മാനന്തവാടി കുഴല്‍പണക്കേസിലെ മുഖ്യപ്രതി സല്‍മാന് പൊലീസുദ്യോഗസ്ഥനുമായി ബന്ധം?; പ്രതി സഹായം തേടി എസ്‌ഐ വിളിച്ചെന്ന് കസ്റ്റംസ് സ്ഥിരീകരണം

മാനന്തവാടി കുഴല്‍പണക്കേസില്‍ ഒരു പോലീസ് ഉദ്യോഗസ്ഥന് പങ്കുണ്ടോ എന്ന് സംശയിച്ച് കസ്റ്റംസ്. കുഴല്‍പണം പണം പിടിച്ചെടുത്തതിന് പിന്നാലെ നടന്ന അന്വേഷണത്തില്‍ പൊലീസ് ഉദ്യോഗസ്ഥനും പ്രതിയും തമ്മില്‍ നടന്ന ഫോണ്‍സംഭാഷണമാണ് സംശയത്തിന് ഇടയാക്കിയത്. ഇത് സംബന്ധിച്ച വിവരങ്ങള്‍ ക്‌സ്റ്റംസിന് ലഭ്യമായെന്നാണ് വിവരം. കേസിലെ മുഖ്യപ്രതിയായ സല്‍മാന്‍ സഹായം ചോദിച്ച് പൊലീസ് സബ് ഇന്‍സ്പെക്ടറെ ഫോണില്‍ വിളിച്ചതായി കസ്റ്റംസ് സ്ഥിരീകരിച്ചിട്ടുണ്ട്. കുഴല്‍പണ ഇടപാടില്‍ പൊലീസുദ്യോഗസ്ഥന്‍ നേരിട്ട് ഇടപെട്ടോ അതോ വിവരങ്ങള്‍ കൈമാറിയോ എന്നീ കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടക്കുകയാണ്.

ബെംഗളൂരുവില്‍നിന്ന് വടകരയിലേക്ക് കടത്തുകയായിരുന്ന മൂന്നുകോടിയിലധികം രൂപയുടെ കുഴല്‍പ്പണമാണ് മാനന്തവാടി പോലീസും കസ്റ്റംസും ചേര്‍ന്ന് പിടികൂടിയത്. വടകര കണ്ടിയില്‍വീട്ടില്‍ സല്‍മാന്‍ (36), വടകര അമ്പലപറമ്പത്ത് വീട്ടില്‍ ആസിഫ് (24), വടകര പുറത്തൂട്ടയില്‍ വീട്ടില്‍ റസാക്ക് (38), വടകര ചെട്ടിയാംവീട്ടില്‍ മുഹമ്മദ് ഫാസില്‍ (30), താമരശ്ശേരി പുറാക്കല്‍ വീട്ടില്‍ മുഹമ്മദ് (അപ്പു) എന്നിങ്ങനെ അഞ്ചുപേരെയാണ് സംയുക്ത നീക്കത്തിലൂടെ പൊലീസും കസ്റ്റംസും പിടികൂടിയത്. വയനാട് ജില്ലാ പോലീസ് മേധാവി തപോഷ് ബസുമതാരിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് കാറിന്റെ രഹസ്യ അറയില്‍നിന്നും കോടിക്കണക്കിന് രൂപ കണ്ടെത്തിയത്.

പ്രതികള്‍ സഞ്ചരിച്ച കാര്‍ സംശയാസ്പദമായി കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് ഡ്രൈവര്‍ സീറ്റിനും പാസഞ്ചര്‍ സീറ്റിനും അടിയിലായി നിര്‍മിച്ച പ്രത്യേക അറയില്‍നിന്ന് അഞ്ഞൂറിന്റെയും ഇരുനൂറിന്റെയും നൂറിന്റെയും നോട്ടുകെട്ടുകള്‍ അടുക്കിവെച്ചനിലയില്‍ കണ്ടെത്തിയത്. ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവരെ കാറില്‍ പണവുമായി വ്യാഴാഴ്ച പുലര്‍ച്ചെയും ഇവരില്‍നിന്ന് കിട്ടിയ വിവരത്തിന്റെ അടിസ്ഥാനത്തില്‍ മുഖ്യസൂത്രധാരനായ സല്‍മാന്‍, സുഹൃത്ത് മുഹമ്മദ് എന്നിവരും പിന്നീട് പൊലീസിന്റേയും കസ്റ്റംസിന്റേയും പിടിയിലായി.

സല്‍മാന്റെ നിര്‍ദേശത്തെത്തുടര്‍ന്നാണ് ബെംഗളൂരുവിലെ കെആര്‍ നഗറില്‍നിന്ന് രണ്ടുപേര്‍ സ്‌കൂട്ടറില്‍ പ്ലാസ്റ്റിക് ചാക്കുകളില്‍ പണമെത്തിച്ചത്. തുടര്‍ന്ന് ഇത് കാറിലേക്ക് മാറ്റി ആസിഫ്, റസാക്ക്, മുഹമ്മദ് ഫാസില്‍ എന്നിവര്‍ വടകരയിലേക്ക് പുറപ്പെട്ടു. പണവുമായി എത്തിയവര്‍ മാനന്തവാടിയില്‍ പിടിയിലായ വിവരമറിഞ്ഞ് മുഹമ്മദുമായി സല്‍മാനും മാനന്തവാടിയിലെത്തിയെന്നും സല്‍മാന്റെ ലൊക്കേഷന്‍ പരിശോധിച്ച പൊലീസ് മാനന്തവാടി കോടതിയുടെ പരിസരത്തുനിന്ന് ഇയാളെയും മുഹമ്മദിനെയും പിടികൂടുകയും ചെയ്യുകയായിരുന്നു. പണവും പ്രതികളെയും കസ്റ്റംസിന് കൈമാറി. ഹവാലാ ഇടപാടുകാരായ ഗള്‍ഫ് രാജ്യങ്ങളില്‍നിന്നുള്ള ചിലരുടെ നിര്‍ദേശപ്രകാരം ബെംഗളൂരുവിലെത്തി ഇന്ത്യന്‍ കറന്‍സികള്‍ കൈപ്പറ്റി വടകരയില്‍ എത്തിച്ചുനല്‍കാറുണ്ടെന്നും കമ്മിഷന്‍ സ്വീകരിക്കാറുണ്ടെന്നും ചോദ്യംചെയ്യലില്‍ സല്‍മാനും മുഹമ്മദും സമ്മതിച്ചിട്ടുണ്ടെന്നാണ് വിവരം.

Latest Stories

ഇടുക്കിയിൽ തൊഴിലാളിക്ക് മൂർഖൻ പാമ്പിന്റെ കടിയേറ്റു

നിയുക്ത മുഖ്യമന്ത്രി വി. ഡി. സതീശന്‍ എന്ന് വിശേഷിപ്പിച്ച് ഫ്‌ലക്‌സ് ബോര്‍ഡ്; കോണ്‍ഗ്രസില്‍ ഫ്‌ലക്‌സ് ബോര്‍ഡ് യുദ്ധം മുറുകുന്നു

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