കാസര്‍കോട് മോഷണക്കുറ്റം ആരോപിക്കപ്പെട്ട യുവതി വിഷം കഴിച്ച് മരിച്ച സംഭവത്തില്‍ ഭര്‍തൃവീട്ടുകാര്‍ക്കെതിരേയും അയല്‍വീട്ടുകാര്‍ക്കെതിരേയും പൊലീസിനെതിരേയും പരാതി. മുളിയാര്‍ സ്വദേശി ജസീല (24)യുടെ മരണത്തിലാണ് കുടുംബം പൊലീസില്‍ പരാതി നല്‍കിയത്. മോഷണക്കുറ്റം ആരോപിച്ച് അപമാനിച്ചതില്‍ മനംനൊന്താണ് ജസീല ജീവനൊടുക്കിയതെന്നാണ് കുടുംബത്തിന്റെ ആരോപണം. തനിക്കുമേല്‍ മോഷണക്കുറ്റം ആരോപിക്കുകയാണെന്നും ജീവനൊടുക്കാതെ മാര്‍ഗമില്ലെന്നും ജസീല പറയുന്ന വിഡിയോ കുടുംബം പുറത്തുവിട്ടു. യുവതിയുടെ മരണമൊഴി മജിസ്ട്രേറ്റ് രേഖപ്പെടുത്തിയിരുന്നു. വിദ്യാനഗര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസ് റജിസ്റ്റര്‍ ചെയ്തു.
ജസീലയുടെ ഭര്‍തൃവീടിനു സമീപത്തെ വീട്ടിലെ വിവാഹാഘോഷത്തിനിടെ സ്വര്‍ണമാല മോഷണംപോയിരുന്നു. ജസീലയാണ് മോഷ്ടിച്ചതെന്നായിരുന്നു ആരോപണം. തുടര്‍ന്ന് ആദൂര്‍ പൊലീസ് ജസീലയെ ചോദ്യം ചെയ്‌തെങ്കിലും സംഭവത്തില്‍ പങ്കുള്ളതായി കണ്ടെത്താനായില്ല. മാത്രമല്ല, മാലമോഷണത്തില്‍ ആദൂര്‍ പോലീസ് കേസും രജിസ്റ്റര്‍ചെയ്തിരുന്നില്ലെന്നാണ് വിവരം. വനിതാ പോലീസുകാര്‍ ഇല്ലാതെയാണ് ജസീലയെ പോലീസ് ചോദ്യംചെയ്തതെന്നും ആരോപണമുണ്ട്. പോലീസ് ചോദ്യംചെയ്ത് വിട്ടയച്ചതിന് പിന്നാലെ ജസീല കടുത്ത മാനസികപ്രയാസത്തിലായിരുന്നു. ഇതിനുപിന്നാലെയാണ് വിഷം കഴിച്ചത്. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ ജസീല ചികിത്സയിലിരിക്കെ കഴിഞ്ഞദിവസമാണ് മരിച്ചത്.
അതിനിടെ, വിഷം കഴിക്കുന്നതിന് മുന്‍പ് ജസീല മൊബൈല്‍ഫോണില്‍ ചിത്രീകരിച്ച വീഡിയോയും കുടുംബം പുറത്തുവിട്ടിട്ടുണ്ട്. തെറ്റൊന്നും ചെയ്തിട്ടില്ലെന്നും പക്ഷേ, ആരും തന്നെ വിശ്വസിക്കുന്നില്ലെന്നുമാണ് വീഡിയോയില്‍ ജസീല പറയുന്നത്. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയതെന്നും ജസീല ചോദിക്കുന്നുണ്ട്. സത്യം ഒരുദിവസം തെളിയുമെന്ന വിശ്വാസത്തോടെ താന്‍ പോവുകയാണെന്നും വീഡിയോയില്‍ പറയുന്നു.
ഞാന്‍ എന്തായാലും ചെയ്യാത്ത തെറ്റിന്റെ പേരില്‍ കുറേ അനുഭവിക്കുന്നുണ്ട്. എന്റെ ഫ്രണ്ടിന്റെ ഉമ്മാന്റെ ഗോള്‍ഡ് മിസായിട്ടുണ്ട്. അത് ഞാന്‍ എടുത്തെന്നാണ് പറയുന്നത്. ഞാന്‍ എടുത്തിട്ടുപോലുമില്ല. എനിക്ക് അറിയത്തുപോലുമില്ല അങ്ങനെയൊരു സാധനമുള്ളത്. സത്യം ആരും വിശ്വസിക്കുന്നില്ല. ഞാന്‍ രേഖാമൂലം പരാതി കൊടുക്കാമെന്ന് വിചാരിച്ചപ്പോള്‍ ആദൂര്‍ പോലീസ് സ്റ്റേഷനിലെ ആള്‍ക്കാര്‍ അതിന് സമ്മതിക്കുന്നുമില്ല. എന്റെ ആത്മഹത്യയ്ക്ക് ഉത്തരവാദി ഇവരൊക്കെയാണ്. എന്റെ ഭര്‍ത്താവും ഉണ്ട് ഇതില്‍ പങ്കാളിയായിട്ട്. ഭര്‍ത്താവിന്റെ ഉമ്മയും ഉണ്ട്. ഞാന്‍ അധികം ജീവിച്ചിരിക്കില്ല. എന്നെ എന്തിനാണ് ഇങ്ങനെ നാണംകെടുത്തിയത്. സത്യം ഒരുദിവസം തെളിയുമെന്ന വിശ്വാസത്തോടെ ഞാന്‍ പോവുകയാണ്”,
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യ വിദഗ്‌ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ‘ദിശ’ ഹെൽപ് ലൈനിൽ വിളിക്കുക. Toll free helpline number: 1056, 0471-2552056)