ഭൂരിപക്ഷം പേരുടെയും വരുമാനം ഇടിഞ്ഞു, തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി: തോമസ് ഐസക് 

ഒന്നാം കോവിഡ് വരുമ്പോൾ ജനങ്ങളുടെ കൈയ്യിൽ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടാം വ്യാപനം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. സാമ്പത്തികവളർച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതിൽ ഈ വർഷം ഉണ്ടാവില്ലായെന്നുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെയും വിലയിരുത്തൽ ശരിയോ തെറ്റോ ആകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുൻകാലത്തെക്കാൾ തീക്ഷ്ണമാണ്. നട്ടെല്ല് ഒടിക്കുന്നതാണെന്നും തോമസ് ഐസക്ക് ഫേയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

കുറിപ്പിന്റെ പൂർണരൂപം:

കോവിഡിനുമുമ്പ് ഇന്ത്യയിൽ 40.35 കോടി ആളുകൾ തൊഴിലെടുക്കുന്നവരായി ഉണ്ടായിരുന്നു. കോവിഡും ലോക്ഡൗണും വന്നതോടുകൂടി 2020 ഏപ്രിൽ, മെയ് മാസങ്ങളിൽ ഇവരിൽ 12.6 കോടി ആളുകൾക്കു തൊഴിൽ നഷ്ടപ്പെട്ടു. ലോക്ഡൗണും മറ്റും പിൻവലിച്ചശേഷം ഒരു വർഷംകൊണ്ട് പതുക്കെപതുക്കെ തൊഴിൽ ഏതാണ്ട് പൂർവ്വനിലയിലേയ്ക്ക് തിരിച്ചുവന്നു. ജനുവരി ആയപ്പോഴേയ്ക്കും തൊഴിലെടുക്കുന്നവരുടെ എണ്ണം 40 കോടിയോളമായി. എന്നുവച്ചാൽ 35 ലക്ഷം ആളുകൾക്കെങ്കിലും സ്ഥിരമായി തൊഴിലില്ലാതായി.

ഇവരിൽ ശമ്പളക്കാരുടെ എണ്ണം കോവിഡിനുമുമ്പ് 8.5 കോടിയായിരുന്നു. പക്ഷെ ഇപ്പോൾ അത് 7.4 കോടിയായി കുറഞ്ഞു. എന്നുവച്ചാൽ ശമ്പള ജോലികൾ കുറയുകയും അസംഘടിത മേഖലയിലെ ജോലികൾ വളരുകയുമാണ് ചെയ്തത്. സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് കൂടുതൽ സുരക്ഷിതത്വമുണ്ട്. കുറച്ചെല്ലാം റിട്ടയർമെന്റ് ലക്ഷ്യമാക്കി സമ്പാദിക്കാനും കഴിയും. എന്നാൽ ഇതൊന്നും അസംഘടിത മേഖലയിൽ കഴിയില്ലല്ലോ. ഇപ്പോൾ വീണ്ടും തൊഴിലില്ലായ്മ പെരുകുകയാണ്. മെയ് മാസം അവസാനം തൊഴിലില്ലായ്മ 14.7 ശതമാനമായി ഉയർന്നു.

