തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയില്‍. സെപ്റ്റംബറില്‍ പള്ളിപ്പുറത്ത് മൊബൈല്‍ കടയില്‍ കയറി അന്യ സംസ്ഥാന തൊഴിലാളിയെ കുത്തി പരിക്കേല്‍പ്പിച്ച ഷാനവാസ് ആണ് പിടിയിലായത്. സംഭവത്തിന് ശേഷം ഇയാള്‍ ഒളിവിലായിരുന്നു. മംഗലാപുരം പൊലീസാണ് ഇയാളെ പിടികൂടിയത്.
കഴിഞ്ഞ ദിവസം പള്ളിപ്പുറത്തെ വീടുകളില്‍ കയറി ഭീഷണിപ്പെടുത്തി സ്വര്‍ണവും പണവും ആവശ്യപ്പെട്ടതായും ഷാനവാസിന് എതിരെ കേസുണ്ട്. പൊലീസാണ് എന്ന് പറഞ്ഞ് ഷാനവാസിന്റെ നേതൃത്വത്തിലുള്ള നാലംഗ സംഘം പള്ളിപ്പുറത്തെ മനാഫിന്‍റെ വീട്ടിലാണ് ആദ്യം കയറിയത്. ഇതിന് മുമ്പ് മനാഫിന്റെ മൊബൈല്‍ കടയില്‍ ഗുണ്ടാ പിരിവ് ചോദിച്ച് ഈ സംഘം ചെന്നിരുന്നു. അന്ന് പണം നല്‍കിയിരുന്നില്ല. തുടര്‍ന്നാണ് കടയില്‍ ഉണ്ടായിരുന്ന അന്യ സംസ്ഥാന തൊഴിലാളിയെ കുത്തിയത്. സംഭവത്തില്‍ ഷാനവാസിനെ പൊലീസ് തിരയുന്നതിന് ഇടയിലാണ് പരാതിക്കാരന്റെയും അയല്‍വാസികളുടെയും വീട്ടില്‍ കയറി ഇയാള്‍ ഭീഷണിപ്പെടുത്തിയത്.
കേസുമായി മുന്നോട്ട് പോകരുത് എന്നും 50,000 രൂപ വേണം എന്നും ഗുണ്ടാ സംഘം ആവശ്യപ്പെട്ടു. പരാതിക്കാരന്‍രെ വീടിന് സമീപം മറ്റ് മൂന്നു വീടുകളിലും ഷാനവാസും സംഘവും കയറിയിരുന്നു എങ്കിലും രണ്ട് വീട്ടുകാര്‍ മാത്രമാണ് പരാതി നല്‍കിയത്. മംഗലാപുരത്ത് സ്വര്‍ണ വ്യാപാരിയെ ആക്രമിച്ച് 100 പവന്‍ തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയും ഷാനവാസ് ആണ്. ഈ കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയതിന് ശേഷമാണ് വീണ്ടും ഇയാളുടെ ഗുണ്ടാ പ്രവര്‍ത്തനം.