ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം; കണ്ണീര്‍ വാതകം പ്രയോഗിച്ച് പൊലീസ്; ട്രാക്ടറുകളും ലോറികളും പിടിച്ചെടുത്തു

കര്‍ഷകര്‍ നടത്തിയ ഡല്‍ഹി ചലോ മാര്‍ച്ചില്‍ സംഘര്‍ഷം. കര്‍ഷകര്‍ക്ക് നേരെ പൊലീസ് കണ്ണീര്‍ വാതക ഷെല്ലുകള്‍ പ്രയോഗിച്ചു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയിലെ ശംഭുവിന് സമീപമാണ് കര്‍ഷകരുടെ മാര്‍ച്ചിനെ പൊലീസ് കണ്ണീര്‍ വാതകം ഉപയോഗിച്ച് നേരിട്ടത്. കര്‍ഷകര്‍ മാര്‍ച്ചിനെത്തിയ ട്രാക്ടറുകളും ലോറികളും പൊലീസ് പിടിച്ചെടുത്തു.

പഞ്ചാബ്, ഹരിയാന, രാജസ്ഥാന്‍, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ നിന്നുള്ള കര്‍ഷകരാണ് പ്രധാനമായും സമരത്തില്‍ അണിനിരക്കുന്നത്. ഡല്‍ഹിയുടെ അതിര്‍ത്തികളില്‍ വന്‍ സുരക്ഷാ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം ആവശ്യമെങ്കില്‍ തങ്ങള്‍ അനശ്ചിതകാല സമരം നടത്തുമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു.

വിളകള്‍ക്ക് താങ്ങുവില ഉറപ്പാക്കുന്നതിനുള്ള നിയമം പാസാക്കണം, കാര്‍ഷിക പെന്‍ഷന്‍ ഉള്‍പ്പടെയുള്ള ആനുകൂല്യങ്ങള്‍ നടപ്പിലാക്കണം, കര്‍ഷക സമരത്തില്‍ പങ്കെടുത്ത കര്‍ഷകര്‍ക്കെതിരെയുള്ള കേസുകള്‍ പിന്‍വലിക്കണം, ലഖിംപൂര്‍ ഖേരിയില്‍ കൊല്ലപ്പെട്ടവര്‍ക്ക് നീതി നടപ്പിലാക്കണം, കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളണം, സ്വതന്ത്രവ്യാപാര കരാറുകള്‍ അവസാനിപ്പിക്കണം തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് കര്‍ഷകരുടെ സമരം.

സമരത്തെ നേരിടാന്‍ ഹരിയാന, ഡല്‍ഹി അതിര്‍ത്തികളില്‍ കടുത്ത നിയന്ത്രണമാണുള്ളത്. ഹരിയാനയിലെ ഏഴ് ജില്ലകളില്‍ നിരോധനാജ്ഞയും ഇന്‍ര്‍നെറ്റ് നിരോധനവും ഏര്‍പ്പെടുത്തി. ഡല്‍ഹിയില്‍ ഒരു മാസത്തേക്ക് നിരോധനാജ്ഞ പ്രഖ്യാപിച്ചു. കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് കടക്കുന്നത് തടയാന്‍ അതിര്‍ത്തികള്‍ അടച്ചു. പഞ്ചാബില്‍ നിന്ന് ഹരിയാനയിലേക്ക് കര്‍ഷകര്‍ കടക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ പൊലീസ് ബാരിക്കേഡ് സ്ഥാപിക്കുകയും റോഡില്‍ ഇരുമ്പാണികള്‍ നിരത്തുകയും ചെയ്തു.

പ്രക്ഷോഭവുമായി അതിര്‍ത്തി കടന്നെത്തുന്ന കര്‍ഷകര്‍ക്കായുള്ള ജയിലുകളും സര്‍ക്കാര്‍ തയാറാക്കി കഴിഞ്ഞു. പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് പാര്‍പ്പിക്കാനായി ഹരിയാനയിലെ രണ്ട് വലിയ സ്റ്റേഡിയങ്ങളാണ് താത്കാലിക ജയിലുകളാക്കി മാറ്റിയിരിക്കുന്നത്. സമരത്തിന് കോണ്‍ഗ്രസ് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. സംസ്ഥാന അതിര്‍ത്തികളില്‍ റോഡ് സ്പൈക്ക് ബാരിയറുകള്‍ സ്ഥാപിക്കുന്നതിന്റെ വീഡിയോ പങ്കുവെച്ചു കൊണ്ട് കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി പ്രതികരിച്ചിരുന്നു. ‘കര്‍ഷകരുടെ പാതയില്‍ മുള്ളുകള്‍ വെക്കുന്നത് അമൃത്കാലമാണോ അതോ അന്യായക്കാലമാണോ?’ എന്നാണ് പ്രിയങ്ക ചോദിച്ചത്.

സംയുക്ത കിസാന്‍ മോര്‍ച്ച, കിസാന്‍ മസ്ദൂര്‍ മോര്‍ച്ച എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ‘ഡല്‍ഹി ചലോ’ എന്ന പേരില്‍ മാര്‍ച്ച് സംഘടിപ്പിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ 2020- 2021 ല്‍ നടന്ന കര്‍ഷക പ്രക്ഷോഭത്തത്തിന് സമാനമായ ഒന്ന് ഉണ്ടാവാതിരിക്കാനായി, കര്‍ഷകര്‍ ഡല്‍ഹിയിലേക്ക് എത്താതിരിക്കാനായുള്ള എല്ലാ ശ്രമങ്ങളും സര്‍ക്കാര്‍ നടത്തുന്നുണ്ട്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്