നിപ വൈറസ്; സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്ന് എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്

സംസ്ഥാനത്ത് വീണ്ടും നിപ വൈറസ് സ്ഥിരീകരിച്ചതിനാല്‍ ജാഗ്രത പുലര്‍ത്തണമെന്ന് ആരോഗ്യമന്ത്രി വീണ ജോർജ് അറിയിച്ചു. എന്താണ് നിപ വൈറസെന്നും അതിന് സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍ എന്തെന്നും എല്ലാവരും അറിഞ്ഞിരിക്കേണ്ടതാണ്. ഇത് മൂന്നാം തവണയാണ് സംസ്ഥാനത്ത് നിപ ബാധിക്കുന്നത്. നേരത്തെ 2018ലും 2019ലും നിപ വൈറസ് സ്ഥിരീകരിച്ചിരുന്നു. രോഗ ലക്ഷണമുള്ളവരില്‍ നിന്നും നിപ വൈറസ് കൂടുതല്‍ പേരിലേക്ക് പകരാതിരിക്കാനായി പ്രതിരോധ മാര്‍ഗങ്ങള്‍ ഊര്‍ജിതമാക്കും. രോഗത്തിന്റെ സംക്രമണത്തേയും പ്രതിരോധത്തേയും കുറിച്ചുള്ള ശാസ്ത്രീയമായ വിവരങ്ങള്‍ എല്ലാവരും മനസിലാക്കണം. കോവിഡ് കാലമായതിനാല്‍ എല്ലാവരും മാസ്‌ക് ധരിക്കുന്നുണ്ട്. എന്‍ 95 മാസ്‌ക് നിപ വൈറസിനേയും പ്രതിരോധിക്കും. അതിനാല്‍ തന്നെ ശ്വാസകോശ രോഗ ലക്ഷണങ്ങളുള്ളവരും അവരെ പരിചരിക്കുന്നവരും എന്‍ 95 മാസ്‌ക് ധരിക്കേണ്ടതാണ്. ഭയപ്പെടാതെ ഒറ്റക്കെട്ടായി നിപയെ പ്രതിരോധിക്കാം.

*നിപ വൈറസ്*

ഹെനിപാ വൈറസ് ജീനസിലെ നിപ വൈറസ് പാരാമിക്‌സോ വൈറിഡേ ഫാമിലിയിലെ അംഗമാണ്. ഇതൊരു ആര്‍.എന്‍.എ. വൈറസ് ആണ്. മൃഗങ്ങളില്‍ നിന്നും മൃഗങ്ങളിലേക്ക് പകരുന്ന വൈറസാണ് നിപ. വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നോ പന്നികളില്‍ നിന്നോ ഇത് മനുഷ്യരിലേക്ക് പകരാന്‍ സാധ്യതയുണ്ട്. മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്കും പകരാം. അസുഖ ബാധയുള്ളവരെ പരിചരിക്കുന്നവരിലേക്ക് രോഗം പകരാനും സാധ്യതയുണ്ട്. അതുപോലെ തന്നെ ആശുപത്രി ജീവനക്കാരും വളരെയധികം ശ്രദ്ധിക്കണം.

*രോഗലക്ഷണങ്ങള്‍*

വൈറസ് ശരീരത്തിനുള്ളില്‍ പ്രവേശിച്ച് രോഗലക്ഷണങ്ങള്‍ പ്രകടമാകുന്ന കാലയളവ് (ഇന്‍കുബേഷന്‍ പീരീഡ്) 4 മുതല്‍ 14 ദിവസം വരെയാണ്. ഇത് ചിലപ്പോള്‍ 21 ദിവസം വരെയാകാം. രോഗബാധ ഉണ്ടായാലും ലക്ഷണങ്ങള്‍ വ്യക്തമാകാന്‍ ഇത്രയും ദിവസങ്ങള്‍ വേണം. പനിയും തലവേദനയും തലകറക്കവും ബോധക്ഷയവുമൊക്കെയാണ് ലക്ഷണങ്ങള്‍. ചുമ, വയറുവേദന, മനംപിരട്ടല്‍, ഛര്‍ദി, ക്ഷീണം, കാഴ്ചമങ്ങല്‍ തുടങ്ങിയ ലക്ഷണങ്ങളും അപൂര്‍വമായി പ്രകടിപ്പിക്കാം. രോഗലക്ഷണങ്ങള്‍ ആരംഭിച്ച ഒന്നു രണ്ടു ദിവസങ്ങള്‍ക്കകം തന്നെ കോമ അവസ്ഥയിലെത്താന്‍ സാധ്യതയുണ്ട്. തലച്ചോറിനെ ബാധിക്കുന്ന എന്‍സഫലൈറ്റിസ് ഉണ്ടാവാനും വലിയ സാധ്യതയാണുള്ളത്. ശ്വാസകോശത്തേയും ബാധിക്കാന്‍ സാധ്യതയുണ്ട്.

*രോഗ സ്ഥിരീകരണം*

തൊണ്ടയില്‍ നിന്നും മൂക്കില്‍ നിന്നുമുള്ള സ്രവം, രക്തം, മൂത്രം, തലച്ചോറിലെ നീരായ സെറിബ്രോ സ്‌പൈനല്‍ ഫ്‌ളൂയിഡ് എന്നിവയില്‍ നിന്നുമെടുക്കുന്ന സാമ്പിളുകള്‍ ആര്‍.ടി.പി.സി.ആര്‍. പരിശോധന വഴിയാണ് രോഗം സ്ഥിരീകരിക്കുന്നത്.

*സ്വീകരിക്കേണ്ട മുന്‍കരുതലുകള്‍*

അസുഖം വന്നതിനു ശേഷമുള്ള ചികിത്സ മിക്കവാറും പേരില്‍ അതി സങ്കീര്‍ണമാണ്. അതുകൊണ്ടുതന്നെ പ്രതിരോധമാണ് ഏറ്റവും പ്രധാനം.

*വൈറസ് ബാധയുള്ള വവ്വാലുകളില്‍ നിന്നും രോഗം പകരാതിരിക്കാന്‍ സ്വീകരിക്കേണ്ട മുന്‍ കരുതലുകള്‍*

കഴിവതും വവ്വാലിന്റെ ആവാസ കേന്ദ്രങ്ങളില്‍ പോകരുത്. വവ്വാല്‍ കടിച്ച പഴങ്ങളോ മറ്റോ സ്പര്‍ശിക്കാനോ കഴിക്കാനോ പാടില്ല.

*രോഗം പകരാതിരിക്കാന്‍ വേണ്ടി എടുക്കേണ്ട മുന്‍കരുതലുകള്‍*

· കൃത്യമായി മാസ്‌ക് ഉപയോഗിക്കുക
· സാമൂഹിക അകലം പാലിക്കുക
· ഇടയ്ക്കിടയ്ക്ക് കൈകള്‍ സോപ്പും വെള്ളവും ഉപയോഗിച്ച് 20 സെക്കന്റെടുത്ത് നന്നായി കഴുകുക. ഇത് ലഭ്യമല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ സാനിറ്റൈസര്‍ ഉപയോഗിച്ച് കൈ വൃത്തിയാക്കണം.
· രോഗിയുമായി ഒരു മീറ്റര്‍ എങ്കിലും ദൂരം പാലിക്കുകയും രോഗി കിടക്കുന്ന സ്ഥലത്തു നിന്നും അകലം പാലിക്കുകയും ചെയ്യുക
· രോഗിയുടെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്കുള്ള സാമഗ്രികള്‍ പ്രത്യേകം സൂക്ഷിക്കുകയും ഉപയോഗിക്കുകയും ചെയ്യുക.

