മദ്യനികുതി ഇളവ്; യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം, ശതകോടികളുടെ അഴിമതി സര്‍ക്കാര്‍ സ്ഥിരീകരിച്ചുവെന്നും വിമർശനം

യുഡിഎഫ് സർക്കാർ അഴിമതിയുടെ കൂടാരമെന്ന് സിപിഎം. മദ്യനികുതി ഇളവിലെ അഴിമതിയുമായി ബന്ധപ്പെട്ട് നിയമസഭയിൽ അടിയന്തര പ്രമേയ നോട്ടീസ്‌ അവതരിപ്പിക്കുന്നതിൽ നിന്ന്‌ പ്രതിപക്ഷത്തെ വിലക്കിയതിലൂടെ യുഡിഎഫ് സർക്കാർ അഴിമതി സ്ഥിരീകരിച്ചിരിക്കുകയാണെന്ന് സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് പ്രസ്താവനയിൽ ആരോപിച്ചു. മുഖ്യമന്ത്രി വിഡി സതീശന്റെ നേതൃത്വത്തില്‍ നടന്ന ശതകോടികളുടെ അഴിമതിയാണ്‌ ഇതോടെ വെളിച്ചത്തുവന്നിരിക്കുന്നതെന്നും സിപിഎം കുറ്റപ്പെടുത്തി.

കുത്തക മദ്യക്കമ്പനികള്‍ക്ക്‌ വേണ്ടി സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളിയും അഴിമതിയും മറയ്‌ക്കാനാണ്‌ ജനാധിപത്യ വിരുദ്ധമായ നടപടിയിലൂടെ സഭയിൽ നോട്ടീസ്‌ പോലും അവതരിപ്പിക്കാന്‍ അനുവദിക്കാതിരുന്നതെന്നും സിപിഐ (എം) കുറ്റപ്പെടുത്തി. ഇന്ധന വില കുത്തനെ കൂട്ടിയപ്പോള്‍ ലഭിക്കുന്ന അധിക വരുമാനത്തില്‍ നിന്ന്‌ അര ശതമാനം നികുതി ഒഴിവാക്കി പൊതുജനങ്ങള്‍ക്ക്‌ ആശ്വാസം പകരാന്‍ പോലും തയ്യാറാവാത്ത യു.ഡി.എഫ്‌ സര്‍ക്കാരാണ് കുത്തക കമ്പനികൾക്കായി വലിയ ഇളവുകൾ നൽകുന്നത്. കുത്തക കമ്പനിക്ക്‌ മദ്യമൊഴുക്കാന്‍ 131 ശതമാനം നികുതിയിളവാണ്‌ സര്‍ക്കാര്‍ നല്‍കിയത്. കേരളത്തില്‍ മദ്യമൊഴുക്കാനും, യുവാക്കളേയും വിദ്യാര്‍ത്ഥികളേയും ഇതിന് അടിമകളാക്കാനും അതുവഴി മദ്യക്കമ്പനികൾക്ക് കൊള്ളലാഭം ഉണ്ടാക്കാനുമാണ് യുഡിഎഫ് ശ്രമിക്കുന്നതെന്ന് സിപിഎം വിമർശനം ഉന്നയിച്ചു.

അടിയന്തര പ്രമേയം അനുവദിച്ചാൽ ഈ വിഷയത്തിൽ യുഡിഎഫിലും മന്ത്രിസഭയിലും നിലനില്‍ക്കുന്ന അഭിപ്രായ വ്യത്യാസം പുറത്തുവരുമായിരുന്നു. ഇത് തടഞ്ഞ് സർക്കാരിനെ രക്ഷിക്കാനാണ് സ്പീക്കർ ശ്രമിച്ചത്. പ്രതിപക്ഷനേതാവ്‌ ഉന്നയിച്ച അഴിമതിയാരോപണം ‘സഭാ ടിവി’യിൽ നിന്ന്‌ പോലും നീക്കം ചെയ്‌തത്‌ നിയമസഭയുടെ ചരിത്രത്തിലെ തീരാക്കളങ്കമാണ്. കേന്ദ്ര സര്‍ക്കാര്‍ പാര്‍ലമെന്റില്‍ സ്വീകരിക്കുന്ന അതേ ജനാധിപത്യ വിരുദ്ധ നടപടികളാണ് കേരളത്തിലും യുഡിഎഫ് പകര്‍ത്തിയെടുക്കുന്നത്. നിയമസഭയില്‍ വിലക്കിയാലും വെട്ടിമാറ്റിയാലും കേരളത്തിന്റെ തെരുവുകളില്‍ ഈ ചോദ്യം നിരന്തരമായി ഉയരുമെന്നും സിപിഐ (എം) വ്യക്തമാക്കി. എല്‍ഡിഎഫ്‌ സര്‍ക്കാരിന്റെ കാലത്ത്‌ പ്രധാനപ്പെട്ട വിഷയങ്ങളിലെല്ലാം അടിയന്തര പ്രമേയങ്ങള്‍ സഭ നിര്‍ത്തിവെച്ച്‌ ചര്‍ച്ച ചെയ്‌ത പാരമ്പര്യമുണ്ട്.

