യുഡിഎഫ് സർക്കാർ ധവളപത്രം തയ്യാറാക്കിയിട്ടുള്ളത് പൂർണ്ണമായും നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ചാണെന്ന് മുഹമ്മദ് റിയാസ് എംഎൽഎ. കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയമാണെന്ന് റിയാസ് ഫേസ്ബുക്കിൽ കുറിച്ചു. പശ്ചിമബംഗാളിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണെന്നും റിയാസ് പറയുന്നു.
ധവള പത്രവുമായി ബന്ധപ്പെട്ട ക്രമ പ്രശ്നം ഇതിനോടകം സഭയ്ക്ക് അകത്തും പുറത്തും പ്രതിപക്ഷം ചൂണ്ടിക്കാട്ടിയതാണെന്നും റിയാസ് പറഞ്ഞു. ധവളപത്രം പരിശോധിച്ചാൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കാൻ അസാമാന്യ ജാഗ്രതയാണ് കാണിച്ചത് എന്ന് മനസ്സിലാകും. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, റെയർ എർത്ത് മിനറൽസ് തുടങ്ങി കേരളത്തിന്റെ സകല പൊതുസ്വത്തുക്കളും സ്വകാര്യവൽക്കരിക്കാനുള്ള നിർദ്ദേശങ്ങളാണ് ധവളപത്രത്തിലുള്ളതെന്നും ഫേസ്ബുക്ക് കുറിപ്പിൽ റിയാസ് ചൂണ്ടിക്കാട്ടുന്നു.
ഫേസ്ബുക്ക് പോസ്റ്റ്
പശ്ചിമബംഗാളിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണ്” ഇക്കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ശ്രീ വി ഡി സതീശൻ നിയമസഭയിൽ അവതരിപ്പിച്ച ധവള പത്രവുമായി ബന്ധപ്പെട്ട ക്രമ പ്രശ്നം ഇതിനോടകം സഭയ്ക്ക് അകത്തും പുറത്തും ഞങ്ങൾ ചൂണ്ടിക്കാട്ടിയതാണ്. ധവളപത്രം പരിശോധിച്ചാൽ കേരളത്തോട് കേന്ദ്ര സർക്കാർ കാണിക്കുന്ന അവഗണനയ്‌ക്കെതിരായ വിമർശനങ്ങൾ ഒഴിവാക്കാൻ അസാമാന്യ ജാഗ്രതയാണ് കാണിച്ചത് എന്ന് മനസ്സിലാകും. ആരോഗ്യം, വിദ്യാഭ്യാസം, വൈദ്യുതി, റെയർ എർത്ത് മിനറൽസ് തുടങ്ങി കേരളത്തിന്റെ സകല പൊതുസ്വത്തുക്കളും സ്വകാര്യവൽക്കരിക്കാനുള്ള നിർദ്ദേശങ്ങളാണ് ധവളപത്രത്തിലുള്ളത്.
പൊതുമേഖലാ സ്ഥാപനങ്ങളുടെ ഓഹരി വിറ്റഴിക്കുന്നതുൾപ്പെടെയുള്ള
ധവളപത്രത്തിലെ നയം ഇതിനോടകം കടുത്ത പ്രതിഷേധത്തിന് ഇടയായിട്ടുണ്ട്.
പൂർണ്ണമായും നവലിബറൽ കോർപറേറ്റ് സാമ്പത്തിക യുക്തിക്കനുസരിച്ചാണ് ധവളപത്രം തയ്യാറാക്കിയിട്ടുള്ളത്.