*രോഗം പടരാതിരിക്കാന്‍ വേണ്ടി ആശുപത്രികള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍*

രോഗ ലക്ഷണങ്ങളുമായി വരുന്ന എല്ലാ രോഗികളെയും ഐസലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിക്കുക
· രോഗമുണ്ടെന്ന് സംശയിക്കുന്ന ആളുകളോട് സംസാരിക്കുമ്പോഴും പരിശോധിക്കുമ്പോഴും, മറ്റു ഇടപഴകലുകള്‍ നടത്തുമ്പോഴും കയ്യുറകളും മാസ്‌കും ധരിക്കുക
· സാംക്രമിക രോഗങ്ങളില്‍ എടുക്കുന്ന എല്ലാ മുന്‍കരുതലുകളും ഇത്തരം രോഗികളിലും എടുക്കുക, രോഗമുണ്ടെന്നു സംശയിക്കുന്ന രോഗി അഡ്മിറ്റ് ആയാല്‍ അധികൃതരെ വിവരം അറിയിക്കുക.

*സ്വീകരിക്കേണ്ട സുരക്ഷാ രീതികള്‍*

· ആള്‍ക്കഹോള്‍ അടങ്ങിയ ഹാന്‍ഡ് റബ്ബുകള്‍ ഉപയോഗിച്ച് കൈ കഴുകുക
· രോഗി, രോഗ ചികിത്സക്ക് ഉപയോഗിച്ച ഉപകരണങ്ങള്‍ രോഗിയുടെ വസ്ത്രം, വിരി മുതലായവയെല്ലാം സുരക്ഷിതമായി മാത്രം കൈകാര്യം ചെയ്യുക
· നിപ്പാ രോഗികളെ മറ്റു രോഗികളുമായുള്ള ഇടപഴകല്‍ തീര്‍ത്തും ഒഴിവാക്കി വേര്‍തിരിച്ച് പ്രത്യേക വാര്‍ഡുകളിലേക്ക് മാറ്റുക.
· ഇത്തരം വാര്‍ഡുകളില്‍ ആരോഗ്യരക്ഷാ പ്രവര്‍ത്തകരുടെ എണ്ണം പരിമിതപ്പെടുത്തുക.
· രണ്ട് രോഗികളുടെ കട്ടിലിനിടയില്‍ ഒരു മീറ്റര്‍ അകലമെങ്കിലും ഉറപ്പാക്കുക
· രോഗികളെ അല്ലെങ്കില്‍ രോഗമുണ്ടെന്ന് സംശയിക്കുന്നവരെ ശുശ്രൂഷിക്കുമ്പോള്‍ പകരാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ സ്വീകരിക്കേണ്ടത് പരമ പ്രധാനമാണ്.

