തകരാറിനെ തുടര്‍ന്ന് ജൂണ്‍ 14ന് നിലത്തിറക്കിയ ബ്രിട്ടന്റെ എഫ് 35 ബി യുദ്ധവിമാനം പരിശോധിക്കാന്‍ ബ്രിട്ടിഷ് സംഘം തിരുവനന്തപുരത്തെത്തി. ബ്രിട്ടിഷ് വ്യോമസേനയുടെ ട്രാന്‍സ്‌പോര്‍ട്ട് വിമാനമായ എയര്‍ബസ് 400 വിമാനത്തിലാണ് 17 അംഗ സാങ്കേതിക വിദഗ്ധരുടെ സംഘം തിരുവനന്തപുരത്തെത്തിയതി. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് ബ്രിട്ടീഷ് എന്‍ജിനീയര്‍മാര്‍ എത്തിയത്. ബ്രിട്ടീഷ് റോയല്‍ എയര്‍ഫോഴ്‌സിന്റെ എ400 വിമാനം ഇന്ന് തിരികെ പോകും. എന്‍ജിനീയര്‍മാര്‍ ഇവിടെ തുടരും.
സ്റ്റാന്‍ഡേര്‍ഡ് പ്രോട്ടോക്കോളിന്റെ ഭാഗമായി, കുടുങ്ങിക്കിടക്കുന്ന വിമാനം വിശദമായി പരിശോധിക്കുന്നതിനും സഞ്ചാര സാധ്യത വിലയിരുത്തുന്നതിനും യുകെ എഞ്ചിനീയര്‍മാരുടെ സംഘം തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയതിന് ശേഷം ബ്രിട്ടീഷ് എഫ്-35ബി യുദ്ധവിമാനം ഹാങ്ങറിലേക്ക് മാറ്റി. ബ്രിട്ടീഷ് റോയല്‍ ജെറ്റിനുള്ള മെയിന്റനന്‍സ് റിപ്പയര്‍ ആന്‍ഡ് ഓവര്‍ഹോള്‍ (എംആര്‍ഒ) സൗകര്യത്തില്‍ സ്ഥലം നല്‍കാനുള്ള വാഗ്ദാനം യുകെ അധികൃതര്‍ ഞായറാഴ്ച സ്വീകരിച്ചതിനെ തുടര്‍ന്നാണ് യുദ്ധവിമാനം ഹാങ്ങറിസേക്ക് മാറ്റിയത്. ഇന്ത്യന്‍ അധികാരികളുടെയും വിമാനത്താവള അധികൃതരുടെ തുടര്‍ച്ചയായ പിന്തുണയ്ക്കും സഹകരണത്തിനും യുകെ നന്ദി അറിയിക്കുന്നതായി ബ്രിട്ടീഷ് ഹൈക്കമ്മീഷണര്‍ പ്രസ്താവനയില്‍ അറിയിച്ചു.
തകരാര്‍ പരിഹരിച്ചില്ലെങ്കില്‍ ചിറകുകള്‍ അഴിച്ചു മാറ്റി ട്രാന്‍സ്‌പോര്‍ട്ട് വിമാനത്തില്‍ ബ്രിട്ടനിലേക്ക് എഫ് 35 ബി യുദ്ധവിമാനം കൊണ്ടുപോകും. ഇന്ത്യപസഫിക് മേഖലയില്‍ സഞ്ചരിക്കുകയായിരുന്ന ബ്രിട്ടിഷ് നാവികസേനയുടെ വിമാനവാഹിനിക്കപ്പലില്‍നിന്നു പറന്നുയര്‍ന്ന എഫ് 35 ബി യുദ്ധവിമാനം ഇന്ധനം കുറഞ്ഞതിനെ തുടര്‍ന്ന് ജൂണ്‍ 14ന് ആണ് തിരുവനന്തപുരത്ത് ഇറക്കിയത്. അടിയന്തര ലാന്‍ഡിങിനെ തുടര്‍ന്ന് വിമാനത്തിന്റെ ഹൈഡ്രോളിക് സംവിധാനത്തിനു തകരാര്‍ സംഭവിച്ചു. വിമാനവാഹിനി കപ്പലില്‍നിന്ന് 2 എന്‍ജിനീയര്‍മാര്‍ ഹെലികോപ്റ്ററില്‍ എത്തിയെങ്കിലും തകരാര്‍ പരിഹരിക്കാനായില്ല. വിമാനത്തിന് അരികില്‍ ആദ്യദിവസം കസേരയിട്ടിരുന്ന പൈലറ്റ് വലിയ ചര്‍ച്ചയായിരുന്നു. പിന്നീട് പൈലറ്റ് വിമാനവാഹിനി കപ്പലില്‍നിന്ന് തകരാര്‍ പരിഹരിക്കാനെത്തിയ കോപ്റ്ററില്‍ മടങ്ങി. ബ്രിട്ടനില്‍നിന്നുള്ള ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തില്‍ തുടര്‍ന്നു.
ശത്രുവിന്റെ റഡാര്‍ കണ്ണുകളെ വെട്ടിക്കാന്‍ കഴിവുള്ള സ്റ്റെല്‍ത്ത് സാങ്കേതിക വിദ്യയുള്ളതാണ് എഫ് 35 വിമാനം. ഇസ്രയേല്‍, ബ്രിട്ടന്‍, ജപ്പാന്‍, െതക്കന്‍ കൊറിയ തുടങ്ങിയ രാജ്യങ്ങള്‍ ഈ വിമാനം ഉപയോഗിക്കുന്നുണ്ട്. അമേരിക്കന്‍ കമ്പനിയായ ലോക്ഹീഡ് മാര്‍ട്ടിനാണ് നിര്‍മാതാക്കള്‍. വിമാനം കേരളത്തില്‍ ഇറങ്ങിയതിന് പിന്നാലെ കേരള ടൂറിസം വകുപ്പ് അടക്കം പരസ്യത്തില്‍ എഫ് ബിയെ ഉപയോഗിച്ചതും ലോകത്തിന് മുന്നില്‍ വലിയ കൗതുകത്തിന് ഇടയാക്കിയിരുന്നു.