ഓഫീസ് സമയത്തിന് ശേഷം ജോലി കോളുകളും ഇമെയിലുകളും അവഗണിക്കാനുള്ള നിയമപരമായ അവകാശം ജീവനക്കാർക്ക് നൽകുന്നതിനുള്ള ഒരു സ്വകാര്യ ബിൽ ലോക്‌സഭയിൽ അവതരിപ്പിച്ച് സുപ്രിയ സുലെ. ഇവയിൽ നിന്നും ഒഴിഞ്ഞുനിൽക്കാനുള്ള അവകാശം ഓരോ ജീവനക്കാരനും നൽകണമെന്ന് സുപ്രിയ സുലെ അവതരിപ്പിച്ച ‘റൈറ്റ് ഡു ഡിസ്‌കണക്ട് ബിൽ’ ആവശ്യപ്പെടുന്നു.
നിശ്ചിത ജോലി സമയത്തിന് ശേഷമോ അവധി ദിവസങ്ങളിലോ ജീവനക്കാർ ജോലിയുമായി ബന്ധപ്പെട്ട കോളുകൾ, ഇമെയിലുകൾ അല്ലെങ്കിൽ സന്ദേശങ്ങൾക്ക് മറുപടി നൽകാൻ ബാധ്യസ്ഥരല്ല. നിയമങ്ങൾ പാലിക്കാത്ത തൊഴിലുടമകൾക്കെതിരെ പിഴ ചുമത്താനും, നിയമലംഘനങ്ങൾക്ക് സ്ഥാപനത്തിലെ ജീവനക്കാരുടെ മൊത്തം പ്രതിഫലത്തിന്റെ 1% പിഴ ചുമത്താനും നിർദ്ദേശമുണ്ട്. ജോലി സമയത്തിന് ശേഷവും സ്ഥാപനങ്ങൾ ജീവനക്കാരെ ബന്ധപ്പെടുന്നത് ഉറക്കക്കുറവ്, സമ്മർദം തുടങ്ങിയ പ്രശ്‌നങ്ങളുണ്ടാക്കുന്നതായി പഠനങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സുപ്രിയ ബില്ലിൽ ചൂണ്ടിക്കാട്ടി.
സ്വകാര്യ ബില്ലുകൾ എംപിമാർക്ക് നിയമനിർമ്മാണം അർഹിക്കുന്ന വിഷയങ്ങൾ അവതരിപ്പിക്കാൻ അനുവദിക്കുന്നു. അത്തരം ബില്ലുകൾ സർക്കാർ പ്രതികരിച്ചതിന് ശേഷം അവ പിൻവലിക്കുകയാണ് പതിവ്. ഡിസംബർ 1 ന് ആരംഭിച്ച തിരക്കേറിയ ശൈത്യകാല സമ്മേളനത്തിനിടയിലാണ് ബിൽ അവതരിപ്പിച്ചത്.