മുഖ്യമന്ത്രി പിണറായി വിജയന്‍ ഇന്ന് രാത്രി തങ്ങുന്ന തൃശൂര്‍ രാമനിലയത്തില്‍ കനത്ത സുരക്ഷ. രാമനിലയവും പരിസരവും കനത്ത പൊലീസ് കാവലിലാണ് ഉള്ളത്. ഇവിടേക്ക് ഇന്ന് വൈകിട്ട് ആറരയ്ക്ക് യൂത്ത് കോണ്‍ഗ്രസ് മാര്‍ച്ച് നത്തും. പ്രതിഷേധത്തെ നേരിടാന്‍ ജലപീരങ്കിയടക്കം സജ്ജമാക്കി നിലയുറപ്പിച്ചിരിക്കുകയാണ് പൊലീസ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ എത്തുന്നതിന്റെ പശ്ചാത്തലത്തില്‍ കൊച്ചിയിലും കോട്ടയത്തും കര്‍ശന സുരക്ഷയാണ് ഒരുക്കിയത്. മുഖ്യമന്ത്രി എത്തുന്ന വേദികള്‍ക്ക് സമീപവും ഗസ്റ്റ്ഹൗസിലും വന്‍പൊലീസ് സന്നാഹമാണ് അണിനിരന്നിരിക്കുന്നത്. കലൂരില്‍ സുരക്ഷയൊരുക്കാന്‍ അഞ്ച് അസിസ്റ്റന്റ് കമ്മീഷണര്‍മാരാണുള്ളത്.
കോട്ടയത്ത് നിന്ന് മുഖ്യമന്ത്രി സഞ്ചരിച്ച പാതയില്‍ എല്ലായിടത്തും പൊലീസ് കാവല്‍ നിന്നു. തൃപ്പൂണിത്തുറയില്‍ വാഹനങ്ങള്‍ തടഞ്ഞിട്ടു. മുഖ്യമന്ത്രി വിശ്രമിച്ച എറണാകുളം ഗസ്റ്റ് ഹൗസില്‍ ഡി.സി.പിയുടെ നേതൃത്വത്തിലായിരുന്നു കാവല്‍ ഒരുക്കിയത്. എറണാകുളത്ത് കലൂരിലും, ചെല്ലാനത്തുമാണ് മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികള്‍ ഉള്ളത്. ഇതിന് ശേഷം മുഖ്യമന്ത്രി തൃശൂരിലേക്ക് തിരിക്കും.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ സുരക്ഷ പതിവിലും കൂടുതലായി വര്‍ധിപ്പിച്ചത്. ഏറ്റവും കുറഞ്ഞത് 40 പൊലീസുകാരുടെയെങ്കിലും അകമ്പടിയോടെയാണ് ഇപ്പോള്‍ മുഖ്യമന്ത്രിയുടെ യാത്ര.