എന്നാൽ ചർച്ചകളിൽ നിന്ന് ഒളിച്ചോടിയ യുഡിഎഫ് രാജ്യത്തിനാകമാനം മാതൃകയായ കേരളത്തിന്റെ ജനാധിപത്യ സംസ്‌കാരത്തെ തകർക്കുകയാണ് ചെയ്തത്. അധികാരമേറ്റെടുത്ത്‌ ഒന്നര മാസത്തിനുള്ളില്‍ തന്നെ യുഡിഎഫ്‌ സര്‍ക്കാര്‍ അഴിമതിയുടെ കൂടാരമായി മാറിയിരിക്കുകയാണ്. ബജറ്റ്‌ പോലും കുത്തകകള്‍ക്കുള്ള പരവതാനിയാക്കി മാറ്റുന്ന നടപടിയാണ്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ നടക്കുന്നത്‌. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന കോര്‍പ്പറേറ്റ്‌ – ഹിന്ദുത്വ അജണ്ടകള്‍ സംസ്ഥാനത്ത്‌ നടപ്പിലാക്കുന്നതിനുള്ള വഴി വെട്ടുകയാണ്‌ യുഡിഎഫ്‌ സര്‍ക്കാരെന്ന്‌ വ്യക്തമായിരിക്കുകയാണെന്നും നാടിന്റെ നേട്ടങ്ങളെ തകര്‍ക്കുന്ന ഇത്തരം നടപടികളെ ജനങ്ങള്‍ തിരിച്ചറിയണമെന്നും സിപിഐ (എം) സംസ്ഥാന സെക്രട്ടേറിയറ്റ് ആഹ്വാനം ചെയ്തു.

Latest Stories

ട്രക്കിങ്ങിനിടെ യുവാവ് താഴ്‌ചയിലേക്ക് വീണ് മരിച്ച സംഭവത്തിനു പിന്നിൽ പ്രതിശ്രുത വധു; ആസൂത്രിത കൊലപാതകം ആഡംബര വിവാഹം നടക്കാനിരിക്കെ

'തിരുവനന്തപുരം കോർപറേഷനിൽ ബിജെപി ഭരണം കുത്തഴിഞ്ഞ നിലയിയിൽ, കൗൺസിലർ സുഗതനെ സംരക്ഷിക്കാൻ കൗൺസിൽ യോഗം പോലും ചേരുന്നില്ല'; കെ എസ് ശബരീനാഥൻ

'ഉത്തരവാദിത്വമില്ലാതെ ബസ് വഴിയോരത്ത് നിർത്തിയിടാമോ? ഓടിക്കാനുള്ള ആഗ്രഹംകൊണ്ട് ബസ് മുന്നോട്ടെടുത്തു'; പാലക്കാട് കെഎസ്ആർടിസി ബസ് കടത്തിക്കൊണ്ടുപോയ യുവാവ് പിടിയിൽ

'കോടതി വിധി അംഗീകരിക്കുന്നു, പറഞ്ഞ സമയത്തിനുള്ളിൽ തന്നെ കൗൺസിലർമാർ സത്യപ്രതിജ്ഞ ചെയ്യും'; മേയർ വി വി രാജേഷ്

'പിഎം ശ്രീയിൽ ഒപ്പിട്ടത് മുൻ സർക്കാർ എന്ന് മന്ത്രി എന്‍ ഷംസുദീന്‍, ഒപ്പിട്ടാൽ പിന്മാറാൻ അവകാശം ഇല്ലെന്ന വാദം ശരിയല്ലെന്ന് പിണറായി വിജയൻ'; നിയമസഭയില്‍ വാക്പോര്

'എല്ലാ പ്രശ്നങ്ങൾക്കും പരിഹാരമാകും, കാത്തിരിക്കണം'; 'അമ്മ'യിലെ പ്രതിസന്ധിയിൽ പ്രതികരിച്ച് മമ്മൂട്ടി

'കഴുത്തും കത്തിയും കൂടി കേന്ദ്രസർക്കാരിന് കൊടുത്തവരാണ് ഇടതുപക്ഷം, പിഎം ശ്രീ പദ്ധതിയിൽ എല്ലാം ചെയ്തത് മുൻ സർക്കാർ'; വിമർശിച്ച് മന്ത്രി എൻ ഷംസുദ്ദീൻ

തിരുവനന്തപുരം കോർപ്പറേഷനിലെ ദൈവങ്ങളുടെ പേരിലെ സത്യപ്രതിജ്ഞ അസാധുവെന്ന് കോടതി; 20 കൗൺസിലർമാർ വീണ്ടും സത്യപ്രതിജ്ഞ ചെയ്യണമെന്ന് നിർദേശം

പകർച്ചവ്യാധി വ്യാപനം; പ്രതിരോധ പ്രവർത്തനങ്ങൾ വിപുലീകരിക്കാൻ ആരോഗ്യവകുപ്പ്

ബിശ്വനാഥ് സിൻഹ സംസ്ഥാനത്തിന്റെ പുതിയ ചീഫ് സെക്രട്ടറി