കേരളത്തിൽ എവിടെയും എയിംസിന് സ്ഥലം അനുവദിക്കാമെന്ന ആരോഗ്യ മന്ത്രി കെ. മുരളീധരന്റെ പ്രസ്താവനയെ സ്വാഗതം ചെയ്ത് സുരേഷ് ഗോപി. കഴിഞ്ഞ പത്തുവർഷം ഇടതു സർക്കാരിൽ നിന്ന് കേൾക്കാത്ത അഭിപ്രായമാണ് കെ. മുരളീധരൻ പങ്കുവെച്ചതെന്നും അതിൽ സന്തോഷം ഉണ്ട് അതിനെ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അനുയോജ്യമായ അഞ്ചു സ്ഥലങ്ങൾ കണ്ടെത്തി കേന്ദ്രത്തെ അറിയിക്കുക എന്നതാണ് അടുത്ത നടപടി. അക്കാര്യം സംസ്ഥാന ആരോഗ്യമന്ത്രി ചെയ്യുമെന്ന് വിശ്വസിക്കുന്നു. ആലപ്പുഴയും ഇടുക്കിയും ആണ് സംസ്ഥാനത്ത് എയിംസ് വരേണ്ട സ്ഥലങ്ങൾ. കേരളത്തിന് ഏക ബിജെപി എംപിയെ സമ്മാനിച്ച തൃശ്ശൂരിനും എയിംസിന് അവകാശമുണ്ട് എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംസ്ഥാനം കേന്ദ്രത്തിന് രേഖാമൂലം പ്രൊപ്പോസൽ സമർപ്പിക്കുന്ന മുറയ്ക്ക് തീരുമാനം ഉണ്ടാകും. രേഖാമൂലം കാര്യങ്ങൾ നീക്കിയാൽ അടുത്ത ബജറ്റിൽ കേരളത്തിന് എയിംസ് ലഭിക്കും ഇല്ലെങ്കിൽ അടുത്ത കൊല്ലം കിട്ടും. കഴിഞ്ഞ മുഖ്യമന്ത്രി കോഴിക്കോട് മാത്രമേ സ്ഥലം ഉള്ളൂ എന്ന് പറഞ്ഞതുകൊണ്ടാണ് നിഷേധിക്കപ്പെട്ടത്. ഫ്ലൈറ്റ് യാത്രയിൽ ഒരു സ്ഥലം മാത്രമേ നൽകാനുള്ളൂ എന്ന് മുൻ മുഖ്യമന്ത്രി പറഞ്ഞു. എന്നാൽ അഞ്ച് സ്ഥലങ്ങൾ ശുപാർശ ചെയ്യുന്ന മുഖ്യമന്ത്രി വരുന്നതുവരെ കാത്തിരിക്കാം എന്നായിരുന്നു താൻ നൽകിയ മറുപടിയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.