'തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലം കേരളത്തില്‍ ഭരണമാറ്റം തീരുമാനിക്കപ്പെട്ടുവെന്നതിന്റെ തെളിവാണെന്ന വിലയിരുത്തല്‍ അസ്ഥാനത്ത്'; ഈ ഫലം നിയമസഭയില്‍ അതേപടി പ്രതിഫലിക്കുമെന്ന് കരുതാനാവില്ലെന്ന് എം പി ബഷീര്‍

തദ്ദേശ തിരഞ്ഞെടുപ്പുകളിലെ ഫലം കേരളത്തില്‍ ഒരു ഭരണമാറ്റം അന്തിമമായി തീരുമാനിക്കപ്പെട്ടു കഴിഞ്ഞുവെന്നതിന്റെ തെളിവാണെന്ന വിലയിരുത്തല്‍ അസ്ഥാനത്താണെന്ന് മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ എംപി ബഷീര്‍. കഴിഞ്ഞ ഇരുപതു വര്‍ഷങ്ങളിലെ കേരളത്തിന്റെ വോട്ടിംഗ് പ്രവണതകളും ഇത്തവണത്തെ കണക്കുകളും സൂക്ഷ്മമായി നോക്കുമ്പോള്‍ ഈ ഫലം നിയമസഭയില്‍ അതേപടി പ്രതിഫലിക്കുമെന്നു കരുതാനാവില്ലെന്നാണ് എം പി ബഷീര്‍ പറയുന്നത്.

10 വര്‍ഷത്തെ ഇടതു ഭരണത്തോടുള്ള ഒരു ചെടിപ്പിന്റെ പേരില്‍ ഒരു മേല്‍ക്കൈ യുഡിഫിനുണ്ടാവുമെങ്കിലും മുന്‍പൊരിക്കലും സംഭവിക്കാത്ത വിധത്തില്‍ ബിജെപി വോട്ടുകള്‍ നിര്‍ണായകമാകുന്നുവെന്നും മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ വിശകലനം ചെയ്യുന്നു. സ്വന്തമായോ സഖ്യം ചേര്‍ന്നോ കേരളം ഭരിക്കാന്‍ ബിജെപിക്ക് കഴിയില്ല എന്നത് ഉറപ്പായിരിക്കെതന്നെ, മറ്റു രണ്ടു മുന്നണികളില്‍ ആര് കേരളം ഭരിക്കണമെന്നു തീരുമാനിക്കാന്‍ ആര്‍ എസ് എസിന്റെ ഒറ്റ തീരുമാനം മതിയെന്നും അതാണ് ഇപ്പോഴത്തെ കേരളത്തിന്റെ നിലയെന്നും അദ്ദേഹം പറയുന്നു.

എല്‍ഡിഎഫിന് മേല്‍ അഞ്ചു ശതമാനം വോട്ട് ഷെയറിന്റെ മേല്‍ക്കയ്യുണ്ട് എന്നതാണ് യൂഡീഎഫിന്റെ വലിയ പ്രതീക്ഷാ ഹേതു. ശരിയാണ്. അഞ്ചു ശതമാനം സ്വിങ് വലിയ കാറ്റുവീഴ്ചയാവും, കേരളത്തില്‍. പക്ഷെ, മറ്റുള്ളവര്‍ എന്ന കാറ്റഗറിയിലെ പതിമൂന്നു ശതമാനം അപ്പോഴും പിടികൊടുക്കാതെ മാറിനില്‍പ്പുണ്ട്. നിയമസഭയില്‍ അത് എങ്ങോട്ടും മറിയാം. യുഡിഎഫിന്റെ വിജയത്തിന് പിന്നില്‍ ആ മുന്നണിയുടെ മികവോ പ്രവര്‍ത്തനങ്ങളോ ഒരു തരത്തിലും കാരണമായിട്ടില്ല. അവര്‍ വോട്ടെടുപ്പ് ദിവസം പോലും അലമ്പുണ്ടാക്കുകയായിരുന്നു. അവരുടെ നയസമീപനങ്ങളോടുള്ള ജനപ്രിയതയോ അവര്‍ നടത്തിയ പ്രതിപക്ഷ പ്രവര്‍ത്തനത്തിന്റെ അംഗീകാരമോ അല്ല തദ്ദേശ വിജയം . 10 വര്‍ഷത്തെ ഇടതു ഭരണത്തോടുള്ള ഒരു ചെടിപ്പിന്റെ പേരില്‍ ഒരു മേല്‍ക്കൈ യുഡിഫിനുണ്ടാവും.

ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകള്‍ മുന്‌പൊരിക്കലുമില്ലാത്ത വിധം സംശയത്തിന്റെ നിഴലിലായി എന്നതാണ് അവര്‍ നേരിട്ട പരാജയത്തിന്റെ ഏറ്റവും പ്രധാന കാരണമെന്നും എംപി ബഷീര്‍ തദ്ദേശ തിരഞ്ഞെടുപ്പിലെ പരാജയത്തെ വിശകലനം ചെയ്യുന്നു.

മുസ്ലിം ജനസാമാന്യത്തിന്റെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്ലാമിയെ അവരുടെ അനുപാതം നോക്കാതെ രാക്ഷസവല്‍ക്കരിച്ചു. ജമാഅത്ത് എന്ന ശുഷ്‌കജീവി ഇത്രയേയുള്ളൂ എന്നറിയുന്ന മുസ്ലിം സമുദായം അത് തങ്ങള്‍ക്കെതിരായ നിലപാടായി തന്നെ സംശയിച്ചു. അപരമത വിദ്വേഷം തെരുവിലാകെ തുപ്പി നടന്ന വെള്ളാപ്പള്ളി മുതലാളിയെ മുഖ്യമന്ത്രിയുടെ കാറില്‍ കയറ്റി നവോത്ഥാനം നടപ്പാക്കിയപ്പോള്‍ അവര്‍ അത് ഉറപ്പിച്ചു.
എന്നാല്‍ ജാമാഅത്ത് ഭര്‍സനവും വെള്ളാപ്പളി മാഹാത്മ്യവും വടക്കു മുസ്ലിംകളെ അകറ്റിയപ്പോള്‍, തെക്കു ഹിന്ദു-ഈഴവ വോട്ട് പകരം കിട്ടുമെന്ന കണക്കുക്കൂട്ടലുകള്‍ തന്നെ തെറ്റി. എവിടെ നിന്നോ വന്ന, എന്നോ സംഭവിച്ച ഒരു തകിട് മോഷണത്തിന്റെ പേരില്‍ യുഡിഎഫും ബിജെപിയും അഴിച്ചുവിട്ട വന്‍ പ്രചാരണങ്ങളില്‍ എല്ലാം തകിടം മറിഞ്ഞു. ശരിക്കും അയ്യപ്പനുണ്ടെന്നു അവിശ്വാസികള്‍ക്കു പോലും തോന്നും വിധം അയ്യപ്പ കോപമുണ്ടായി. എകെജി സെന്ററിന്റെ അടുക്കളപ്പുറത്തെ അധികഭക്ഷണം തേടി എത്തുന്ന സിപിഎമ്മിന്റെ സോഷ്യല്‍ മീഡിയ ‘പെറുക്കിത്തീനികള്‍’ കരുതിവച്ച കതിനകളൊന്നും പിന്നെ പൊട്ടിയതുമില്ല.

ഡിസംബര്‍ പതിമൂന്ന് ആരുടേയും മേലുള്ള അന്തിമ വിധിയെഴുത്തല്ല എന്നും പുതിയ വോട്ടര്പട്ടികയുടെ അടിസ്ഥാനത്തില്‍ 2026-ലെ മെയ് മാസം നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് കോണ്‍ഗ്രസിന്റെയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെയും മേലുള്ള നിര്‍ണ്ണായകമായ വിധിയെഴുത്തായിരിക്കുമെന്നും പറഞ്ഞാണ് എംപി ബഷീര്‍ ഫെയ്‌സ്ബുക്കിലെ കുറിപ്പ് അവസാനിപ്പിക്കുന്നത്.