കേന്ദ്ര കേരള സർക്കാരുകൾ ഒരുപോലെ
നവ ഉദാരവൽക്കരണ കോർപ്പറേറ്റ് നയങ്ങൾ പിന്തുടരുന്ന കാലത്തെല്ലാം കേരളം കടുത്ത പ്രതിസന്ധി നേരിടേണ്ടി വന്നിട്ടുണ്ട് എന്ന വസ്തുത ധവളപത്രം ഇറക്കുന്നതിനു മുൻപ് തന്നെ നയപ്രഖ്യാപനത്തോടനുബന്ധിച്ച് നിയമസഭയിൽ സംസാരിക്കവേ ഞാൻ ചൂണ്ടിക്കാട്ടിയതാണ് . അത്തരമൊരു കാലഘട്ടത്തെ ആണോ ഇനി അഭിമുഖീകരിക്കേണ്ടി വരുക എന്ന ആശങ്കയും പ്രസക്തമാണ്. കേന്ദ്രവും കേരളവും ഭരിക്കുന്നത് വ്യത്യസ്ത പാർട്ടികളാണെങ്കിലും പിന്തുടരുന്നത് ഒരേ നയമാണ്.
ജീവനക്കാരുടെ വിരമിക്കല്‍ പ്രായം ഉയര്‍ത്തുന്നതുവഴി യുവജനങ്ങളോടുള്ള യുദ്ധപ്രഖ്യാപനമാണ് ധവളപത്രം നടത്തിയത്. ശമ്പളപരിഷ്കരണം പത്തു വര്‍ഷത്തിൽ ഒരിക്കലായി നിജപ്പെടുത്താനുള്ള തീരുമാനവും ധവളപത്രത്തിലുണ്ട്. ധവളപത്രവുമായി ബന്ധപ്പെട്ട് ഇടതുപക്ഷ നേതാക്കൾ ഇതിനോടകം വിശദമായി ഉന്നയിച്ച എല്ലാ കാര്യങ്ങളും ആവർത്തിക്കുന്നില്ല.
വിദഗ്ധ സമിതിയുടെ ശുപാര്‍ശകള്‍ മന്ത്രിസഭ അംഗീകരിച്ചതാണെന്ന് മുഖ്യമന്ത്രി തന്നെ സഭയില്‍ പറയുകയുണ്ടായി. ധവളപത്രത്തിലെ എല്ലാ നിർദ്ദേശങ്ങളെയും യുഡിഎഫ് മന്ത്രിസഭ അംഗീകരിക്കുന്നുണ്ടോ എന്ന ചോദ്യവും പ്രസക്‌തമാണ്.
പശ്ചിമബംഗാളിൽ സംസ്ഥാന സർക്കാരിന്റെ നിയന്ത്രണത്തിലുള്ള പ്രതിപക്ഷത്തെ സൃഷ്ടിച്ചത് പോലെ കേരളത്തിൽ കേന്ദ്രസർക്കാരിന്റെ നിയന്ത്രണത്തിലുള്ള ഭരണപക്ഷത്തെയും ബിജെപി സൃഷ്ടിച്ചിരിക്കുകയാണ്. ധവളപത്രത്തെ ബിജെപി സംസ്ഥാന നേതൃത്വം പിന്തുണച്ചത് ഇതിനോട് കൂട്ടി വായിക്കണം.
ഒരു പുതിയ ഗവൺമെന്റ് അധികാരത്തിലേറിയ ഉടനെ സകല വിഷയങ്ങളെയും ഉടനടി എതിർക്കുക എന്ന നിലപാട് യുഡിഫിനെ പോലെ എൽഡിഎഫ് സ്വീകരിക്കില്ല. എന്നാൽ സംസ്ഥാന സർക്കാരിന്റെ സമീപനങ്ങളും നയങ്ങളുമാണ് ഞങ്ങളുടെ പ്രതിഷേധത്തിന് കാരണമാകുന്നത്.
ഇത്തരം ജനവിരുദ്ധ നിലപാടുകൾ തുടക്കത്തിൽ തന്നെ സർക്കാർ സ്വീകരിക്കുമ്പോൾ പ്രതിഷേധിക്കാതിരിക്കാൻ ഞങ്ങൾക്കാവില്ല.