ഇടുക്കി മൂലമറ്റം വെടിവയ്പ്പില്‍ കൊല്ലപ്പെട്ട സനല്‍ സാബു തട്ടുകടയില്‍ വന്നിട്ടില്ലെന്ന് കടയുടമ സൗമ്യ. പ്രതി ഫിലിപ്പ് മാര്‍ട്ടിനും, സനലുമായി തട്ടുകടയില്‍ വച്ച് തര്‍ക്കമുണ്ടായി എന്നത് അസത്യമാണെന്ന് അവര്‍ പറഞ്ഞു.
ഫിലിപ്പ് മാര്‍ട്ടിനും മറ്റൊരാളും കൂടിയാണ് തട്ടുകടയില്‍ ഭക്ഷണം കഴിക്കാന്‍ എത്തിയത്. എന്നാല്‍ ഭക്ഷണം തീര്‍ന്നുവെന്ന് അറിയിച്ചതിന് പിന്നാലെ തര്‍ക്കമായി. ഇവര്‍ മദ്യപിച്ചിരുന്നതായും സൗമ്യ പറഞ്ഞു. കടയില്‍ വാക്കുതര്‍ക്കമായതോടെ പ്രതിയെ കടയില്‍ ഉണ്ടായിരുന്നവര്‍ തടയാന്‍ ശ്രമിച്ചു. കടയ്ക്ക് പുറത്തിറങ്ങി ഇയാള്‍ അസഭ്യം പറയുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു. ശേഷം കാറില്‍ തിരിച്ചുപോയി പിന്നീട് തോക്കുമായി വന്ന് വെടിയുതിര്‍ക്കുകയായിരുന്നു.
ഫിലിപ്പ് മാര്‍ട്ടിനും കടയില്‍ പാഴ്്‌സല്‍ വാങ്ങാന്‍ എത്തിയവരുമായി തര്‍ക്കമുണ്ടായി. സനല്‍ ബാബുവും, പ്രദീപും തട്ടുകടയില്‍ വന്നിട്ടില്ലെന്നും തര്‍ക്കത്തില്‍ ഇല്ലായിരുന്നുവെന്നും കടയുടമ പറഞ്ഞു.
ഇന്നലെയാണ് മൂലമറ്റത്ത് ഹൈസ്‌കൂളിന് മുന്നില്‍ വച്ച് രാത്രി പത്തരയോടെ നാട്ടുകാര്‍ക്ക് നേരെ യുവാവിന്റെ ആക്രമണം നടന്നത്. വെടിവയ്പ്പില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ബസ് ജീവനക്കാരനായ മൂലമറ്റം കീരിത്തോട് സ്വദേശി സനല്‍ സാബു(32)വാണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ സനലിന്റെ സുഹൃത്ത് മൂലമറ്റം സ്വദേശി പ്രദീപ് കോലഞ്ചേരിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
ഫിലിപ്പ് മാര്‍ട്ടിന്‍ ഉപയോഗിച്ച തോക്ക് കൊല്ലന്‍ നിര്‍മ്മിച്ച് നല്‍കിയതാണെന്ന് പൊലീസ് പറഞ്ഞു. എടാട്ട് സ്വദേശിയായ കൊല്ലന്‍ 2014ലാണ് വ്യാജ തോക്ക് നിര്‍മ്മിച്ച് നല്‍കിയത്. ഒരേ സമയം രണ്ട് തിര നിറയ്ക്കാന്‍ കഴിയും. ഫിലിപ്പിനെ പിടികൂടിയ സമയത്ത് തോക്കിലും കൈയിലും രണ്ട് തിര വീതം ഉണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ആക്രമണത്തിന് ശേഷം കടന്നുകളയാന്‍ ശ്രമിച്ച പ്രതിയെ മുട്ടത്ത് വച്ചാണ് പൊലീസ് പിടികൂടിയത്.