വന്യജീവി ആക്രമണം തടയാൻ തന്റെ കയ്യിൽ ഒറ്റമൂലിയില്ലെന്ന് വനംവകുപ്പ് മന്ത്രി ഷിബു ബേബി ജോൺ. ഒരാളുടെ കയ്യിലും അതിനുള്ള ഒറ്റമൂലിയില്ല. ദീർഘകാലമായി പരിഹരിക്കപ്പെടാതെ കിടക്കുന്നതിന്റെ പ്രശ്നമാണ്. അതിന് പരിഹാരം ഉണ്ടാകും. എന്നാൽ അതിന്റേതായ സമയം ഉണ്ടാകുമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. അതിരപ്പിള്ളിയിൽ കാട്ടാന ആക്രമണത്തിൽ വയോധികൻ കൊല്ലപ്പെട്ട സംഭവത്തിൽ മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു മന്ത്രി.
വന്യജീവി ആക്രമണത്തിൽ ഒരാഴ്ചയ്ക്കിടെ മൂന്നാമത്തെ മരണമാണ് സംഭവിച്ചിരിക്കുന്നത്. വന്യജീവി ആക്രമണത്തിന്റെ തീവ്രത ബോധ്യപ്പെടുത്തുന്നതാണ് സംഭവം. സംഘടിതമായ ശ്രമം എല്ലാഭാഗത്തുനിന്നും ഉണ്ടായാൽ മാത്രമേ പ്രശ്‌നത്തിന് പരിഹാരം ഉണ്ടാകുകയുള്ളൂ. വന്യജീവികളുടെ ആക്രമണം ഉണ്ടാകുമ്പോൾ പ്രഥമ ഉത്തരവാദിത്വം വനംവകുപ്പിന് തന്നെയാണ്. ഇനിയും പരീക്ഷണങ്ങൾക്ക് സമയമില്ലെന്നും അദ്ദേഹം പറഞ്ഞു.
അതിരപ്പിള്ളിയിൽ ഫെൻസിങ് ഉള്ള സ്ഥലത്തായിരുന്നു ആക്രമണം നടന്നത്. പുലർച്ചെ ഒന്നരമണിക്ക് വാട്‌സ്ആപ്പ് ഗ്രൂപ്പുകളിലൂടെ ആനയുടെ സാന്നിധ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ ആന മുറ്റത്തു വന്നുനിന്നാൽ ആളുകൾക്ക് എന്ത് ചെയ്യാൻ സാധിക്കും?. വന്യജീവി വിഷയം ചർച്ച ചെയ്യാൻ തിങ്കളാഴ്ച രാവിലെ ചാലക്കുടിയിൽവെച്ച് യോഗം ചേരുന്നുണ്ടെന്നും ഷിബു ബേബി ജോൺ പറഞ്ഞു.
കഴിഞ്ഞ ആറ് മാസത്തിനിടെ നടന്ന വന്യജീവി ആക്രമണങ്ങളെക്കുറിച്ച് അന്വേഷണം നടത്തി റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. എവിടെയാണ് വീഴ്ച സംഭവിച്ചതെന്ന് അറിയണമെന്നും ഷിബു ബേബി ജോൺ പറഞ്ഞു. പൊറുതി മുട്ടിയ ജനങ്ങൾ വയലന്റായി പ്രതികരിക്കുന്നുണ്ട്. പുതിയ സർക്കാർ അധികാരത്തിൽ വന്നിട്ടേയുള്ളൂ. വിഷയം അഡ്രസ്സ് ചെയ്യാനുള്ള സമയം നൽകണം. ചെയ്യാൻ പറ്റുന്ന കാര്യങ്ങൾ ചെയ്യും. ആട് പച്ചില തിന്നുന്ന പോലെയല്ല കാര്യങ്ങൾ. വ്യക്തമായ പ്ലാൻ ഉണ്ടാകണം. ചെയ്യുന്ന പ്രോജക്ടുകൾ ഫലപ്രദമാകണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.