ഫെയ്‌സ്ബൂക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

പ്രാദേശിക സർക്കാരുകളിലേക്കു നടന്ന തെരെഞ്ഞെടുപ്പുകളുടെ ഫലം കേരളത്തിൽ ഒരു ഭരണമാറ്റം അന്തിമമായി തീരുമാനിക്കപ്പെട്ടു കഴിഞ്ഞതിന്റെ തെളിവാണെന്ന വിലയിരുത്തൽ അസ്ഥാനത്താണെന്ന് തോന്നുന്നു. കഴിഞ്ഞ ഇരുപതു വർഷങ്ങളിലെ കേരളത്തിന്റെ വോട്ടിംഗ് പ്രവണതകളും ഇത്തവണത്തെ കണക്കുകളും സൂക്ഷ്മമായി നോക്കുമ്പോൾ, ഈ ഫലം നിയമസഭയിൽ അതേപടി പ്രതിഫലിക്കുമെന്നു കരുതാനാവില്ല.

പ്രാദേശിക ജനവിധിയുടെ കാരണങ്ങൾ സംബന്ധിച്ചു ഇരു മുന്നണികളുടെയും ധാരണകളും അവയുടെ അടിസ്ഥാനത്തിൽ എൽഡിഎഫും യുഡിഎഫും കൈക്കൊള്ളുന്ന നടപടികളും, തിരുവനന്തപുരത്തെ വിജയത്തെ മുൻനിർത്തി കേന്ദ്ര സർക്കാരിന്റെ സഹായത്തോടെ ബിജെപി ചെയ്യാൻ പോകുന്ന പീയാർ പണികളും നിർണ്ണായകമാണ്. സർക്കാർ രൂപീകരിക്കാനുള്ള സാധ്യത ഇടതു വലതു മുന്നണികൾക്കും, അവരിൽ ആരുടെ സാധ്യതയിലും അങ്കലാപ്പുണ്ടാക്കാനുള്ള അവസരം ബിജെപിക്കും തുറന്നു കിടക്കുന്നുവെന്നാണ് എന്റെ തോന്നൽ.
പ്രാദേശിക വോട്ടുകളെ മണ്ഡലങ്ങളിലേക്കു മാറ്റിയിട്ടുള്ള രണ്ടു കണക്കുകളാണ് എനിക്ക് ലഭ്യമായത്. മനോരമയുടെയും മാധ്യമത്തിന്റെയും. മനോരമയുടെ ടാബുലേഷനിൽ 80 യുഡിഎഫ്, 58 എൽഡിഎഫ്, രണ്ട് എൻഡിഎ എന്നാണ് കാണുന്നത്. പരിഗണിച്ച വാർഡ് തലത്തിന്റെയോ, മറ്റുള്ളവർ എന്ന ഇനത്തിൽ വന്ന വോട്ടുകളെ കണക്കാക്കിയതിലെ വ്യത്യാസമോ ചെറിയ ഏറ്റക്കുറച്ചിലിനു കാരണമാകാം. പക്ഷെ ഒരു കാര്യം ഉറപ്പാണ്. മുൻപൊരിക്കലും സംഭവിക്കാത്ത വിധത്തിൽ ബിജെപി വോട്ടുകൾ നിർണായകമാകും.

