സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ നിന്ന് വിട്ടുനിന്നതും കൊച്ചിയിലെ പരിപാടിയില്‍ അപമാനിതനായെന്ന രീതിയിലുള്ള പ്രചാരണങ്ങളും സംബന്ധിച്ച വിവാദങ്ങളില്‍ പ്രതികരിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും ഇതിനെക്കുറിച്ച് ഒരു പൊതുചര്‍ച്ചയ്ക്ക് താല്പര്യപ്പെടുന്നില്ലെന്നും പറയാനുള്ള കാര്യങ്ങള്‍ പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്നും ശശി തരൂര്‍ പറഞ്ഞു. രാഹുല്‍ ഗാന്ധി പങ്കെടുത്ത പരിപാടിയില്‍നിന്നും വിട്ടുനിന്നതിനെപ്പറ്റി കൂടുതല്‍ പ്രതികരിക്കാന്‍ വിസമ്മതിച്ച തരൂര്‍ പാര്‍ട്ടിക്കുള്ളില്‍ തന്റെ നിലപാടുകള്‍ വ്യക്തമാക്കുമെന്ന് പറഞ്ഞു.
സ്ഥാനാര്‍ഥി ചര്‍ച്ചകളില്‍ പങ്കെടുക്കാതിരുന്നത് പാര്‍ട്ടി നേതൃത്വത്തെ മുന്‍കൂട്ടി അറിയിച്ചിട്ടാണെന്നും കോഴിക്കോട്ടെ ശ്രീനാരായണ ഗുരുവിനെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിന് നേരത്തെ വാക്ക് നല്‍കിയതിനാലാണ് യോഗത്തില്‍ നിന്ന് വിട്ടുനിന്നതെന്നും ശശി തരൂര്‍ പറഞ്ഞു. മുന്‍പ് രാഷ്ട്രീയ കാരണങ്ങളാല്‍ ജയ്പൂര്‍ ലിറ്റററി ഫെസ്റ്റിവല്‍ മുടങ്ങിയ സാഹചര്യം ചൂണ്ടിക്കാട്ടിയ തരൂര്‍, ലോകത്തിന് മുന്‍പില്‍ ഈ പുസ്തകം പ്രകാശിപ്പിക്കുക എന്നത് തന്റെ വലിയ ആഗ്രഹമായിരുന്നുവെന്നും അതിനാല്‍ ഈ ചടങ്ങ് മാറ്റിവെക്കാന്‍ ആഗ്രഹിച്ചില്ലെന്നും വ്യക്തമാക്കി. താന്‍ പാര്‍ലമെന്റില്‍ സജീവമായി പങ്കെടുക്കുമെന്നും തന്റെ നിലപാടുകള്‍ പാര്‍ട്ടിക്കുള്ളില്‍ തന്നെ ചര്‍ച്ച ചെയ്യുമെന്നും തരൂര്‍ കൂട്ടിച്ചേര്‍ത്തു.
രാഹുല്‍ ഗാന്ധിയുടെ കൊച്ചി സന്ദര്‍ശനത്തിനിടെ മതിയായ പരിഗണന ലഭിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ശശി തരൂര്‍ പാര്‍ട്ടിക്കെതിരെ അതൃപ്തി പ്രകടിപ്പിച്ചതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിനു പിന്നാലെയാണ് അദ്ദേഹത്തിന്റെ വിശദീകരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ഭരണകക്ഷിയായ ബിജെപിയെയും പ്രശംസിക്കുന്ന പരാമര്‍ശങ്ങളെ തുടര്‍ന്ന് കോണ്‍ഗ്രസ് കേന്ദ്ര നേതൃത്വവുമായി തരൂര്‍ അകന്നുനില്‍ക്കുകയാണ്.
അതിനിടയില്‍ കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍ ആണെന്ന് രാഹുല്‍ഗാന്ധി പറഞ്ഞിട്ടുണ്ട്. സംസ്ഥാന നേതൃത്വത്തോടാണ് രാഹുല്‍ഗാന്ധി ഇക്കാര്യം വിശദീകരിച്ചത്. ഡല്‍ഹിയില്‍ നടന്ന ഹൈക്കമാന്‍ഡ്-കെപിസിസി കൂടിക്കാഴ്ചയില്‍ ശശി തരൂരിന്റെ അതൃപ്തി ചര്‍ച്ചയായിരുന്നു. തനിക്ക് ലഭിച്ച ലിസ്റ്റില്‍ തരൂരിന്റെ പേര് ഇല്ലായിരുന്നുവെന്നും രാഹുല്‍ വ്യക്തമാക്കി. കേരളത്തിലെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ ചര്‍ച്ചചെയ്യാന്‍ കെപിസിസി ഭാരവാഹികളുമായി ഹൈക്കമാന്റ് ചേര്‍ന്ന ആദ്യ യോഗത്തിലെ ഡോ ശശി തരൂരിന്റെ അസാന്നിധ്യം വീണ്ടും ചര്‍ച്ചകള്‍ തുടക്കമിട്ട പശ്ചാത്തലത്തിലാണ് രാഹുലിന്റെ വിശദീകരണം.
മുന്‍കൂട്ടി തീരുമാനിച്ച പരിപാടികള്‍ കാരണമാണ് ശശിതരൂര്‍ പങ്കെടുക്കാത്തത് എന്ന് പറഞ്ഞായിരുന്നു സംസ്ഥാന നേതാക്കള്‍ തടിതപ്പിയത്. വയനാട് ലക്ഷ്യ ക്യാമ്പില്‍ തരൂര്‍ നേതാക്കള്‍ക്ക് ഒപ്പം ഉള്ള ചിത്രങ്ങള്‍ പുറത്തവന്നത്തോടെ കാലങ്ങളായി പാര്‍ട്ടി നേതൃത്വത്തോടുണ്ടായിരുന്ന അകല്‍ച്ച പരിഹരിക്കപ്പെട്ടു എന്ന സന്ദേശം ആയിരുന്നു.കൊച്ചി മഹാ പഞ്ചായത്തിലേക്ക് എത്തിയപ്പോള്‍ കാര്യങ്ങള്‍ പഴയ പടി ആയി.തെരഞ്ഞെടുപ്പ് സാഹചര്യത്തില്‍ ശശി തരൂര്‍ ഇടഞ്ഞുനിന്നാല്‍ ദോഷം പാര്‍ട്ടിക്ക് തന്നെയാണെന്ന തിരിച്ചറിവില്‍ മയപ്പെടുത്തലിന് ശ്രമങ്ങളുണ്ടാവുന്നുണ്ട്.