ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ് മത ധ്രുവീകരണം നടത്തുന്നുവെന്ന് സിപിഐഎം നേതാവ് കെ ടി ജലീൽ. ബംഗാളിൽ സംഭവിച്ചത് വൈകാതെ കേരളത്തിലും സംഭവിക്കുമെന്നും കെ ടി ജലീൽ കൂട്ടിച്ചേർത്തു. പാർട്ടി പ്രതിസന്ധി അഭിമുഖീകരിക്കുന്ന ഘട്ടത്തിൽ അതിന്റെ ഭാഗമാകുക എന്നത് തന്റെ ചുമതലയാണെന്നും കെ ടി ജലീൽ പറഞ്ഞു.
മുസ്ലിം ലീഗിനെതിരെയും കെടി ജലീൽ വിമർശനം ഉന്നയിച്ചു. അല്ലാഹുവിന്റെ നാമത്തിൽ സത്യപ്രതിജ്ഞ ചെയ്തിരുന്ന ലീഗ് എംഎൽഎമാരും മന്ത്രിമാരും എന്തുകൊണ്ട് അല്ലാഹുവിനെ വിട്ട് ദൈവത്തിലേക്ക് മാറി എന്ന് കെ ടി ജലീൽ ചോദിച്ചു. എന്തുകൊണ്ടാണ് തൊപ്പി മാറ്റിയത്. തൊപ്പി വെച്ച് നടക്കുന്ന വിശ്വാസികളോട് ഇനി പറയാൻ പോകുന്നത് തൊപ്പി ഒരു പ്രധാന ഘടകം അല്ല എന്നാണ് എന്നും കെ ടി ജലീൽ പരിഹസിച്ചു.
ഞാൻ ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തപ്പോൾ എതിർത്തവരാണ് മുസ്ലിം ലീഗ്. സിപിഐഎമ്മിൽ വിശ്വാസികൾക്കും മെമ്പർഷിപ്പ് എടുക്കാം. വെള്ളാപ്പള്ളിയെ കാറിൽ കയറ്റി എന്ന് പറഞ്ഞ് വോട്ട് വാങ്ങിയവർ വെള്ളാപ്പള്ളിയെ പോയി കാണുന്നുവെന്നും കെ ടി ജലീൽ വിമർശിച്ചു. അതേസമയം കെ ടി ജലീലും ഭാര്യയും സിപിഐഎം അംഗമായതായി ഇന്നലെ പ്രഖ്യാപിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.