60 മണ്ഡലങ്ങളിൽ ബിജെപിക്ക് 20000-ത്തിനടുത്തോ അധികമോ വോട്ടുണ്ട്. ബിജെപിക്ക് 30000-ത്തിന് മേൽ വോട്ടുള്ള 33 മണ്ഡലങ്ങളുണ്ട് കേരളത്തിൽ. എൽഡിഎഫ്-യുഡിഎഫ് വ്യത്യാസം 6000-ത്തിൽ താഴെയുള്ള 20-ലധികം മണ്ഡലങ്ങളിൽ ബിജെപിക്ക് 30000-ത്തിനു മേലെയാണ് വോട്ട്. ഉദാഹരണം, മനോരമയുടെ കണക്കനുസരിച്ച്, യുഡിഎഫിന് 685 വോട്ടിന്റെ ലീഡുള്ള ഉദുമയിൽ ബിജെപിക്ക് 22277 വോട്ടുണ്ട്. 2781 വോട്ടിന്റെ ലീഡ് കാണിക്കുന്ന ബത്തേരിയിൽ ബിജെപിക്ക് 28827 വോട്ടുകളുണ്ട്. ബിജെപിക്ക് അര ലക്ഷത്തിനു മേൽ വോട്ടുള്ള എലത്തൂരിൽ എൽഡിഎഫിന്റെ ലീഡ് 5938 മാത്രം. എൽഡിഎഫിന് 1826 വോട്ടിന്റെ ലീഡ് നൽകുന്ന ചെങ്ങന്നൂരിൽ ബിജെപിക്ക് 40000-ത്തിനു മേലെ വോട്ട്. ഈ വോട്ടുകളൊക്കെ നേരത്തെയും ഉണ്ടായിരുന്നു. എന്നാൽ, പുതിയ സാഹചര്യത്തിൽ ഇത്തരം മണ്ഡലങ്ങൾ അതി നിർണ്ണായകമാകും. സ്വന്തമായോ സഖ്യം ചേർന്നോ കേരളം ഭരിക്കാൻ ബിജെപിക്ക് കഴിയില്ല എന്നത് ഉറപ്പായിരിക്കെതന്നെ, മറ്റു രണ്ടു മുന്നണികളിൽ ആര് കേരളം ഭരിക്കണമെന്നു തീരുമാനിക്കാൻ ആർ എസ് എസിന്റെ ഒറ്റ തീരുമാനം മതി. അതാണ് നില.

എൽഡിഎഫിന് മേൽ അഞ്ചു ശതമാനം വോട്ട് ഷെയറിന്റെ മേൽക്കയ്യുണ്ട് എന്നതാണ് യൂഡീഎഫിന്റെ വലിയ പ്രതീക്ഷാ ഹേതു. ശരിയാണ്. അഞ്ചു ശതമാനം സ്വിങ് വലിയ കാറ്റുവീഴ്ചയാവും, കേരളത്തിൽ. പക്ഷെ, മറ്റുള്ളവർ എന്ന കാറ്റഗറിയിലെ പതിമൂന്നു ശതമാനം അപ്പോഴും പിടികൊടുക്കാതെ മാറിനിൽപ്പുണ്ട്. നിയമസഭയിൽ അത് എങ്ങോട്ടും മറിയാം. യുഡിഎഫിന്റെ വിജയത്തിന് പിന്നിൽ ആ മുന്നണിയുടെ മികവോ പ്രവർത്തനങ്ങളോ ഒരു തരത്തിലും കാരണമായിട്ടില്ല. അവർ വോട്ടെടുപ്പ് ദിവസം പോലും അലമ്പുണ്ടാക്കുകയായിരുന്നു. അവരുടെ നയസമീപനങ്ങളോടുള്ള ജനപ്രിയതയോ അവർ നടത്തിയ പ്രതിപക്ഷ പ്രവർത്തനത്തിന്റെ അംഗീകാരമോ അല്ല തദ്ദേശ വിജയം . 10 വർഷത്തെ ഇടതു ഭരണത്തോടുള്ള ഒരു ചെടിപ്പിന്റെ പേരിൽ ഒരു മേൽക്കൈ യുഡിഫിനുണ്ടാവും.

