അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസ്; ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാനുള്ള തെളിവുണ്ടെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്; കോണ്‍ഗ്രസ് നേതൃത്വം പ്രതിസന്ധിയില്‍

ആത്മഹത്യ ചെയ്ത മുന്‍ വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബം കഴിഞ്ഞ ദിവസം ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ നടത്തിയ പരസ്യ പ്രസ്താവനയ്ക്ക് പിന്നാലെ നിയമന കോഴക്കേസില്‍ കേസെടുക്കാമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ട്. ബത്തേരി അര്‍ബന്‍ സഹകരണ ബാങ്കിലെ നിയമന കോഴക്കേസിലാണ് ഐസി ബാലകൃഷ്ണനെതിരെ കേസെടുക്കാന്‍ സാധിക്കുമെന്ന് വിജിലന്‍സ് റിപ്പോര്‍ട്ടുള്ളത്.

വിജിലന്‍സ് ഡയറക്ടര്‍ യോഗേഷ് ഗുപ്തയ്ക്ക് അന്വേഷണ ഉദ്യോഗസ്ഥന്‍ ഷാജി വര്‍ഗീസ് ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് സമര്‍പ്പിച്ചു. മൂന്ന് മാസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രത്യേക സംഘം റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. നിയമന കോഴയുമായി ബന്ധപ്പെട്ട് എംഎല്‍എയ്‌ക്കെതിരെ തെളിവുകള്‍ ലഭിച്ചതോടെയാണ് കേസെടുക്കാന്‍ സാധിക്കുമെന്ന് അറിയിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

അന്വേഷണത്തിന്റെ ഭാഗമായി കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെയും പണം നല്‍കിയ ഉദ്യോഗാര്‍ഥികളുടെയും ഉള്‍പ്പെടെ മൊഴി വിജിലന്‍സ് രേഖപ്പെടുത്തിയിരുന്നു. കേസെടുക്കാന്‍ അറിയിച്ച് വിജിലന്‍സ് ഡയറക്ടര്‍ ഉത്തരവ് നല്‍കിയാല്‍ കോണ്‍ഗ്രസിന് വലിയ തിരിച്ചടിയുണ്ടാകും. കഴിഞ്ഞ ദിവസവും എന്‍എം വിജയന്റെ കുടുംബം എംഎല്‍എയ്‌ക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയിരുന്നു.

കോണ്‍ഗ്രസിനെതിരെ എന്‍എം വിജയന്റെ കുടുംബം പരസ്യ പ്രതികരണവുമായി രംഗത്തെത്തിയതോടെ കോണ്‍ഗ്രസും അനുനയ നീക്കങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പത്ത് ദിവസത്തിനുള്ളില്‍ തങ്ങളുടെ പ്രശ്നത്തില്‍ കോണ്‍ഗ്രസ് ഇടപെട്ടില്ലെങ്കില്‍ പല നേതാക്കളുടേയും യഥാര്‍ത്ഥ മുഖം വെളിപ്പെടുത്തുമെന്നാണ് കുടുംബം അറിയിച്ചത്.

ഐസി ബാലകൃഷ്ണന്‍ എംഎല്‍എയ്ക്കെതിരെയാണ് എന്‍എം വിജയന്റെ കുടുംബം രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്. തങ്ങള്‍ എന്തെങ്കിലും കടുംകൈ ചെയ്താല്‍പോലും അതിന് ഉത്തരവാദി ഐസി ബാലകൃഷ്ണന്‍ എംഎല്‍എ ആയിരിക്കുമെന്നും കുടുംബം വ്യക്തമാക്കിയിട്ടുണ്ട്. പത്തുലക്ഷം രൂപ നല്‍കുകയല്ലാതെ മറ്റ് സഹായങ്ങളൊന്നും പാര്‍ട്ടി നല്‍കിയിട്ടില്ല, എന്നും എന്തിനും ഒപ്പമുണ്ടാകും എന്ന് പറഞ്ഞ നേതാക്കളാരും പിന്നീട് എത്തിനോക്കുക പോലും ചെയ്തിട്ടില്ലെന്നും കുടുംബം പറയുന്നു.

രണ്ടര കോടി രൂപയുടെ കടമുണ്ടെന്നും അതില്‍ 10 ലക്ഷം രൂപ മാത്രമാണ് കെപിസിസി നേതൃത്വം ഇതുവരെ നല്‍കിയിട്ടുള്ളതെന്നും എന്‍എം വിജയന്റെ കുടുംബം ആരോപിച്ചു. ഇത്രയും വലിയ കടബാധ്യത തങ്ങളെ കൊണ്ട് വീട്ടാന്‍ സാധിക്കില്ലെന്ന് പ്രിയങ്കാ ഗാന്ധി ഉള്‍പ്പെടെയുള്ള നേതാക്കളെ അറിയിച്ചിരുന്നതായും കുടുംബം വ്യക്തമാക്കി.

ഇതേ തുടര്‍ന്ന് ടി സിദ്ദിഖ് എംഎല്‍എ കുടുംബവുമായി ചര്‍ച്ച നടത്തിയിരുന്നു. ഇതിന് പിന്നാലെ എപി അനില്‍കുമാര്‍ എംഎല്‍എയും കുടുംബവുമായി ചര്‍ച്ച നടത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. എന്‍എം വിജയന്റെ കുടുംബവുമായി സമവായത്തിലെത്തിയില്ലെങ്കില്‍ കോണ്‍ഗ്രസിലുണ്ടാകുന്ന പ്രതിസന്ധി ചെറുതായിരിക്കില്ല.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി