കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന് വി.കെ.മിനിമോള്‍. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമായിരുന്നു കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയില്‍ മേയറുടെ പരാമര്‍ശം.
കൊച്ചി കോര്‍പ്പറേഷന്‍ മേയര്‍ പദവി ലഭിക്കാന്‍ ലത്തീന്‍ സഭ പിന്തുണച്ചുവെന്ന് മേയര്‍ വി കെ മിനിമോള്‍. ലത്തീന്‍ സമുദായത്തിന്റെ ഉറച്ച ശബ്ദം സമുദായത്തിനായി സമൂഹത്തില്‍ ഉയര്‍ന്നതിന്റെ തെളിവാണ് തന്റെ കൊച്ചി മേയര്‍ പദവിയെന്നും സഭാ നേതൃത്വം തനിക്കായി പറഞ്ഞു എന്നുമാണ് കൊച്ചി മേയര്‍ വികെ മിനിമോള്‍ പറഞ്ഞത്. കേരള റീജിയന്‍ ലാറ്റിന്‍ കാത്തലിക് കൗണ്‍സില്‍ (കെആര്‍എല്‍സിസി) ജനറല്‍ അസംബ്ലിയിലാണ് മേയറുടെ പരാമര്‍ശം. സഭാ നേതാക്കള്‍ക്ക് നന്ദി പറഞ്ഞ മിനിമോള്‍ സംഘടനാ ശക്തിയുടെ തെളിവാണിതെന്ന് കൂടി പറഞ്ഞിട്ടുണ്ട്.
മേയറുടെ പ്രസ്താവനയില്‍ തെറ്റില്ലെന്ന് കെആര്‍എല്‍സിസി അധ്യക്ഷന്‍ വര്‍ഗീസ് ചക്കാലക്കല്‍ പ്രതികരിച്ചു. സമുദായത്തിന് അര്‍ഹമായ പ്രാതിനിധ്യത്തിന് വേണ്ടിയാണ് സഭ സംസാരിച്ചതെന്ന് വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും വ്യക്തമാക്കി. കൊച്ചി മേയര്‍ സ്ഥാനത്തേക്ക് കെപിസിസി ജനറല്‍ സെക്രട്ടറി ദീപ്തി മേരി വര്‍ഗീസിന്റെ പേര് യുഡിഎഫ് സജീവമായി പരിഗണിച്ചിരുന്നെങ്കിലും അവസാന നിമിഷം വിവാദങ്ങള്‍ക്കൊടുവിലാണ് സഭയ്ക്ക് വഴങ്ങി കെപിസിസി ജനറല്‍ സെക്രട്ടറിയെ മാറ്റി നിര്‍ത്തി മിനിമോള്‍ക്ക് കോണ്‍ഗ്രസ് അവസരം നല്‍കിയത്. പാര്‍ട്ടിയ്ക്കുള്ളില്‍ ഇത് വലിയ വിമര്‍ശനങ്ങള്‍ക്കും ചര്‍ച്ചയ്ക്കും വഴിവെച്ചിരുന്നു. ദീര്‍ഘകാലം പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ച് സംഘടനാ തലപ്പത്തുള്ള ഒരാള്‍ക്ക് അവസരം നല്‍കാതെ പാര്‍ട്ടിയ്ക്കുള്ളിലെ തിരഞ്ഞെടുപ്പ് ചട്ടങ്ങള്‍ പാലിക്കാതെയായിരുന്നു വി കെ മിനിമോളെ എറണാകുളം ജില്ലാ കമ്മിറ്റി മേയറായി പ്രഖ്യാപിച്ചതെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
എന്നാല്‍ ഒരു സഭയും കോണ്‍ഗ്രസ് പാര്‍ട്ടിയുടെ തീരുമാനത്തില്‍ കൈകടത്തിയിട്ടില്ലെന്നും സഭാ നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ക്കനുസരിച്ചല്ല പാര്‍ട്ടി കാര്യങ്ങളെന്നും ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസ് അടക്കം പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് മിനിമോളുടെ വെളിപ്പെടുത്തല്‍ വന്നതോടെ സഭാതീരുമാനങ്ങള്‍ക്ക് കോണ്‍ഗ്രസ് നേതൃത്വം വശംവദരായി എന്നത് തെളിയുകയാണ്.
കൊച്ചി മേയര്‍ പറഞ്ഞതില്‍ തെറ്റില്ലെന്നും ലത്തീന്‍ സമുദായത്തിന്റെ ആഗ്രഹം രാഷ്ട്രീയ നേതൃത്വത്തെ അറിയിച്ചിരുന്നുവെന്നും കെആര്‍എല്‍സിസി വൈസ് പ്രസിഡന്റ് ജോസഫ് ജൂഡും പറഞ്ഞിട്ടുണ്ട്. സമ്മര്‍ദമല്ല, പ്രാതിനിധ്യത്തിനായുള്ള ആഗ്രഹമാണ് അറിയിച്ചത്. കരയുന്ന കുഞ്ഞിനേ ജനാധിപത്യത്തില്‍ പാലുള്ളൂ. അര്‍ഹമായ പ്രാതിനിധ്യമാണ് ചോദിച്ചത്. പ്രാതിനിധ്യത്തിനായി ഇനിയും ശബ്ദം ഉയര്‍ത്തും. രാഷ്ട്രീയ പാര്‍ട്ടികള്‍ അറിഞ്ഞു ചെയ്യുമെന്ന് കരുതാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സമുദായത്തിന് അര്‍ഹതപ്പെട്ട പ്രാതിനിധ്യത്തിനായി സംസാരിച്ചിട്ടുണ്ടാകാം എന്നാല്‍ സമ്മര്‍ദ നീക്കമല്ല എന്നായിരുന്നു കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ പ്രസിഡന്റ് ഷെറി ജെ തോമസിന്റെ പ്രതികരണം.