ഇന്ത്യയിലെ തൊഴിലും തൊഴിലില്ലായ്മയെയും കുറിച്ചു വിപുലമായ സർവ്വേ അടിസ്ഥാനമാക്കി ഓരോ മാസത്തെയും കണക്കുകൾ പ്രസിദ്ധീകരിക്കുന്ന സ്ഥാപനമാണ് സെന്റർ ഫോർ മോണിറ്ററിംഗ് ഇന്ത്യൻ ഇക്കണോമി. സമീപകാലത്തു നടത്തിയ സർവ്വേയിൽ അവർ ജനങ്ങളോട് ഒരു വർഷം മുമ്പുണ്ടായിരുന്നതിനോടു താരതമ്യപ്പെടുത്തുമ്പോൾ അവരുടെ വരുമാനത്തിന് എന്തു സംഭവിച്ചൂവെന്നു ചോദിച്ചിരുന്നു. 3 ശതമാനം ആളുകൾ മാത്രമേ തങ്ങളുടെ വരുമാനം വർദ്ധിച്ചൂവെന്ന് അഭിപ്രായപ്പെട്ടുള്ളൂ. 55 ശതമാനം പേർ ഖണ്ഡിതമായി തങ്ങളുടെ വരുമാനം ഇടിഞ്ഞൂവെന്നു സമർത്ഥിച്ചു. 42 ശതമാനം പേർ പഴയതിൽ നിന്നും വലിയ വ്യത്യാസമൊന്നും ഇല്ലായെന്നാണ് അഭിപ്രായപ്പെട്ടത്. എന്നുവച്ചാൽ വിലക്കയറ്റംകൂടി കണക്കിലെടുക്കുകയാണെങ്കിൽ ഇന്ത്യയിലെ 97 ശതമാനം ജനങ്ങളുടെയും വരുമാനത്തിൽ ഗണ്യമായ ഇടിവുണ്ടായി.

ഇതുതന്നെയാണ് ഇന്ത്യാ സർക്കാർ പ്രസിദ്ധീകരിക്കുന്ന ദേശീയ വരുമാന കണക്കിൽ നിന്നും വ്യക്തമാകുന്നത്. കഴിഞ്ഞ നാലു വർഷമായി ഇന്ത്യയിലെ പ്രതിശീർഷ വരുമാനം ഒരുലക്ഷം രൂപയിൽ തത്തിക്കളിക്കുകയാണ്.  2017-18ൽ 1,00,268 രൂപ, 2018-19ൽ 1,05,525 രൂപ, 2019-20ൽ 1,08,645 രൂപ, 2020-21 ൽ 99,694 രൂപ. ഇന്ത്യയുടെ പ്രതിശീർഷ വരുമാനം ബംഗ്ലാദേശിനേക്കാൾ താഴെയായി.

മേൽപ്പറഞ്ഞ കണക്ക് മൊത്തം ദേശീയവരുമാനത്തെ ജനസംഖ്യകൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്നതാണ്. പക്ഷെ വരുമാനം തുല്യമായിട്ടല്ലോ വീതം വയ്ക്കപ്പെടുന്നത്. സംസ്ഥാനങ്ങൾ തമ്മിലുള്ള പ്രതിശീർഷ വരുമാന അന്തരം ഈ കാലയളവിൽ വർദ്ധിച്ചു. ഗ്രാമങ്ങളേക്കാൾ വരുമാനം നഗരങ്ങളിൽ വർദ്ധിച്ചു. കുടുംബങ്ങൾ തമ്മിലുള്ള അസമത്വവും പെരുകി. ഇതിന്റെ ഫലമായി ഭൂരിപക്ഷം ഇന്ത്യാക്കാരുടെയും ശരാശരി വരുമാനം ഈ കാലയളവിൽ ഗണ്യമായി ഇടിഞ്ഞു. തൊഴിലില്ലായ്മയും ദാരിദ്ര്യവും പെരുകി.