*സ്വയം രക്ഷാ സജ്ജീകരണങ്ങളുടെ ഉപയോഗം*

· മാസ്‌ക്, കൈയുറ (ഗ്ലൗസ്), ഗൗണ്‍ എന്നിവയൊക്കെ ഉള്‍പ്പെടുന്ന പിപിഇ കിറ്റ് രോഗിയുമായി ഇടപഴകുമ്പോള്‍ ഉടനീളം ഉപയോഗിക്കേണ്ടതാണ്. തീര്‍ത്തും സൂക്ഷ്മമായ വായുവിലെ കണങ്ങളില്‍ 95 ശതമാനവും ശ്വസിക്കുന്നത് തടയാന്‍ കഴിയുന്ന എന്‍-95 മാസ്‌കുകള്‍ രക്തവും സ്രവങ്ങളും ടെസ്റ്റിനായെടുക്കുമ്പോഴും ട്യൂബ് ഇടുന്നത് പോലുളള ഇടപെടല്‍ വേളയിലും നിഷ്‌കര്‍ഷിക്കേണ്ടതാണ്.
· കൈകള്‍ സോപ്പുപയോഗിച്ച് 20 സെക്കന്റെങ്കിലും വ്യത്തിയായ് കഴുകുക.
· അണുനാശികാരികളായ ക്ലോറോഹെക്‌സിഡൈന്‍ അല്ലെങ്കില്‍ ആള്‍ക്കഹോള്‍ അടങ്ങിയ ഹസ്ത ശുചികരണ ദ്രാവകങ്ങള്‍ (ഉദാ. സാവ്‌ലോണ്‍ പോലുള്ള) കൊണ്ട് ശുശ്രൂഷയ്ക്ക് ശേഷം കൈ കഴുകാവുന്നതാണ്
· ശുശ്രൂഷയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും മറ്റ് വസ്തുക്കളും പരമാവധി ഡിസ്‌പോസബിള്‍ ആവുന്നതാണ് ഉത്തമം. പുനരുപയോഗം അനിവാര്യമെങ്കില്‍ ശരിയായ രീതിയില്‍ അണു നശീകരണത്തിന് ശേഷം മാത്രമെന്ന് ഉറപ്പ് വരുത്തണം.

Latest Stories

റഷ്യയിൽ വൻ ഭൂചലനം; ജപ്പാനും അമേരിക്കയ്ക്കും സുനാമി മുന്നറിയിപ്പ്

ASIA CUP: ഏഷ്യ കപ്പിൽ ഓപണിംഗിൽ സഞ്ജു ഉണ്ടാകുമോ എന്ന് അറിയില്ല, അതിന് കാരണം ആ താരങ്ങൾ: ആകാശ് ചോപ്ര

IND VS ENG: ഇന്ത്യ ആ മോശമായ പ്രവർത്തി കാണിക്കരുതായിരുന്നു, മാന്യതയില്ലേ നിങ്ങൾക്ക്: ഡെയ്ൽ സ്റ്റെയ്ൻ

IND VS ENG: അവൻ മികച്ച പ്രകടനം നടത്തി, എന്നാൽ അടുത്ത മത്സരത്തിൽ കളിപ്പിക്കരുത്: സ്റ്റുവര്‍ട്ട് ബ്രോഡ്

വെടിനിര്‍ത്തലിന് ഒരു ലോക നേതാവും ഇടപെട്ടിട്ടില്ല, കേണപേക്ഷിച്ചത് പാകിസ്ഥാനെന്ന് മോദി, കോണ്‍ഗ്രസിന് രൂക്ഷ വിമർശനം

'ജനങ്ങളുടെ തിയറ്റർ' പ്രഖ്യാപിച്ച് ആമിർ ഖാൻ; ടിക്കറ്റ് ഒന്നിന് മുടക്കേണ്ടത്, ആദ്യ റിലീസ് 'സിതാരെ സമീൻ പർ

Asia Cup 2025: 'അവൻ ഇന്ത്യൻ ടീമിൽ കാണില്ല'; വിലയിരുത്തലുമായി ആകാശ് ചോപ്ര

'ഗർഭപാത്രത്തിലല്ല മുപ്പതുകാരിയുടെ കരളിനുള്ളിൽ കണ്ടെത്തിയത് മൂന്നുമാസം പ്രായമുള്ള ഭ്രൂണം'; അപൂർവങ്ങളിൽ അപൂർവമായ അവസ്ഥ ഇന്ത്യയിൽ ആദ്യം

ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ വിചാരണ കോടതി തള്ളി; മോചനം വൈകുന്നതില്‍ പ്രതിഷേധം വ്യാപകം; പ്രതിപക്ഷ എംപിമാരുടെ സംഘം ജയില്‍ സന്ദര്‍ശിച്ചു

കയ്യേറ്റഭൂമിയിൽ റിസോര്‍ട്ട് നിര്‍മാണം; മാത്യു കുഴൽനാടനെതിരെ ഇഡി അന്വേഷണം, ഉടൻ ചോദ്യം ചെയ്യും