സ്വപ്നാടനത്തിലേക്ക് തിരിഞ്ഞ കോൺഗ്രെസ്സുകാർ അറിയേണ്ട ചില കാര്യങ്ങൾ ഉണ്ട്. 2001-ലെ എ കെ ആന്റണിയുടെ വിജയത്തിന് ശേഷം ഡിസൈസീവായ ഒരു വിജയം നിയമസഭയ്ക്ക് കേരളം യുഡിഎഫിന് നൽകിയിട്ടില്ല. 2001-ൽ കേൺഗ്രെസ്സിനെ നിയമസഭയിലേക്ക് തെരെഞ്ഞെടുത്ത അതെ ജനം 2004-ൽ വാജ്‌പേയി സർക്കാരിനെ താഴെ ഇറക്കാൻ മുട്ടിറങ്ങുകയും മലപ്പുറം ഉൾപ്പെടെ 18 ലോക്സഭാ സീറ്റുകൾ എൽഡിഎഫിന് നൽകുകയും ചെയ്തു. 2005ലെ തദ്ദേശത്തിലും, 2006-ലെ നിയമസഭയിലും അതെ നില തുടർന്ന്. പക്ഷെ, 2009-ലെ ലോകസഭയിലെത്തിയപ്പോൾ കളം മാറ്റി ചവുട്ടി. അതിനിടയിൽ 2008-ൽ നിയമസഭാ മണ്ഡല പുനർനിർണയവും നടന്നു.
2010-ലെ പ്രാദേശിക തെരഞ്ഞെടുപ്പിലെ ഫലം ഇന്നത്തേതിനേക്കാൾ യുഡിഎഫ് അനുകൂലമായിരുന്നു. തൊട്ടടുത്ത നിയമസഭയിൽ 100 സീറ്റിന്റെ ലീഡ് ആണ് കോൺഗ്രസ് പ്രതീക്ഷിച്ചത്. എന്നാൽ, പിറവത്തും മണലൂരിലും ആയിരം വോട്ടു മറിഞ്ഞിരുന്നെങ്കിൽ ഫലം മറ്റൊന്നായേനേ. ആയിരം വോട്ടിന്റെയും, രണ്ടു സീറ്റിന്റെയും ഒരു ശതമാനത്തിനു അടുത്ത് വോട്ടിന്റെയും വ്യത്യാസത്തിലാണ് രണ്ടാം വി എസ് സർക്കാർ വരാതെ പോയത്. സീറ്റ് 72-68. അതുകൊണ്ടു 2010-ഉം, 11-ഉം ഇത്തവണ ആവർത്തിക്കുന്നുവെന്നു പറയാനായിട്ടില്ല. ലോക്സഭയിലേക്കും നിയമസഭയിലേക്കും പ്രാദേശിക സമിതികളിലേക്കും സവിശേഷമായ രാഷ്ട്രീയ ഉദ്ദേശത്തോടെ വോട്ടു ചെയ്യുന്ന ഏറ്റവും പൊളിറ്റിക്കലി സോഫിസ്റ്റിക്കേറ്റഡ് ആയ ഒരു ഇലക്ടറേറ്റ് ആണ് നമ്മുടേത് എന്ന് ഉറപ്പിച്ചു പറയാൻ ഈ രണ്ടു പതിറ്റാണ്ടിന്റെ കണക്കുകൾ മതി.
2026-ലെ ഫലം കോൺഗ്രസിനും സിപിഎമ്മിനും ഒരുപോലെ പ്രധാനമാണ്. ചുരുങ്ങി ചുരുങ്ങി രാഷ്ട്രീയ ആസ്ഥാനം ഫലത്തിൽ കേരളത്തിലേക്ക് മാറ്റിയ കോൺഗ്രസിന് ഇവിടെയും ഒരു തോൽവിയുണ്ടായാൽ രാഷ്ട്രീയ പ്രസക്തി തന്നെ നഷ്ടമാകും, രാജ്യത്തെ പ്രതിപക്ഷത്തിന്റെ നേതൃത്വത്തിനുള്ള ലെജിറ്റിമസി നഷ്ടപ്പെടും. എന്നാൽ സിപിഎം തോറ്റാൽ, ഇടതുപക്ഷത്തിന്റെ ചരിത്രം തന്നെ വഴി തിരിയും. തോറ്റാൽ, അര നൂറ്റാണ്ടിനിടയിൽ ആദ്യമായി ഒരു സംസ്ഥാനത്തു പോലും ഇടതു ഭരണം നിലവിലില്ലാത്ത ഒരാവസ്ഥയാകും അടുത്ത മെയ് മാസത്തോടെ വന്നു ചേരുക. അതിനാൽ കേരളം ഇതുവരെ കണ്ടിട്ടില്ലാത്തത്ര വാശിയേറിയ മത്സരമാകും നടക്കാനിരിക്കുന്നത്.
