"കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് ലീഗിന് ക്ഷീണമുണ്ടാക്കി": കെ.എം ഷാജിയുടെ നേതൃത്വത്തിൽ വിമതയോഗം 

സംസ്ഥാന രാഷ്ട്രീയത്തിലേക്കുള്ള പി.കെ കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാര്‍ട്ടിക്ക് ക്ഷീണമുണ്ടാക്കിയെന്ന് മുസ്ലീം ലീഗ് വിമത യോഗത്തില്‍ വിലയിരുത്തല്‍. കെ.എം ഷാജിയുടെ നേതൃത്വത്തിലാണ് വിമതയോഗം നടന്നതെന്നാണ് റിപ്പോര്‍ട്ട്. വേങ്ങര എം.എൽ.എ പി. കെ കുഞ്ഞാലിക്കുട്ടിക്കെതിരെ രൂക്ഷ വിമര്‍ശനമാണ് വിമത യോഗത്തിൽ ഉയർന്നതെന്നും ന്യൂസ് 18 മലയാളം റിപ്പോര്‍ട്ട് ചെയ്തു.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് നിയമസഭാ തിരഞ്ഞെടുപ്പില്‍ വലിയ തിരിച്ചടിയായെന്നും തിരഞ്ഞെടുപ്പുകളില്‍ തുടര്‍ച്ചയായി ജനങ്ങളുടെ പിന്തുണ കുറഞ്ഞു വന്നിട്ടും പരാജയത്തെക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച ഉണ്ടായില്ലെന്നും യോഗത്തില്‍ വിമര്‍ശനം ഉയർന്നു. അന്തരിച്ച യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ പി.എം ഹനീഫ് അനുസ്മരണം എന്ന പേരില്‍ നടന്ന യോഗത്തില്‍ കെ എം ഷാജി, പി എം സ്വാദിഖലി, ടി.ടി ഇസ്മായില്‍, സമദ് പൂക്കാട്, അഷ്റഫ് കോക്കൂര്‍ തുടങ്ങി സംസ്ഥാന, ജില്ല, മണ്ഡലം ഭാരവാഹികളായ 150 ഓളം പേർ പങ്കെടുത്തു. അനുസ്മരണത്തിനായി വിളിച്ച യോഗത്തിൽ പക്ഷെ പാര്‍ട്ടി നേതൃത്വത്തിനെതിരെയുള്ള രൂക്ഷ വിമര്‍ശനമാണ് ഉയർന്നതെന്നാണ് റിപ്പോര്‍ട്ട്.

മുസ്ലീം ലീഗിന് രാഷ്ട്രീയം കൈമോശം വരികയും ജനാധിപത്യസ്വഭാവം നഷ്ടമാവുകയും ചെയ്തു. ഭരണഘടനാപരമല്ലാത്ത ഉന്നതാധികാര സമിതി പാര്‍ട്ടിയെ നിയന്ത്രിക്കുന്ന സ്ഥിതിയുണ്ടായി. തിരഞ്ഞെടുപ്പിലെ തോൽവിയുടെ കാരണം പാര്‍ട്ടി ഗൗരവമായി ചര്‍ച്ച ചെയ്യുന്നില്ലെന്ന് യോഗത്തില്‍ വിഷയാവതരണം നടത്തിയ റഫീഖ് തിരുവള്ളൂര്‍ വിമര്‍ശിച്ചു.

കഴിഞ്ഞ ഇരുപത്തിയഞ്ച് വര്‍ഷമായി മുസ്ലീം ലീഗിന് രാഷ്ട്രീയം കൈമോശം വന്നു തുടങ്ങിയിട്ട്. സന്നദ്ധ പ്രവര്‍ത്തനം കൊണ്ട് മാത്രം പാര്‍ട്ടി വളര്‍ത്താനാകില്ല. പാര്‍ട്ടിയില്‍ ഒരു തീരുമാനമെടുക്കുന്നതിന് കൂട്ടായ ചര്‍ച്ച വേണം. ആവശ്യമെങ്കിൽ തിരഞ്ഞെടുപ്പ് നടക്കണം. എന്നാല്‍, ഇത്തരമൊരു പ്രക്രിയ ഇപ്പോള്‍ ലീഗില്‍ നടക്കുന്നില്ല. പകരം ലീഗ് ഭരണഘടനയ്ക്ക് പുറത്തുള്ള ഉന്നതാധികാര സമിതി കൂടി സുപ്രധാനമായ തീരുമാനങ്ങള്‍ എടുക്കുന്നു. ഇത് പ്രവര്‍ത്തകര്‍ തിരിച്ചറിഞ്ഞു. എന്താണ് ലീഗിന് വോട്ട് ചെയ്തിട്ട് കാര്യമെന്ന് അവര്‍ ചോദിച്ചു. കേഡര്‍ വോട്ടുകള്‍ പോലും ചോര്‍ന്നത് അതു കാരണമാണ്. എന്നാല്‍ ഇതേക്കുറിച്ച് ഗൗരവത്തിലുള്ള ചര്‍ച്ച പാര്‍ട്ടി ഇതുവരെ നടത്തിയിട്ടില്ല എന്ന് റഫീഖ് തിരുവള്ളൂര്‍ യോഗത്തിൽ വിമര്‍ശിച്ചതായി ന്യൂസ് 18 റിപ്പോർട്ട് ചെയ്തു.

