റോബിന്‍ ബസ് ഉടമ ബേബി ഗിരീഷിനെ അറസ്റ്റ് ചെയ്ത് പൊലീസ്; പ്രതികാര നടപടിയെന്ന് കുടുംബവും അഭിഭാഷകനും

പത്തനംതിട്ട-കോയമ്പത്തൂര്‍ റൂട്ടില്‍ സര്‍വീസ് നടത്തിയ റോബിന്‍ ബസിന്റെ ഉടമ ബേബി ഗിരീഷ് അറസ്റ്റില്‍. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് അദേഹത്തെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

പാലായിലെ വീട്ടില്‍ നിന്നാണ് അദേഹത്തെ മരട് പൊലീസ് കസ്റ്റഡിയില്‍ എടുത്തത്.. ഗിരീഷുമായി പൊലീസ് സംഘം എറണാകുളത്തേക്ക് തിരിച്ചു. മരട് പൊലീസ് സ്റ്റേഷനില്‍ പത്ത് വര്‍ഷത്തിന് മുമ്പ് എടുത്ത കേസിലാണ് തിടുക്കപ്പെട്ട് അറസ്റ്റ് നടന്നിരിക്കുന്നത്. ഗിരീഷിനെ ഇന്ന് തന്നെ കോടതിയില്‍ ഹാജരാക്കിയേക്കും.

2012ല്‍ ഒരു വാഹനം വാങ്ങിയതുമായി ബന്ധപ്പെട്ട ചെക്ക് കേസിലാണ് പോലീസ് നടപടി.ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തില്‍ ഗിരീഷിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് പൊടിതട്ടിയെടുത്ത് അറസ്റ്റ് ചെയ്തതെന്നും ശ്രദ്ധേയമാണ്.

എന്നാല്‍, പൊലീസിന്റേത് പ്രതികാര നടപടിയാണെന്ന് ഗിരീഷിന്റെ അഭിഭാഷകനും കുടുംബവും ആരോപിക്കുന്നു. ഇതിനെതിരെ നിയമനടപടി സ്വീകരിക്കുമെന്നും കുടുംബം അറിയിച്ചു.

കഴിഞ്ഞ ദിവസം, തുടര്‍ച്ചയായി പെര്‍മിറ്റ് ചട്ട ലംഘനം നടത്തുന്നുവെന്ന് കാട്ടി, കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന റോബിന്‍ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരെയുള്ള നിയമനടപടിയുമായി ഗിരീഷ് മുന്നോട്ട് പോകവെയാണ് ഇന്നു അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം റാന്നിയില്‍ നിന്ന് വന്‍ പൊലീസ് സന്നാഹത്തോടെ ബസിനെ പിന്തുടര്‍ന്നെത്തിയാണ് എംവിഡി റോബിനെ പിടിച്ചെടുത്തത്.

തുടര്‍ന്ന് ബസ് പത്തനംതിട്ട എ.ആര്‍ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കിയേക്കുമെന്നും എംവിഡി അറിയിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്ളോഗര്‍മാര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.

മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം.

എന്നാല്‍, വിവിധ പോയിന്റുകളില്‍ നിന്നും യാത്രക്കാരെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണമായി പറയുന്നത്. കോയമ്പത്തൂരില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട ബസ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് ഏകദേശം 250 മീറ്റര്‍ മുന്നില്‍ വെച്ചാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോബിന്‍ ബസിനെതിരേ തുടര്‍ച്ചയായ നടപടികളാണ് കേരളത്തിലെയും തമിഴ്നാട്ടിലേയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവരുന്നത്.

Latest Stories

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്