ഗവർണറുടെ ആദ്യ നയപ്രഖ്യാപന പ്രസംഗത്തിൽ വമ്പൻ പ്രഖ്യാപനങ്ങൾ. അഴിമതി രഹിത ഭരണം കാഴ്‌ചവെക്കുമെന്നും കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കുമെന്നും പ്ലസ്‌വൺ സീറ്റ് വർധിപ്പിക്കും എന്നതടക്കം നിരവധി പ്രഖ്യാപനങ്ങളാണ് നയപ്രഖ്യാപന പ്രസംഗത്തിൽ ഉള്ളത്. സംസ്ഥാനത്തിൻ്റെ സാമ്പത്തിക സ്ഥിതി ജനങ്ങൾക്ക് മുന്നിൽ വിശദീകരിക്കാൻ ധവളപത്രം ഇറക്കുമെന്നും നയപ്രഖ്യാപന പ്രസംഗത്തിൽ പറയുന്നു.
എക്സൈസ് നയത്തിൽ മാറ്റം വരുത്തുമെന്നും സംയോജിത ഗതാഗത സംവിധാനം നടപ്പാക്കുമെന്നടക്കം പ്രഖ്യാപനങ്ങളുണ്ട്. പ്രസംഗത്തിൽ യുവാക്കളിലെ തൊഴിലില്ലായ്മ നിരക്കിലുള്ള ആശങ്കയാണ് ആദ്യം പരാമർശിച്ചത്. പുതുയുഗ കേരളത്തിനുള്ള പരിശ്രമം നടത്തുമെന്നും ഭരണ സംവിധാനത്തിന് സുതാര്യതയും വേഗവും ഉറപ്പാക്കുമെന്നും പ്രസംഗത്തിൽ പറഞ്ഞു. അഴിമതി രഹിത ഭരണം കാഴ്‌ചവെക്കുമെന്നും ഉദ്യോഗസ്ഥ തലത്തിൽ ക്രിയാത്മകതയും കാര്യക്ഷമതയും നയപ്രഖ്യാപന പ്രസംഗത്തിൽ ഉറപ്പാക്കുമെന്നും പറഞ്ഞു.
റോഡ്-ജല-വ്യോമ ഗതാഗത സംവിധാനങ്ങൾ ബന്ധിപ്പിച്ച് ബൃഹദ്‌പദ്ധതി നടപ്പാക്കും. മനുഷ്യ മൃഗ സംഘർഷ മേഖലയിൽ പ്രത്യേക ശ്രദ്ധ പതിപ്പിക്കും. കാർഷിക മേഖലയുടെ സമഗ്ര വികസനം ലക്ഷ്യംവെച്ച് പ്രവർത്തിക്കും. വനിതാ കർഷകരുടെ കൺസോർഷ്യം ഈ വർഷം തന്നെ യാഥാർത്ഥ്യമാക്കും. മണ്ണ് പരിശോധനക്ക് ശാസ്ത്രീയ സംവിധാനം കൊണ്ടുവരും. സുഗന്ധവ്യഞ്ജന പാർക്കുകളും പൊതുസ്വകാര്യ പങ്കാളിത്ത പദ്ധതിയും നടപ്പാക്കുമെന്നും പ്രസംഗത്തിൽ വ്യക്തമാക്കി.
മതനിരപേക്ഷതക്ക് മുൻതൂക്കം നൽകും. സാമ്പത്തിക സ്ഥിതിയെ കുറിച്ച് ധവളപത്രമിറക്കും. സാമ്പത്തിക സ്ഥിതിയിൽ ജനങ്ങൾക്ക് വ്യക്തമായ ചിത്രം നൽകും. സേവന മേഖലയിൽ നിന്ന് പിന്മാറില്ല. കേന്ദ്രസർക്കാരുമായി പരമാവധി സഹകരിക്കും. ന്യായവും അർഹവുമായ പിന്തുണ കേന്ദ്ര സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നുണ്ട്. ഇന്ദിരാ ഗ്യാരണ്ടിയുമായി മുന്നോട്ട് പോകും. ഇതിലെ പ്രധാന ഗ്യാരൻ്റിയായ വയോജന വകുപ്പ് സംസ്ഥാനത്ത് ആദ്യ മന്ത്രിസഭ യോഗത്തിൽ തന്നെ തീരുമാനിച്ചു.