അഭിപ്രായ സ്വാതന്ത്ര്യത്തെ കുറിച്ച് അറിവുണ്ടായിരുന്നുവെങ്കില്‍ ആര്‍എസ്എസ് ഇത്തരത്തില്‍ പ്രതികരിക്കില്ലായിരുന്നെന്ന് മഹാത്മാ ഗാന്ധിയുടെ ചെറുമകന്‍ തുഷാര്‍ ഗാന്ധി. ആര്‍എസ്എസ് പ്രവര്‍ത്തകര്‍ തിരുവനന്തപുരം നെയ്യാറ്റിന്‍കരയില്‍ വഴി തടഞ്ഞ സംഭവത്തില്‍ പ്രതികരിക്കുകയായിരുന്നു തുഷാര്‍ ഗാന്ധി.
ഗാന്ധിയന്‍ ഗോപിനാഥന്‍ നായരുടെ പ്രതിമ അനാച്ഛാദന ചടങ്ങില്‍ പങ്കെടുത്ത് നടത്തിയ പ്രസംഗത്തിലെ ചില പരാമര്‍ശങ്ങളാണ് ആര്‍എസ് എസ്-ബിജെപി പ്രവര്‍ത്തകര്‍ തുഷാര്‍ ഗാന്ധിയുടെ വഴി തടയുന്നതിലേക്ക് നയിച്ചത്. ആര്‍എസ്എസും സംഘപരിവാറും രാജ്യത്തിന്റെ ആത്മാവില്‍ വിഷം കലര്‍ത്തിയിരിക്കുന്നുവെന്നും നാം ജാഗ്രതയോടെ കഴിയണമെന്നും തുഷാര്‍ ഗാന്ധി പറഞ്ഞിരുന്നു.
എന്നാല്‍ പ്രതിഷേധം ആസൂത്രിതമാണെന്ന് കരുതുന്നില്ലെന്ന് തുഷാര്‍ ഗാന്ധി അഭിപ്രായപ്പെട്ടു. പ്രതിഷേധിച്ചവര്‍ പരിപാടിയില്‍ ഉണ്ടായിരുന്നു. താന്‍ പറഞ്ഞ കാര്യങ്ങള്‍ അവര്‍ പ്രതീക്ഷിച്ചിരുന്നില്ലെന്നും തുഷാര്‍ ഗാന്ധി വ്യക്തമാക്കി.