കുഞ്ഞാലിക്കുട്ടിയുടെ തിരിച്ചുവരവ് പാര്‍ട്ടി പ്രവര്‍ത്തകര്‍ക്ക് അംഗീകരിക്കാനായില്ല. നിയമസഭാംഗത്വം രാജിവെച്ച് ലോക്‌സഭയിലേക്ക്. പിന്നീട് അതും രാജിവെച്ച് നിയമസഭയിലേക്ക്. ഈ ചാഞ്ചാട്ടം കൊണ്ട് പാര്‍ട്ടിക്കും സമൂഹത്തിനും എന്താണ് ഗുണമെന്ന് പ്രവര്‍ത്തകര്‍ ചോദിച്ചു. ഇതും തോല്‍വിക്ക് കാരണമായി എന്ന് റഫീഖ് വിലയിരുത്തി.

തുടര്‍ന്ന് പ്രസംഗിച്ച കെ എം ഷാജിയും പി എം സ്വാദിഖലിയും റഫീഖ് തിരുവള്ളൂരിന്റെ വിമര്‍ശനം ശരിവെച്ചു. യോഗം പാര്‍ട്ടിയിലെ കുഞ്ഞാലിക്കുട്ടി വിരുദ്ധ വിമത നീക്കത്തിന്റെ ആദ്യഘട്ടമാണെന്നാണ് സൂചന.

Latest Stories

ഇന്ത്യയ്ക്ക് മേല്‍ ഇറക്കുമതി തീരുവ വര്‍ദ്ധിപ്പിച്ച് അമേരിക്ക; ഉത്തരവില്‍ ട്രംപ് ഒപ്പുവെച്ചതായി വൈറ്റ് ഹൗസ്

യുപിഐ ഇടപാടുകള്‍ സൗജന്യ സേവനം അവസാനിപ്പിച്ചേക്കും; നിലപാട് വ്യക്തമാക്കി ആര്‍ബിഐ ഗവര്‍ണര്‍

ആലപ്പുഴയിലെ കൊലപാതകം; സെബാസ്റ്റ്യന്റെ സുഹൃത്തിന്റെ വീട്ടിലും പരിശോധന

'വിവാഹവാഗ്ദാനം നൽകി പരസ്പര സമ്മതത്തോടെയുള്ള ശാരീരിക ബന്ധം ബലാത്സംഗമല്ല'; വീണ്ടും ആവർത്തിച്ച് സുപ്രീം കോടതി

അടൂരിനെയും യേശുദാസിനെയും ഫേസ്ബുക്ക് പേജിലൂടെ അധിക്ഷേപിച്ച് വിനായകൻ

കമൽഹാസന്റെ സനാതന ധർമ്മ പ്രസ്താവന; നടന്റെ സിനിമകൾ ഒടിടിയിൽ പോലും കാണരുതെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് ബിജെപി

ദിയ കൃഷ്ണയുടെ സ്ഥാപനത്തിലെ തട്ടിപ്പ്; രണ്ടാം പ്രതി ദിവ്യ ഫ്രാൻസിസും ക്രൈംബ്രാഞ്ച് ഓഫീസിൽ കീഴടങ്ങി

അശ്ലീല ചിത്രങ്ങളിൽ അഭിനയിച്ച് പണം സമ്പാദിച്ചുവെന്ന് പരാതി; ശ്വേത മേനോനെതിരെ കേസ്

മഴമുന്നറിയിപ്പിൽ മാറ്റം; റെഡ് അലേർട്ടുകൾ പിൻവലിച്ചു, 5 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

'രാഞ്ഝണാ'യുടെ മാറ്റം വരുത്തിയ ക്ലൈമാക്സ്; നിയമനടപടി സ്വീകരിക്കാൻ ആനന്ദ് എൽ റായിയും ധനുഷും