എന്റെ നോട്ടത്തിൽ, ഇടതുപക്ഷത്തിന്റെ മതനിരപേക്ഷ നിലപാടുകൾ മുന്പൊരിക്കലുമില്ലാത്ത വിധം സംശയത്തിന്റെ നിഴലിലായി എന്നതാണ് അവർ നേരിട്ട പരാജയത്തിന്റെ ഏറ്റവും പ്രധാന കാരണം. മുസ്ലിം ജനസാമാന്യത്തിന്റെ ഒരു ശതമാനത്തിന്റെ പോലും പിന്തുണയില്ലാത്ത ജമാഅത്തെ ഇസ്‌ലാമിയെ അവരുടെ അനുപാതം നോക്കാതെ രാക്ഷസവൽക്കരിച്ചു. ജമാഅത്ത് എന്ന ശുഷ്കജീവി ഇത്രയേയുള്ളൂ എന്നറിയുന്ന മുസ്ലിം സമുദായം അത് തങ്ങൾക്കെതിരായ നിലപാടായി തന്നെ സംശയിച്ചു. അപരമത വിദ്വേഷം തെരുവിലാകെ തുപ്പി നടന്ന വെള്ളാപ്പള്ളി മുതലാളിയെ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റി നവോത്ഥാനം നടപ്പാക്കിയപ്പോൾ അവർ അത് ഉറപ്പിച്ചു.
എന്നാൽ ജാമാഅത്ത് ഭർസനവും വെള്ളാപ്പളി മാഹാത്മ്യവും വടക്കു മുസ്ലിംകളെ അകറ്റിയപ്പോൾ, തെക്കു ഹിന്ദു-ഈഴവ വോട്ട് പകരം കിട്ടുമെന്ന കണക്കുക്കൂട്ടലുകൾ തന്നെ തെറ്റി. എവിടെ നിന്നോ വന്ന, എന്നോ സംഭവിച്ച ഒരു തകിട് മോഷണത്തിന്റെ പേരിൽ യുഡിഎഫും ബിജെപിയും അഴിച്ചുവിട്ട വൻ പ്രചാരണങ്ങളിൽ എല്ലാം തകിടം മറിഞ്ഞു. ശരിക്കും അയ്യപ്പനുണ്ടെന്നു അവിശ്വാസികൾക്കു പോലും തോന്നും വിധം അയ്യപ്പ കോപമുണ്ടായി. എകെജി സെന്ററിന്റെ അടുക്കളപ്പുറത്തെ അധികഭക്ഷണം തേടി എത്തുന്ന സിപിഎമ്മിന്റെ സോഷ്യൽ മീഡിയ “പെറുക്കിത്തീനികൾ” കരുതിവച്ച കതിനകളൊന്നും പിന്നെ പൊട്ടിയതുമില്ല.
എന്നോട് കോപിക്കരുത്, എല്ലാം താൽക്കാലികമാണെന്നു പറയാനാണ് ഇത്രയും എഴുതിയത്. എനിക്ക് തോന്നുന്നത് ഡിസംബർ പതിമൂന്ന് ആരുടേയും മേലുള്ള അന്തിമ വിധിയെഴുത്തല്ല എന്നാണ് . എന്നാൽ, പുതിയ വോട്ടര്പട്ടികയുടെ അടിസ്ഥാനത്തിൽ 2026-ലെ മെയ് മാസം നടക്കുന്ന നിയമസഭാ തെരെഞ്ഞെടുപ്പ് കോൺഗ്രസിന്റെയും ഇന്ത്യയിലെ ഇടതുപക്ഷത്തിന്റെയും മേലുള്ള നിർണ്ണായകമായ വിധിയെഴുത്തായിരിക്കും.
ഇത് വായിച്ച് ഇഷ്ടപെടാത്തവർക്കു കേട്ട് മനസിലാക്കാനായി ഇതേ ലൈൻ പിടിച്ചു രാജീവ് ശങ്കരനൊപ്പം നടത്തിയ ഒരു ലിങ്കുകൂടി കമന്റിൽ ഇടുന്നു. 2026 ആരെയും വെറുതെ വിടാൻ ഉദ്ദേശിക്കുന്നില്ല.

