്‍ക്ക് സുരക്ഷ ഒരുക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടെന്ന് എയിംസ് റസിഡന്റ് ഡോക്ടേഴ്സ് അസോസിയേഷന്‍ ആരോപിച്ചിരുന്നു.
കഴിഞ്ഞ ദിവസം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി സമരത്തിലുള്ള ജൂനിയര്‍ ഡോക്ടര്‍മാര്‍ക്ക് അന്ത്യശാസനം നല്‍കിയ സാഹചര്യത്തിലാണ് സമരം ശക്തിപ്പെടുത്താനുള്ള ഡോക്ടര്‍മാരുടെ തീരുമാനം. സമരം അവസാനിപ്പിച്ച് നാല് മണിക്കൂറിനുള്ളില്‍ ജോലിയില്‍ പ്രവേശിക്കാത്ത പക്ഷം കടുത്ത നടപടിയിലേക്ക് കടക്കുമെന്നായിരുന്നു മമതയുടെ മുന്നറിയിപ്പ്.
എന്‍ആര്‍എസ് മെഡിക്കല്‍ കോളജില്‍ ജോലി ചെയ്യുന്ന പരിഭോഹോ മുഖര്‍ജി എന്ന ജൂനിയര്‍ ഡോക്ടറെ രോഗിയുടെ ബന്ധുക്കള്‍ ആക്രമിച്ചതിനെ തുടര്‍ന്നാണ് പശ്ചിമ ബംഗാളില്‍ സംസ്ഥാന വ്യാപകമായി ജൂനിയര്‍ ഡോക്ടര്‍മാര്‍ സമരം ആരംഭിച്ചത്. ഡോക്ടര്‍മാരുടെ അശ്രദ്ധ മൂലമാണ് രോഗി മരിച്ചത് എന്നാരോപിച്ചാണ് മരിച്ചയാളുടെ ബന്ധുക്കള്‍ ജൂനിയര്‍ ഡോക്ടറെ മര്‍ദ്ദിച്ചത്.
എന്‍ആര്‍എസ് മെഡിക്കല്‍ കോളജ് സൂപ്രണ്ടും പ്രിന്‍സിപ്പലും കഴിഞ്ഞ ദിവസം രാജിവെച്ച് പ്രതിഷേധിച്ചു. അക്രമികള്‍ക്കെതിരെ നടപടിയെടുക്കുക, സുരക്ഷിതമായ ജോലി അന്തരീക്ഷം ഒരുക്കുക എന്നിവയാണ് ഡോക്ടര്‍മാരുടെ ആവശ്യം.