ധർമസ്ഥലയിലെ മുൻ ശുചീകരണ തൊഴിലാളിയുടെ വെളിപ്പെടുത്തൽ അന്വേഷിക്കാൻ കർണാടക സർക്കാർ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിൽ നിന്ന് പിന്മാറി സൗമ്യലത ഐപിഎസ്. പിന്മാറ്റം ആഭ്യന്തര മന്ത്രി ജി പരമേശ്വര ഔദ്യോഗികമായി സ്ഥിരീകരിച്ചു. ക്രൂരമായി ആക്രമിക്കപ്പെട്ട സ്ത്രീകളുടെ മൃതദേഹങ്ങൾ തനിക്ക് മറവ് ചെയ്യേണ്ടിവന്നു, കുഴിച്ചുമൂടിയതിൽ സ്കൂൾ യൂണിഫോമിൽ ഉള്ള പെൺകുട്ടികൾ ഉണ്ടായിരുന്നുവെന്നായിരുന്നു ശുചീകരണ തൊഴിലാളിയുടെ നടക്കുന്ന വെളിപ്പെടുത്തൽ.
ശുചീകരണതൊഴിലാളിയുടെ വെളിപ്പെടുത്തലുണ്ടായി രണ്ടാഴ്ചയ്ക്ക് ശേഷമായിരുന്നു സർക്കാർ കേസ് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചത്. 20 അംഗ സംഘത്തെയാണ് കേസ് അന്വേഷിക്കാനായി നിയമിച്ചിരുന്നത്. 4 ടീമുകൾ ആയി ഇവർ അന്വേഷണം തുടരാനിരിക്കെയാണ് നിർണായക പിന്മാറ്റം. ഐജി എം എൻ അനുചേത്, എസ് പി ജിതേന്ദ്രകുമാർ ദായം എന്നിവരാണ് സംഘത്തിലെ മറ്റ് അംഗങ്ങൾ.
ഡിജിപി പ്രണബ് മൊഹന്തിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഉദ്യോഗസ്ഥരിൽ ഒരാളാണ് സൗമ്യലത ഐപിഎസ്. അതുകൊണ്ട് തന്നെ ഈ പിന്മാറ്റം കേസ് അന്വേഷണത്തെ ബാധിക്കാതിരിക്കാൻ പകരം മറ്റൊരാളെ എത്രയും വേഗം ഉൾപ്പെടുത്തുമെന്നാണ് ആഭ്യന്തര മന്ത്രി ജി പരമേശ്വര വ്യക്തമാക്കിയത്.
അതിനിടെ ധർമസ്ഥല കേസിൽ നടുക്കുന്ന വെളിപ്പെടുത്തൽ നടത്തിയ ശുചീകരണ തൊഴിലാളി പൊലീസിൽ നൽകിയ മൊഴിയുടെ പകർപ്പ് പുറത്ത് വന്നു. കൊലപാതകത്തിന് ഉത്തരവിട്ടവരെ ഭയന്ന് തനിക്ക് അയൽ സംസ്ഥാനത്ത് 11 വർഷമായി ഒളിവിൽ കഴിയേണ്ടി വന്നു. ഏതു നിമിഷവും കൊല്ലപ്പെടും എന്ന ഭീതി വേട്ടയാടുന്നു. സത്യം തെളിയിക്കാൻ പോളിഗ്രാഫ് പരിശോധനയ്ക്ക് തയ്യാറാണെന്നും ശുചീകരണത്തൊഴിലാളി പോലീസിൽ നൽകിയ മൊഴിയിൽ ഉണ്ട്.
സ്ത്രീകൾക്കും പെൺകുട്ടികൾക്കും ഒപ്പം നിരവധി പുരുഷന്മാരും കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് ഇയാളുടെ വെളിപ്പടുത്തൽ. നിരവധി കൊലപാതകങ്ങൾ താൻ നേരിൽ കണ്ടെന്നും അവ മറവ് ചെയ്തില്ലെങ്കിൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയെന്നും മൊഴിയിലുണ്ട്. ശുചീകരണ തൊഴിലാളി എന്നത് പേരിന് മാത്രമായിരുന്നു. ഭയാനകമായ കുറ്റ കൃത്യങ്ങളുടെ തെളിവുകൾ മറച്ചു വയ്ക്കുന്ന ജോലി ആയിരുന്നു തനിക്കെന്നും ഇയാൾ പറഞ്ഞു.