'ആദ്യമായി പ്രധാനമന്ത്രിക്ക് നന്ദി പറയാന്‍ തോന്നുകയാണ്'; കുറിപ്പുമായി എം.ബി രാജേഷ്

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് മന്ത്രി എം ബി രാജേഷിന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ്. കേരളത്തിന്റെ രണ്ട് അഭിമാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് നരേന്ദ്ര മോദി പറഞ്ഞത് ചൂണ്ടിക്കാട്ടിയാണ് എം ബി രാജേഷിന്റെ കുറിപ്പ്. നന്ദി പറയാന്‍ തോന്നിയതിന്റെ കാര്യ കാരണവും മന്ത്രി കുറിപ്പിലൂടെ വിവരിച്ചു.

കുറിപ്പ് ഇങ്ങനെ..

പ്രധാനമന്ത്രിക്ക് നന്ദി. ആദ്യമായി പ്രധാനമന്ത്രിക്ക് നന്ദി പറയാന്‍ തോന്നുകയാണ്. ഇന്നലെ കേരളത്തിന്റെ രണ്ട് അഭിമാന പദ്ധതികള്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് ശ്രീ. നരേന്ദ്ര മോദി പറഞ്ഞു, കേരളം ഇന്ത്യക്ക് മാതൃകയാണെന്ന്. ഇന്ത്യയിലെ ആദ്യത്തെ വാട്ടര്‍ മെട്രോക്കും ഇന്ത്യയിലെ ആദ്യത്തെ ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിനും തുടക്കം കുറിച്ചുകൊണ്ടാണ് കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് മോദി പറഞ്ഞത്. വാട്ടര്‍ മെട്രോക്കുള്ള 1136 .83 കോടി രൂപയും ഡിജിറ്റല്‍ പാര്‍ക്കിനുള്ള 1500 കോടി രൂപയും പൂര്‍ണമായും മുടക്കുന്നത് സംസ്ഥാന സര്‍ക്കാരാണ്. മറ്റ് പലപ്പോഴുമെന്നതു പോലെ ഇന്ത്യക്ക് വഴികാട്ടുന്ന രണ്ട് നൂതന പദ്ധതികളാണിവ.

ഒരു മാസം മുമ്പ് കുടുംബശ്രീയുടെ ചടങ്ങിനെത്തിയ ബഹുമാന്യയായ രാഷ്ട്രപതി ശ്രീമതി. ദ്രൗപദി മുര്‍മുവും കേരളത്തിന്റെ നേട്ടങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്, നാം രാജ്യത്തിനാകെ മാതൃകയാണെന്ന് പറഞ്ഞിരുന്നു. എന്നാല്‍ നരേന്ദ്ര മോദി കേരളം ഇന്ത്യക്ക് മാതൃകയാണെന്ന് പറയുമ്പോള്‍ അതിന് മറ്റൊരു പ്രത്യേകതയുണ്ട്. ഇതേ നരേന്ദ്ര മോദിയാണ് 2016 മെയ് മാസത്തില്‍ കേരളത്തില്‍ വന്ന് കേരളം സോമാലിയയേക്കാള്‍ മോശമാണെന്ന് പറയാനുള്ള ധൈര്യം കാണിച്ചത്. അദ്ദേഹത്തിനിപ്പോള്‍ ആ വാക്കുകള്‍ വിഴുങ്ങേണ്ടി വന്നിരിക്കുന്നു. ആ ആക്ഷേപം തിരുത്തിയിരിക്കുന്നു. കേരളം ഇന്ത്യക്കാകെ മാതൃകയാണെന്ന് ഒടുവില്‍ മോദിയും സമ്മതിക്കുകയാണ്.

ഇന്നത്തെ ദേശീയ പത്രങ്ങളില്‍ വന്ന രണ്ട് വാര്‍ത്തകള്‍ കേരളം എങ്ങനെ ഇന്ത്യയുടെ മുന്നില്‍ തലയുയര്‍ത്തിനില്‍ക്കുന്നുവെന്ന് ഒരിക്കല്‍ കൂടി തെളിയിക്കുന്നതാണ്. അതിലൊന്ന് മോദിയുടെ സ്വന്തം നാടായ ഗുജറാത്തിലെ സ്മാര്‍ട്ട് ക്ളാസ്സ്റൂം പദ്ധതിയെക്കുറിച്ചുള്ള റിപ്പോര്‍ട്ടാണ്. 145.5 കോടി രൂപ ക്ലാസ്സ്മുറികള്‍ സ്മാര്‍ടാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ അനുവദിച്ചിട്ടും കഴിഞ്ഞ മൂന്ന് വര്‍ഷത്തിനിടയില്‍ ഗുജറാത്തില്‍ സ്മാര്‍ടാക്കിയത് വെറും 430 ക്ലാസ്സ് മുറികളാണെന്ന് രാജ്യസഭയില്‍ കേന്ദ്രമന്ത്രി നല്‍കിയ മറുപടി ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു. അതേസമയം കേരളത്തില്‍ കേന്ദ്രത്തിന്റെ ചില്ലിക്കാശ് സഹായമില്ലാതെ 45000 ക്ളാസ്സ്മുറികളാണ് എല്‍ ഡി എഫ് സര്‍ക്കാര്‍ സ്മാര്‍ട്ട് ക്ളാസ് റൂമുകളാക്കി മാറ്റിയത് എന്നോര്‍ക്കുക. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം ഇന്ത്യക്കാകെ മാതൃകയായതും ഡല്‍ഹി സര്‍ക്കാര്‍ അത് അവിടെ നടപ്പാക്കിയതും നമുക്ക് ഓര്‍ക്കാവുന്നതാണ്.

രണ്ടാമത്തെ വാര്‍ത്ത നീതി ആയോഗിന്റെ ഇന്നലെ പുറത്തിറക്കിയ ആരോഗ്യ റിപ്പോര്‍ട്ടിനെ സംബന്ധിച്ചാണ്. രാജ്യത്താകെ ആരോഗ്യമേഖലയിലെ സര്‍ക്കാര്‍ ചെലവ് ജി ഡി പി അനുപാതത്തില്‍ നോക്കിയാല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്ന ശേഷം കുറഞ്ഞിരിക്കുന്നുവെന്ന് നീതി ആയോഗ് റിപ്പോര്‍ട്ട് തന്നെ വ്യക്തമാക്കുന്നു. ഇന്ത്യയിലെ വലിയ സംസ്ഥാനങ്ങളില്‍ ആരോഗ്യ മേഖലയിലെ ഏറ്റവും ഉയര്‍ന്ന സര്‍ക്കാര്‍ ചെലവ് (ജി ഡി പി അനുപാതത്തില്‍) കേരളത്തിലാണുള്ളത്. ബി ജെ പി ഭരിക്കുന്ന കര്‍ണാടകയില്‍ അത് വെറും 0.9 ശതമാനം മാത്രമാണ്. കേരളത്തില്‍ 1.1 ശതമാനം. ഇന്നലെ ദി ഹിന്ദു ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളിലെ പ്രകടനത്തെക്കുറിച്ചുള്ള ഒരു സമഗ്രമായ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദേശീയ കുടുംബാരോഗ്യ സര്‍വേയിലെ കണക്കുകളുടെ അടിസ്ഥാനത്തിലുള്ളതാണ് റിപ്പോര്‍ട്ട്. അതില്‍ കേരളം ഏറെക്കുറെ എല്ലാ സൂചികകളിലും ഒന്നാമത് നില്‍ക്കുമ്പോള്‍ ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ, നമ്മുടെ അയല്‍ സംസ്ഥാനമായ കര്‍ണാടക ഏറെക്കുറെ എല്ലാത്തിലും ഏറ്റവും പിന്നണിയിലുള്ള സംസ്ഥാനങ്ങളുടെ കൂട്ടത്തിലാണെന്നോര്‍ക്കുക.

ഇതില്‍നിന്നെല്ലാം ഒരു കാര്യം വ്യക്തമാണ്. പ്രധാനമന്ത്രി തന്നെ ഒടുവില്‍ സമ്മതിച്ചതുപോലെ കേരളം ഇന്ത്യക്കാകെ മാതൃകയായതിനും ഏതാണ്ട് കാല്‍ നൂറ്റാണ്ടായി ബി ജെ പി തുടര്‍ച്ചയായി ഭരിക്കുന്ന ഗുജറാത്തും ദക്ഷിണേന്ത്യയില്‍ ആദ്യം താമര വിരിഞ്ഞ കര്‍ണാടകയും മാതൃകയാക്കാന്‍ പറ്റാത്തവിധം പിന്നണിയില്‍ നില്‍ക്കുന്നത്തിനും ഒരു കാരണമുണ്ട്. ആ കാരണം കേരളത്തിന്റെ പുരോഗതിയുടെ അടിസ്ഥാനം ഉറച്ച മതനിരപേക്ഷ ബോധവും ജനങ്ങള്‍ തമ്മിലുള്ള ഐക്യവും ഇടതുപക്ഷത്തിന്റെ ബദല്‍ നയങ്ങളുമാണ്. ഗുജറാത്ത്, കര്‍ണാടക, ഉത്തര്‍പ്രദേശ് തുടങ്ങിയ മാതൃകകള്‍ പരാജയപ്പെട്ടും മുഖംമൂടി പിച്ചിച്ചീന്തപ്പെട്ടും ജനങ്ങളുടെ മുന്നില്‍ നില്‍ക്കുന്നതിന് കാരണം ബി ജെ പിയുടെ വര്‍ഗീയ രാഷ്ട്രീയമാണ്. അതുകൊണ്ട് കേരളം മാതൃകയാണെന്ന് മോദി പറയുമ്പോള്‍ കേരളത്തിന്റെ ബദല്‍ നയങ്ങളും ബദല്‍ രാഷ്ട്രീയവും മാതൃകയാണ് എന്നുകൂടി അദ്ദേഹം സമ്മതിക്കുകയാണ്. ആ രാഷ്ട്രീയത്തെയും നയങ്ങളെയും ആസ്പദമാക്കിയുള്ള ഒരു ബദല്‍ ഇന്ത്യയിലാകെ ഉയര്‍ന്നുവരുമ്പോഴാണ് ഈ നേട്ടങ്ങള്‍ രാജ്യത്തിനുകൂടി സ്വന്തമാക്കാനാവുക.

പ്രധാനമന്ത്രിയുടെ സന്ദര്‍ശനം കൊണ്ട് കേരളത്തിന്റെ മികവും ബി ജെ പി മുന്നോട്ടുവെക്കുന്ന മാതൃകയുടെ പരാജയവും തുറന്നുകാണിക്കാനായി എന്നതില്‍ ഒരിക്കല്‍ കൂടി അദ്ദേഹത്തിന് നന്ദി.

Latest Stories

ലഡാക്ക് പ്രക്ഷോഭ നായകനും സാമൂഹിക പ്രവർത്തകനുമായ സോനം വാങ്ചുക്കിന് മോചനം; ആറുമാസത്തെ തടവിന് ശേഷം എന്‍.എസ്.ഐ പിൻവലിക്കാൻ കേന്ദ്ര തീരുമാനം

രാജിക്കത്ത് നൽകിയിട്ടും പുറത്താക്കിയത് എന്തിനെന്നറിയില്ല, ഓടിളക്കി വന്നവനല്ല, ജനാധിപത്യ വ്യവസ്ഥയിൽ തിരഞ്ഞെടുക്കപ്പെട്ടയാളാണ് ഞാൻ : കെ.ബി. ഗണേഷ് കുമാർ

ശബരിമല യുവതി പ്രവേശം: സിപിഎമ്മിന് നിലപാടുണ്ട്; സര്‍ക്കാര്‍ അത് നടപ്പിലാക്കണമെന്ന് ശാഠ്യമില്ല; നിലപാട് മാറ്റത്തെ ന്യായീകരിച്ച് എം. എ. ബേബി

മലപ്പുറത്ത് എല്‍പിജി പമ്പില്‍ 2,000 രൂപ വരെ ഈടാക്കി അനധികൃത ഗ്യാസ് വില്‍പ്പന; പൊലീസ് ഇടപെട്ട് വില്‍പ്പന അവസാനിപ്പിച്ചു

ശബരിമല യുവതീ പ്രവേശനം: വിശ്വാസികളുടെ താൽപര്യങ്ങൾ സംരക്ഷിച്ചുകൊണ്ട് മുന്നോട്ട് പോകും; ഗോവിന്ദൻ പറഞ്ഞത് പാർട്ടി നിലപാട്‌: വി. എന്‍. വാസവന്‍

സീറ്റ് വാഗ്ദാനം ചെയ്ത് അമിത് ഷായുടെ ദൂതൻ എത്തി, എംപി സ്ഥാനം തന്നാൽ സ്വീകരിക്കാൻ തയ്യാറാണ് : ഐ. എം. വിജയൻ

കണ്ണൂരില്‍ മത്സരിക്കും, പാര്‍ട്ടിക്ക് എന്താണ് ദോഷം: കെ .സുധാകരന്‍

ബുംറ ഇംഗ്ലണ്ടിന് വേണ്ടി കളിച്ചിരുന്നെങ്കിൽ ഞങ്ങൾ ലോകകപ്പ് നേടിയേനെ, അവൻ മെസിയും റൊണാൾഡോയും ചേർന്ന ഐറ്റം: മൈക്കിൾ വോൺ

'ധോണിയെ ഞാൻ വല്ലാതെ മിസ് ചെയുന്നു' എന്ന് ചാഹർ, 'എന്നാൽ നിന്നെ ഞാൻ വല്ലാതെ മിസ് ചെയ്യുന്നില്ല' എന്ന് ധോണി; ടീം മാറിയെങ്കിലും തമാശയ്ക്ക് മാറ്റമില്ലാതെ താരങ്ങൾ

അക്‌സർ നല്ല ദേഷ്യത്തിലായിരുന്നു, അവനോട് ഞാൻ ചെയ്തത് തെറ്റായി പോയി: സൂര്യകുമാർ യാദവ്