സിപിഐ ജനറൽ സെക്രട്ടറിയായി ഡി രാജ തുടരും. ദേശീയ കൗൺസിൽ ആണ് ഔദ്യോഗിക തീരുമാനം എടുത്തത്. അതേ സമയം, ഡി രാജയെ കൗൺസിലിൽ ഉൾപ്പെടുത്തിയതിനെതിരെ കേരളം അടക്കമുള്ള ഘടകങ്ങൾ ശക്തമായ എതിർപ്പ് രേഖപ്പെടുത്തി.
കേരളത്തില്‍ നിന്നുള്ള പ്രതിനിധികളായ രാജാജി മാത്യു തോമസ്, ആര്.ലതാദേവി, വി.എസ്.സുനില്‍കുമാര്‍ തുടങ്ങിയവരാണ് എതിർപ്പ് രേഖപ്പെടുത്തിയത്. പ്രതിനിധികളുടെ ആവശ്യപ്രകാരം എതിർപ്പ് മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കേരളം, തമിഴ്നാട്, ആന്ധ്ര, ദില്ലി ഘടകങ്ങൾ ആണ് എതിർപ്പ് അറിയിച്ചത്. പാർട്ടി കോൺഗ്രസിൻ്റെ ചരിത്രത്തിൽ ഇത് അസാധരണം എന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
75 വയസ് പ്രായപരിധി കടന്ന രാജയ്ക്ക് ഇളവു നല്‍കിയാണ് ജനറല്‍ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുത്തത്. പ്രായപരിധി മാനദണ്ഡം കര്‍ശനമാക്കിയതോടെ കേരളത്തില്‍ തന്നെ നിരവധി പേരാണ് ഒഴിവാക്കപ്പെട്ടതെന്ന് പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. മൂന്നര മണിക്കൂർ നീണ്ട ചര്‍ച്ചയ്ക്കൊടുവിലാണ് രാജയ്ക്ക് പ്രായപരിധിയില്‍ ഇളവ് നല്കാന് തീരുമാനമായത്.
31 അംഗങ്ങളാണ് സിപിഐയുടെ പുതിയ ദേശീയ നിർവാഹക സമിതിയിൽ ഉള്ളത്. കെ പി രാജേന്ദ്രൻ നിർവാഹക സമിതിയിൽ തുടരും. 11 അംഗ ദേശീയ സെക്രട്ടറിയേറ്റ്, 31 അംഗ എക്സിക്യൂട്ടിവ്, 136 അംഗ കൗൺസിൽ എന്നിവ നിലവിൽ വന്നു.