രാജ്ഭവനില്‍ ഔദ്യോഗിക പരിപാടികളില്‍ ആര്‍എസ്എസ് ചിത്രം ഉപയോഗിക്കരുതെന്ന മുഖ്യമന്ത്രിയുടെ കത്തിന് മറുപടിയുമായി ഗവര്‍ണര്‍ രാജേന്ദ്ര ആര്‍ലേക്കര്‍. രാജ്ഭവനിലെ പരിപാടിയില്‍ നിന്ന് മന്ത്രി വി ശിവന്‍കുട്ടി ഇറങ്ങിപ്പോയത് പ്രോട്ടോക്കോള്‍ ലംഘനമാണെന്ന് ഗവര്‍ണര്‍ നല്‍കിയ കത്തില്‍ ആരോപിക്കുന്നു.
ഭാരതാംബ എന്നത് രാഷ്ട്രീയ പാര്‍ട്ടിയുടെ ആശയമല്ലെന്നും കത്തില്‍ ചൂണ്ടിക്കാട്ടി. ഭാരതാംബ ദേശീയ ഐക്യത്തിന്റെ ഭാഗമാണ്. സ്വാതന്ത്ര്യത്തിന്റെ പ്രതീക്ഷയില്‍ നിന്നുയര്‍ന്ന പ്രതീകമാണിതെന്നും ജാതിക്കും രാഷ്ട്രീയത്തിനും അതീതമെന്നും ഗവര്‍ണര്‍ പറയുന്നു.
സര്‍ക്കാര്‍ പരിപാടികളില്‍ കാവിക്കൊടിയേന്തിയ ഭാരതാംബയുടെ ചിത്രം വയ്ക്കുന്നത് ശരിയല്ല. ഇനിയുള്ള പരിപാടികളില്‍ ഇത് ഒഴിവാക്കണം. ഭരണഘടന അംഗീകരിച്ച ദേശീയ ചിഹ്നങ്ങള്‍ മാത്രമേ ഉപയോഗിക്കാവൂ എന്നാണ് മുഖ്യമന്ത്രി ഗവര്‍ണര്‍ക്കയച്ച കത്തില്‍ ചൂണ്ടിക്കാട്ടിയത്. മതേതരത്വത്തെ വെല്ലുവിളിക്കുന്ന സംഘടനകളുടേത് പാടില്ല.
ഭാരതാംബയുടെ ചിത്രം ഉപയോഗിച്ചതിലുള്ള സര്‍ക്കാരിന്റെ പ്രതിഷേധം അറിയിക്കുന്നെന്നും കത്തിലുണ്ട്. ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗം ഗവര്‍ണറെ എതിര്‍പ്പറിയിക്കാന്‍ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു.