പാലക്കാട് കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ഓർഡിനറി ബസ് ഓടിച്ചുകൊണ്ടുപോയ യുവാവ് 18 ദിവസത്തിനുശേഷം പിടിയിൽ. മേപ്പറമ്പ് നെല്ലിക്കാട് കാദർ മൻസിലിൽ ഫാസിലാണ് (25) പിടിയിലായത്. തമിഴ്‌നാട്, ഹിമാചൽപ്രദേശ് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ കറങ്ങിനടന്ന ശേഷം നാട്ടിൽ തിരിച്ചെത്തിയപ്പോൾ മണപ്പുള്ളിക്കാവിന് സമീപത്തുനിന്ന് ഇയാളെ പിടികൂടിയാതായി പാലക്കാട് ടൗൺ സൗത്ത് പൊലീസ് പറഞ്ഞു. മദ്യലഹരിയിൽ ബസ് ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് എടുത്തെന്നാണ് ഫാസിൽ പൊലീസിനോട് പറഞ്ഞത്.
ജൂൺ ഏഴിന് പുലർച്ചെ 2.50-നായിരുന്നു സംഭവം. ഡിപ്പോയ്ക്കു പുറത്ത് മദ്യശാലയ്ക്കു മുൻപിൽ നിർത്തിയിട്ട ബസ് പിന്നീട് ടൗൺ ബസ്സ്റ്റാൻഡിന് സമീപം ഉപേക്ഷിക്കുകയായിരുന്നു. ബസ് ഓടിച്ചു പോകുന്നതിനു തൊട്ടുമുമ്പ് രണ്ടു പേർ ഡിപ്പോ പരിസരത്തേക്ക് സ്‌കൂട്ടറിൽ എത്തുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിരുന്നു. ഈ ദൃശ്യവും സ്‌കൂട്ടറും കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഫാസിലിനെക്കുറിച്ച് വിവരം ലഭിച്ചത്.
ബസിൽ കയറി ബട്ടൺ അമർത്തിയപ്പോൾ സ്റ്റാർട്ടായെന്നും ഓടിക്കാൻ ആഗ്രഹം തോന്നിയപ്പോൾ മുന്നോട്ടെടുത്തെന്നും പ്രതി തെളിവെടുപ്പിനിടെ പോലീസിനോട് പറഞ്ഞു. മോഷ്ടിക്കാൻ ഉദ്ദേശിച്ചിരുന്നില്ലെന്നും ബസ് ഓടിച്ചിട്ടില്ലെങ്കിലും നേരത്തേ വലിയ വാഹനങ്ങൾ ഓടിച്ച് പരിചയമുണ്ടെന്നും യുവാവ് പറഞ്ഞു. അധികൃതർ ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോയെന്നും പ്രതി പൊലീസിനോട് ചോദിച്ചു.