കനത്ത മഴയെ തുടർന്ന് ആസാമിലും മേഘാലയയിലും വെള്ളപ്പൊക്കം രൂക്ഷമാകുന്നു. വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലുമായി 2 ദിവസത്തിനുള്ളിൽ 31 പേർ മരിച്ചു. എട്ട് പേരെ കാണാതായി. അസമിൽ മാത്രം 28 ജില്ലകളിലെ 3000 ഗ്രാമങ്ങളിലായി 19 ലക്ഷം പേരെയാണ് വെള്ളപ്പൊക്കം ബാധിച്ചത്. ഒരു ലക്ഷം ആളുകൾ ദുരിതാശ്വാസ ക്യാംപുകളിലാണ്.
അസം സ്റ്റേറ്റ് ഡിസാസ്റ്റർ മാനേജ്‌മെന്റ് അതോറിറ്റിയുടെ (എഎസ്ഡിഎംഎ) കണക്കനുസരിച്ച് മഴ ദുരന്തത്തിൽ 62 പേർക്ക് ജീവൻ നഷ്ടമായി. കണക്കുകൾ. 51 പേർ വെള്ളപ്പൊക്കത്തിലും 11 പേർ മണ്ണിടിച്ചിലുമാണ് മരിച്ചത്.
മഴയ്ക്കൊപ്പം പല സ്ഥലങ്ങളിലും മണ്ണിടിച്ചിലും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. തുടർച്ചയായ രണ്ടാം മാസമാണ് അസമിൽ മഴ ദുരന്തം റിപ്പോർട്ട് ചെയ്യുന്നത്. 32 ജില്ലകളിലായി 31 ലക്ഷത്തിലധികം ആളുകളെയാണ് മഴ ദുരന്തം ബാധിച്ചത്.
പുതുതായി രൂപീകരിച്ച ബജാലി ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ബ്രഹ്മപുത്ര, ഗൗരംഗ നദികളിലെ ജലനിരപ്പ് പലയിടത്തും അപകടനിലയിൽ കവിഞ്ഞൊഴുകുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. പ്രളയ ബാധിത ജില്ലകളിൽ എല്ലാം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്