Latest Stories

'ശരിദൂരം ശബരിമല വിഷയത്തില്‍ മാത്രം'; നിയമസഭാ തിരഞ്ഞെടുപ്പില്‍ സമദൂര നിലപാടില്‍ മാറ്റമില്ലെന്ന് ജി സുകുമാരന്‍ നായര്‍

'വെള്ളാപ്പള്ളിയല്ല എല്‍ഡിഎഫ്, എല്‍ഡിഎഫിനോ ഏതെങ്കിലും പാര്‍ട്ടിക്കോ മാര്‍ക്കിടാനോ തെറ്റും ശരിയും പറയാനോ ആരും ഏല്പിച്ചിട്ടില്ല'; ബിനോയ് വിശ്വം

'ഉണ്ണികൃഷ്ണൻ പോറ്റിയുടെ ഫോട്ടോ എടുത്താൽ പ്രതിയാകുമെങ്കിൽ ആദ്യം മുഖ്യമന്ത്രി പ്രതിയാകില്ലെ?, അടൂർ പ്രകാശിനെ ചോദ്യം ചെയ്യുന്നവർ പിണറായി വിജയനെയും ചോദ്യം ചെയ്യണം'; വി ഡി സതീശൻ

'മതസൗഹാർദമില്ലാതാക്കി വർഗീയ കലാപം നടത്താനുള്ള കുൽസിത ശ്രമം, ഈഴവ സമുദായത്തിന് തന്നതെല്ലാം ലീഗ് അടിച്ചുമാറ്റി'; വെള്ളാപ്പള്ളി നടേശന്‍

യേശുക്രിസ്തുവിന്റെ അന്ത്യഅത്താഴത്തെ അപമാനിക്കുന്നുവെന്ന് ആരോപണം; കൊച്ചി ബിനാലെയിലെ ചിത്രപ്രദർശനം രണ്ടു ദിവസത്തേക്ക് നിർത്തിവെച്ചു

'50 ലക്ഷം കൊടുത്ത് ആളെ പിടിക്കേണ്ട കാര്യമില്ല, ആരെയും ചാക്കിട്ട് പിടിച്ച് ഭരണം പിടിച്ചെടുക്കേണ്ട ത്വര സിപിഐഎമ്മിനില്ല'; കോഴ വിവാദത്തിൽ നിയമനടപടി സ്വീകരിക്കുമെന്ന് എം വി ഗോവിന്ദൻ

'50 ലക്ഷമോ പ്രസിഡന്‍റ് സ്ഥാനമോ തിരഞ്ഞെടുക്കാം, ഒന്നും അറിയണ്ട കസേരയിൽ കയറി ഇരുന്നാൽ മതിയെന്ന് സിപിഎം വാഗ്ദാനം'; ലീഗ് സ്വതന്ത്രന്റെ ശബ്ദരേഖ

'നീ അല്ല സഞ്ജു, അടുത്ത സിഎസ്കെ ഓപണർ ഞാനാടാ'; തന്റെ സിക്സർ ഷോട്ട് ഷെയർ ചെയ്ത സഞ്ജുവിന് ബേസിലിന്റെ മറുപടി

മദ്യലഹരിയിൽ സിദ്ധാര്‍ത്ഥ് പ്രഭു ഓടിച്ച വാഹനം ഇടിച്ച് ചികിത്സയിലായിരുന്ന ആൾ മരിച്ചു

പുതുവല്‍സരാഘോഷത്തിനിടെ സ്വിറ്റ്‌സര്‍ലാന്‍ഡ് ബാറിലെ സ്‌ഫോടനത്തില്‍ 40 മരണം; കൊല്ലപ്പെട്ടവരില്‍ വിദേശികളും, മരണസംഖ്യ ഉയര്‍ന്നേക്കും