ഒന്നാം കോവിഡ് വരുമ്പോൾ ജനങ്ങളുടെ കൈയ്യിൽ കുറച്ചൊക്കെ സമ്പാദ്യം ഉണ്ടായിരുന്നെങ്കിൽ ഇന്ന് രണ്ടാം വ്യാപനം വരുമ്പോൾ പിടിച്ചുനിൽക്കാനുള്ള ഒരുവകയും അവരുടെ കൈവശമില്ല. സാമ്പത്തികവളർച്ചയുടെ ഇടിവ് ഒന്നാം വ്യാപനത്തിന്റെ തോതിൽ ഈ വർഷം ഉണ്ടാവില്ലായെന്നുള്ള കേന്ദ്ര ധനമന്ത്രി നിർമ്മലാ സീതാരാമന്റെയും കേന്ദ്ര സാമ്പത്തിക ഉപദേഷ്ടാവ് കെ.വി. സുബ്രഹ്മണ്യത്തിന്റെയും വിലയിരുത്തൽ ശരിയോ തെറ്റോ ആകട്ടെ. ജനങ്ങളെ സംബന്ധിച്ചിടത്തോളം രണ്ടാം വ്യാപനം മുൻകാലത്തെക്കാൾ തീക്ഷ്ണമാണ്. നട്ടെല്ല് ഒടിക്കുന്നതാണ്.

Latest Stories

എഎപി വിട്ട് ബിജെപിയിൽ ചേർന്നതോടെ രാഘവ് ഛദ്ദയെ ഇൻസ്റ്റഗ്രാമിൽ അൺഫോളോ ചെയ്ത് ലക്ഷങ്ങൾ; പോയവരിൽ കൂടുതലും ജെന്‍സികൾ

ഹർഭജൻ സിംഗിനെ ഞാൻ ഇൻസ്റ്റയിൽ നിന്ന് ബ്ലോക്ക് ചെയ്തു, എന്നോട് അവൻ ചെയ്തത് ഞാൻ ക്ഷമിച്ചെങ്കിലും ഒരിക്കലും അത് മറക്കില്ല: ശ്രീശാന്ത്

പാറമേക്കാവ് ദേവസ്വത്തിന്റെ വെടിക്കെട്ട് ശാലയിൽ നിരോധിത സ്ഫോടക വസ്തുക്കളില്ല; കേസെടുത്തത് പൂരം തകർക്കാനെന്ന് ദേവസ്വം

'ആർഎസ്എസ് രാഷ്ട്രീയ സറണ്ടർ സംഘ്''; രാം മാധവിലൂടെ ആർഎസ്എസിന്റെ യഥാർഥ മുഖം പുറത്തുവന്നു : രാഹുൽ ഗാന്ധി

രണ്ടുദിവസം കൂടി കഠിനമായ ചൂടുണ്ടാകും, അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്ന് മന്ത്രി കെ രാജന്‍; ഹീറ്റ് സ്‌ട്രെസ്സ് ഉണ്ടാകുന്ന സ്ഥിതിയുണ്ടെന്ന് ആരോഗ്യവകുപ്പ് വിലയിരുത്തല്‍; വേനല്‍ മഴ രണ്ടുദിവസത്തിനുള്ളില്‍ വന്നേക്കും

ചൂടിൽ ആശ്വാസം? അതിശക്തമായ മഴ വരുന്നു; നാല് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു

'അവസാന ഓവറുകളിൽ അടിച്ച് കളിക്കേണ്ടതിനു പകരം അവന്മാർ ടെസ്റ്റ് കളിക്കുന്നു'; പരിഹസിച്ച് ആകാശ് ചോപ്ര

അഞ്ചരക്കണ്ടി ഡെന്റല്‍ കോളേജിലെ നിതിന്റെ മരണം: ഒന്നാം പ്രതി ഡോ. എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല; രണ്ടാം പ്രതി സംഗീത നമ്പ്യാര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു

ഇതാണോ പിണറായി വിജയനും മന്ത്രിമാരും പറഞ്ഞ പവർകട്ട് ഇല്ലാത്ത പത്ത് വർഷം?; അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ഉടൻ പിൻവലിക്കണം : വി. ഡി. സതീശൻ

പൊതുയിടങ്ങളിൽ തണ്ണീർപ്പന്തൽ, അങ്കണവാടികളിലും സ്കൂളുകളിലും കൂൾ റൂഫ്; കനത്ത ചൂടിൽ അതീവ ജാ​ഗ്രത വേണമെന്ന് മുഖ്യമന്ത്രി